തിരുവനന്തപുരം: ഇടതുമുന്നണിയുമായി ഇടഞ്ഞ നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസുമായി അടുക്കാനുള്ള നീക്കത്തില്‍. കുറച്ച് ദിവസങ്ങളായി ഡല്‍ഹിയില്‍ തുടരുന്ന പി.വി അന്‍വര്‍, തൃണമൂല്‍ എംപിമാരുമായി ചര്‍ച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ട്. അന്‍വറിന്റെ ഡമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരളയെ (ഡിഎംകെ) തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഭാഗമാക്കാനാണ് ശ്രമമെന്നാണ് വിവരം. അടുത്ത ആഴ്ചയോടെ ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടായേക്കും.
ഇടതുമുന്നണി വിട്ടശേഷം തമിഴ്നാട്ടിലെ ഡിഎംകെയുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. മുഖ്യമന്ത്രി പിണറായി വിജയനുമായി ഏറെ അടുപ്പമുള്ള തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍, അന്‍വറിനെ ഡിഎംകെയുടെ ഭാഗമാക്കാന്‍ വിസമ്മതിച്ചു എന്നായിരുന്നു റിപ്പോര്‍ട്ട്. ഈ സാഹചര്യത്തിലാണ് സിപിഎമ്മുമായി അടുപ്പമില്ലാത്ത തൃണമൂലുമായി അടുക്കാനുള്ള ശ്രമം അന്‍വര്‍ നടത്തുന്നത്.
ഉപതിരഞ്ഞെടുപ്പില്‍ ചേലക്കരയില്‍ അന്‍വറിന്റെ ഡിഎംകെ സ്ഥാനാര്‍ഥി എന്‍.കെ സുധീര്‍ മൂവായിരത്തിലധികം വോട്ടുകള്‍ നേടിയിരുന്നു. വിവിധ ജില്ലകളില്‍ സംഘടന ശക്തിപ്പെടുത്താനുള്ള യോഗങ്ങള്‍ ചേര്‍ന്ന ശേഷമാണ് തൃണമൂലുമായി അന്‍വര്‍ ചര്‍ച്ചകള്‍ സജീവമാക്കിയത്. അതേസമയം സ്വതന്ത്രനായി വിജയിച്ച അന്‍വര്‍ ഏതെങ്കിലും പാര്‍ട്ടിയില്‍ അംഗമായാല്‍ അയോഗ്യത നേരിടേണ്ടിവരുമെന്ന വെല്ലുവിളിയും മുന്നിലുണ്ട്. ഇതു സംബന്ധിച്ച് നിയമോപദേശം തേടിയ ശേഷമായിരിക്കും തുടര്‍നടപടികള്‍.
എല്‍ഡിഎഫ് സ്വതന്ത്രനായാണ് അന്‍വര്‍ നിലമ്പൂരില്‍ നിന്ന് ജയിച്ചത്. സ്വതന്ത്ര സ്ഥാനാര്‍ഥിയായി ജയിച്ച ഒരാള്‍ തുടര്‍ന്നുള്ള അഞ്ച് വര്‍ഷവും സ്വതന്ത്രനായിരിക്കണമെന്നാണ് ചട്ടം. മറ്റൊരു പാര്‍ട്ടിയില്‍ ചേരാനോ പുതിയ പാര്‍ട്ടി രൂപീകരിച്ച് അതില്‍ അംഗത്വമെടുക്കാനോ മുതിര്‍ന്നാല്‍ അയോഗ്യതയുണ്ടാകും.
ഭരണഘടനയുടെ പത്താം ഷെഡ്യൂള്‍ പ്രകാരം ഒരാള്‍ ഒരു പാര്‍ട്ടിയുടെയും ഭാഗമല്ലാതെ തിരഞ്ഞെടുക്കപ്പെടുകയും തിരഞ്ഞെടുപ്പിന് ശേഷം ഏതെങ്കിലും പാര്‍ട്ടിയില്‍ ചേരുകയും ചെയ്താല്‍ സഭാംഗമായി തുടരാനുള്ള യോഗ്യത നഷ്ടമാകും. ഇതുസംബന്ധിച്ച് സ്പീക്കര്‍ക്കു പരാതി ലഭിച്ചാല്‍ അന്‍വറിനോട് വിശദീകരണം തേടും. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ അയോഗ്യനാക്കാം. അതേസമയം പാര്‍ട്ടി അംഗത്വം സ്വീകരിക്കാതെ അതിന്റെ ഭാഗമായി മാത്രം പ്രവര്‍ത്തിച്ചാല്‍ അയോഗ്യത ഒഴിവാക്കാന്‍ കഴിയും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.