'മാർ ജോർജ് കൂവക്കാടിന്റെ കർദിനാൾ പദവി ഭാരതസഭയ്‌ക്കും കേരളസഭയ്‌ക്കുമുള്ള അം​ഗീകാരം; 51-ാം വയസിൽ കർദിനാൾ പ​ദവി അപൂർ‌വം': ജോർജ് കുര്യൻ

'മാർ ജോർജ് കൂവക്കാടിന്റെ കർദിനാൾ പദവി ഭാരതസഭയ്‌ക്കും കേരളസഭയ്‌ക്കുമുള്ള അം​ഗീകാരം; 51-ാം വയസിൽ കർദിനാൾ പ​ദവി അപൂർ‌വം': ജോർജ് കുര്യൻ

വത്തിക്കാൻ സിറ്റി: വൈദിക പദവിയിൽ നിന്ന് നേരിട്ട് കർദിനാളായി ഉയർത്തപ്പെടുന്ന ആദ്യ ഇന്ത്യക്കാരനെന്ന ഖ്യാതി സ്വന്തമാക്കിയിരിക്കുകയാണ് മലയാളിയായ മാർ ജോർജ് കൂവക്കാട്. സ്ഥാനാരോഹണ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ നേതൃത്വത്തിൽ ഏഴം​ഗ സംഘം റോമിലെത്തിയിട്ടുണ്ട്. ഭാരതസഭയ്‌ക്കും കേരളസഭയ്‌ക്കുമുള്ള അം​ഗീകാരമാണ് മാർ ജോർജ് കൂവക്കാടിന്റെ കർദിനാൾ പദവിയെന്ന് ജോർജ് കുര്യൻ പറഞ്ഞു.

ലോകത്താമാനമുള്ള ക്രിസ്ത്യാനിമാരിൽ അർപ്പിത മനസുള്ളത് മലയാളി ക്രിസ്തീയ സമൂഹത്തിനാണ്. ലോകം മുഴുവനുള്ള സഭയിൽ മലയാളികൾ സേവനം ചെയ്യുന്നു. ചങ്ങനാശേരി അതിരൂപതയ്‌ക്ക് കീഴിലാണ് അദേഹം ജനിച്ചത്. ഒരു കാലഘട്ടത്തിൽ 80 ശതമാനത്തിലേറെ വൈദികരെയും കന്യാസ്ത്രീകളെയും ബിഷപ്പുമാരെയും സംഭാവന ചെയ്തിട്ടുള്ള രൂപതയാണ് ചങ്ങനാശേരി അതിരൂപത. അതുകൊണ്ട് തന്നെ ഇതൊരു അം​ഗീകാരമാണ്. 51-ാം വയസിൽ കർദിനാൾ പ​ദവിയിലേക്ക് ഉയർത്തുന്നത് വളരെ അപൂർവമാണെന്നും ജോർജ് കുര്യൻ പറഞ്ഞു.

മാർപാപ്പ മുഖ്യ കാർമികത്വം വഹിക്കുന്ന ചടങ്ങ് ഇന്ത്യൻ സമയം രാത്രി ഒൻപതിന് വത്തിക്കാനിൽ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടക്കും. ഇന്ത്യൻ സമയം രാത്രി 10 മുതൽ 12 വരെ നവ കർദിനാൾമാർ ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിച്ച് ആശീർവാദം വാങ്ങും. കൂവക്കാടിനൊപ്പം 20 പേരെയും കർദിനാൾ പദവിയിലേക്ക് ഉയർത്തും. എട്ടാം തീയതി ഞായറാഴ്ച ഇന്ത്യൻ സമയം ഉച്ചയ്‌ക്ക് രണ്ടിന് പുതിയ കർദിനാൾമാർ ഫ്രാൻസിസ് മാർപാപ്പയോടൊപ്പം സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ കുർബാന അർപ്പിക്കും.

2020 മുതൽ ഫ്രാൻസിസ് മാർപാപ്പയുടെ യാത്രകൾ സംഘടിപ്പിക്കുന്നതിന്റെ ഉത്തരവാദിത്തമാണ് മാർ ജോർജ് കൂവക്കാട് നിർവഹിക്കുന്നത്. മാതാപിതാക്കളായ ജേക്കബ് വർഗീസും ത്രേസ്യാമ്മയും സഹോദരൻ ആന്റണിയും ചടങ്ങിൽ പങ്കെടുക്കും. ചങ്ങനാശ്ശേരിയിൽ നിന്ന് ആർച്ച് ബിഷപ്പ് മാർ തോമസ് തറയിലിന്റെ നേതൃത്വത്തിൽ മാർ ജോസഫ് പെരുന്തോട്ടം ഉൾപ്പെടെയുള്ള 12 അംഗസംഘവും ചടങ്ങിൽ പങ്കെടുക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.