മൈക്കലാഞ്ചലോയുടെ കൈയ്യൊപ്പു പതിഞ്ഞ ഏക ശില്പം പിയെത്തായ്ക്ക് വത്തിക്കാനിൽ ഇനി ഒൻപതു മടങ്ങ് സംരക്ഷണം

മൈക്കലാഞ്ചലോയുടെ കൈയ്യൊപ്പു പതിഞ്ഞ ഏക ശില്പം പിയെത്തായ്ക്ക് വത്തിക്കാനിൽ ഇനി ഒൻപതു മടങ്ങ് സംരക്ഷണം

വത്തിക്കാൻ സിറ്റി: മൈക്കലാഞ്ചലോയുടെ ലോകപ്രശസ്തമായ മാർബിൾ ശിൽപം 'പിയെത്താ' ഇനി കൂടുതൽ ശോഭയോടെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ. ശില്പത്തിന് സംരക്ഷണമൊരുക്കുന്ന ഗ്ലാസ് കവചവും അതിൻ്റെ ദൃശ്യഭംഗി ഉറപ്പുവരുത്തുന്ന പ്രകാശ സംവിധാനങ്ങളും പുനരുദ്ധരിക്കപ്പെട്ടു. മികച്ച നിലവാരമുള്ള ഒൻപത് ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് പാളികൾ കൊണ്ടാണ് പുതിയ സുരക്ഷാ കവചം നിർമ്മിച്ചിരിക്കുന്നത്. അത്യപൂർവമായ ഈ തൂവെള്ള മാർബിൾ ശില്പം, നവീകരിച്ച സംവിധാനത്തിൽ ഇനി പ്രകാശധോരണിയിൽ തിളങ്ങിത്തെളിയും.

സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ പരിപാലന ചുമതലയുള്ള ഓഫീസ്, 'ഫാബ്രിക്ക ദി സാൻ പിയെത്രൊ'യാണ്
പിയെത്താ സ്ഥിതിചെയ്യുന്ന കപ്പേളയിൽ നടന്നുവന്ന പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. വിശ്വവിഖ്യാതമായ ഈ ശിൽപത്തിന്റെ ഭംഗി ഏറ്റവും മെച്ചപ്പെട്ട വിധത്തിൽ ആസ്വദിക്കാൻ തീർത്ഥാടകർക്കും സന്ദർശകർക്കും സൗകര്യമൊരുക്കുക എന്നതാണ് ഈ പുനസ്ഥാപന പ്രക്രിയ വഴി ലക്ഷ്യമിട്ടത്. ഇറ്റാലിയൻ വിദഗ്ധരുടെ ഒരു സംഘമാണ് വിപുലമായ പഠനങ്ങൾക്കു ശേഷം പുതിയ സംരക്ഷണ കവചം രൂപകല്പന ചെയ്തത്. ആറുമാസത്തിൽ താഴെ മാത്രമെടുത്താണ് നവീകരണ പ്രവർത്തനങ്ങൾ ഇപ്പോൾ പൂർത്തിയായിരിക്കുന്നത്.

അത്യന്തം ലോലമായ ഇന്നത്തെ ആഗോള രാഷ്ട്രീയ പശ്ചാത്തലത്തിൽ അതുല്യമായ ഈ കലാസൃഷ്ടിക്ക് സംരക്ഷണം ഒരുക്കുന്നതോടൊപ്പം അതിൻ്റെ ദൃശ്യഭംഗി പൂർണ്ണമായി വെളിപ്പെടുത്തുകയെന്നതും പുനരുദ്ധാരണ പ്രക്രിയയിലൂടെ സാധ്യമായെന്ന് സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ ആർച്ച് പ്രീസ്റ്റ് കർദിനാൾ മൗറോ ഗംബേത്തി പറഞ്ഞു.

കുരിശിൽനിന്ന് താഴെയിറക്കപ്പെട്ടവനും പുനരുത്ഥാനശക്തിയാൽ ജീവൻ പ്രാപിക്കേണ്ടിയിരുന്നവനുമായ ദൈവപുത്രനെ മാനവരാശിക്കായി സമർപ്പണം ചെയ്യുന്ന പരിശുദ്ധ അമ്മയെക്കുറിച്ച് ആഴമായി ധ്യാനിക്കാൻ വിശ്വാസികൾക്ക് വീണ്ടും അവസരമൊരുങ്ങിയതായി കർദിനാൾ കൂട്ടിച്ചേർത്തു. ഹൃദയങ്ങളുടെ അനുരഞ്ജനത്തിലൂടെ സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും പുതിയ പാതകൾ വെട്ടിത്തുറക്കാൻ പരിശുദ്ധ കന്യകാമറിയത്തിന്റെ ഈ സമർപ്പണം കാരണമാകട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.

1972 മെയ് 21-ന്, മാനസികവിഭ്രാന്തിയുള്ള ഒരു മനുഷ്യന്‍ ചുറ്റികകൊണ്ട് ആഞ്ഞടിച്ച് കേടുപാടുകള്‍ വരുത്തിയതിനെത്തുടർന്ന്, 1973-ലാണ് ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് കൊണ്ടുള്ള സുരക്ഷാസംവിധാനം ആദ്യമായി ഒരുക്കിയതും ജനങ്ങളുടെ കൈയ്യെത്താനാവാത്ത വിധം ശില്പം സ്ഥാപിച്ചതും. അമ്പത് വർഷങ്ങൾക്ക് ശേഷം ഇപ്പോൾ മാറ്റിസ്ഥാപിച്ചിരിക്കുന്ന ഗ്ലാസ് പാളികൾ കൂടുതൽ സുതാര്യമായതും ബലമുള്ളതുമാണ്. അതിനാൽ, ആകർഷണീയമായ ദൃശ്യഭംഗിയും മെച്ചപ്പെട്ട സുരക്ഷയുമാണ് ഇപ്പോൾ പിയെത്തായ്ക്ക് കൈവന്നിരിക്കുന്നത്.

പിയെത്താ കപ്പേള

വിശുദ്ധ കുരിശിന്റെ പുകഴ്ചയും സംരക്ഷണ ശക്തിയും കേന്ദ്രീകരിച്ചുള്ള പ്രമേയമാണ് പിയെത്ത കപ്പേളയുടെ അലങ്കാരപ്പണികളിൽ മുഴുവൻ പ്രതിഫലിക്കുന്നത്. ക്രിസ്തുവിന്റെ പീഡാനുഭവ രംഗങ്ങളുടെ ചിത്രീകരണങ്ങളാൽ മേൽത്തട്ട് മനോഹരമായി ആവൃമായിരിക്കുന്നു. മാലാഖ വൃന്ദങ്ങൾക്ക് നടുവിൽ ഉയർന്നുനിൽക്കുന്ന കുരിശിൻ്റെ ചിത്രമാണ് അതിന്റെ മധ്യഭാഗത്തെ അലങ്കരിക്കുന്നത്.

മൈക്കലാഞ്ചലോയുടെ പിയെത്താ

മൈക്കലാഞ്ചലോ ബൊനറോത്തി എന്ന വിഖ്യാത ശില്പി തൻ്റെ ഇരുപത്തിമൂന്നാമത്തെ വയസ്സിൽ (1498-99) മെനഞ്ഞെടുത്ത ലോക പ്രസിദ്ധമായ വെണ്ണക്കൽ ശില്പമാണ് പിയെത്താ എന്ന പേരിൽ അറിയപ്പെടുന്നത്. ലോക പാപങ്ങൾക്ക് പരിഹാരമായി കുരിശിൽ മരിച്ച യേശുവിനെ മടിയിൽ കിടത്തിയിരിക്കുന്ന പരിശുദ്ധ വ്യാകുലമാതാവാണ് ഇതിൻ്റെ ആവിഷ്കാര വിഷയമായിരിക്കുന്നത്.

തലകുമ്പിട്ട് തന്റെ മകൻ്റ മുഖത്തേക്ക് നോക്കിയിരിക്കുന്ന അമ്മയുടെ ഹൃദയവേദന ശിൽപത്തിൽ അതിസൂക്ഷ്മമായ വിധത്തിൽ അവതരിപ്പിച്ചിരിക്കുന്നു.  മൈക്കലാഞ്ചലോയുടെ കയ്യൊപ്പ് പതിഞ്ഞിട്ടുള്ള ഒരേയൊരു ശില്പമാണ് പിയെത്താ. 'ഫ്ലോറൻസിലെ മൈക്കലാഞ്ചലോ ബൊനറോത്തി ഇത് നിർമ്മിച്ചു' എന്ന് ശില്പത്തിൽ ആലേഖനം ചെയ്തിട്ടുണ്ട്.

1964-ല്‍ ന്യൂയോർക്ക് വേൾഡ് ഫെയറിൽ പ്രദർശിപ്പിക്കാനായി പിയെത്താ സമുദ്രം കടന്ന് ഏതാനും മാസത്തേക്ക് അമേരിക്കയിലെത്തി. പിന്നീട്, 1972-ൽ നടന്ന ആക്രമണഫലമായി പരിശുദ്ധ കന്യകയുടെ മുഖത്തിനും ഇടതുകൈക്കും കേടുപാടുകൾ സംഭവിച്ചെങ്കിലും വിദഗ്ധമായി അത് പരിഹരിക്കപ്പെട്ടു. അതിനുശേഷം ശില്പത്തിന് സംരക്ഷണം തീർത്ത ഗ്ലാസ് പാളികളാണ് ഇപ്പോൾ മാറ്റി സ്ഥാപിക്കപ്പെട്ടിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.