ബിജു ആന്റണി, ജിബി ജോയി, ആല്‍വിന്‍ മാത്യൂസ്
പെര്‍ത്ത്: അടുത്ത വര്‍ഷം മാര്‍ച്ച് എട്ടിന് നടക്കുന്ന വെസ്റ്റേണ്‍ ഓസ്‌ട്രേലിയ സംസ്ഥാന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മലയാളികളായ ജിബി ജോയിയും ആല്‍വിന്‍ മാത്യൂസിനുമൊപ്പം ബിജു ആന്റണിയും മത്സര രംഗത്ത്. പെര്‍ത്ത് മിഡ്ലാന്‍ഡില്‍ താമസിക്കുന്ന ബിജു ലിബറല്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി ബെല്‍മണ്ടില്‍ നിന്നാണ് മത്സരിക്കുന്നത്. ബെല്‍മണ്ട്, അസ്‌കോട്ട്, റിവര്‍വെയ്ല്‍, ക്യൂഡെയ്ല്‍, ക്ലോവര്‍ഡെയ്ല്‍ വെല്‍ഷ്പൂള്‍, സൗത്ത് ഗില്‍ഡ്‌ഫോര്‍ഡ്, ഹാസല്‍മെയര്‍ എന്നീ സബര്‍ബുകള്‍ ഉള്‍പ്പെടുന്നതാണ് ബെല്‍മണ്ട് ഇലക്ടറേറ്റ്. അതേസമയം, ജിബി ജോയിയും ആല്‍വിന്‍ മാത്യൂസും ഓസ്‌ട്രേലിയന്‍ ക്രിസ്ത്യന്‍ പാര്‍ട്ടിയുടെ ബാനറിലാണ് മത്സരിക്കുന്നത്.
പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലെ നിയമ മേഖലയില്‍ ഏറെ പ്രാഗത്ഭ്യം തെളിയിച്ച മലയാളിയാണ് ബിജു ആന്റണി. അഭിഭാഷകന്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്റ്, ടാക്‌സ് ഏജന്റ്, ചാര്‍ട്ടേഡ് ടാക്‌സ് അഡൈ്വസര്‍, ഓഡിറ്റര്‍ എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുള്ള ബിജു ആന്റണി രണ്ട് സ്ഥാപനങ്ങളുടെ ഉടമയാണ്.
സെന്റ് ജോര്‍ജ്‌സ് ലീഗല്‍ - ബാരിസ്റ്റേഴ്‌സ് ആന്‍ഡ് സോളിസിറ്റര്‍സ്, ട്രിനിറ്റി അസോസിയേറ്റ്‌സ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ആന്‍ഡ് ചാര്‍ട്ടേഡ് ടാക്‌സ് അഡൈ്വസേഴ്‌സ് എന്നീ സ്ഥാപനങ്ങളാണ് ബിജുവിന്റെ ഉടമസ്ഥതിയിലുള്ളത്.
എറണാകുളം ഗവ. ലോ കോളജില്‍ നിന്ന് നിയമ ബിരുദം നേടിയ ബിജു, എഡിത്ത് കോവന്‍ യൂണിവേഴ്സിറ്റി, യുഎസിലെ മിഷിഗണ്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റി, ഓസ്ട്രേലിയയിലെ കോളജ് ഓഫ് ലോ എന്നിവിടങ്ങളില്‍ നിന്നും ഉന്നത ബിരുദങ്ങള്‍ നേടിയിട്ടുണ്ട്.
പെര്‍ത്ത് സെന്റ് ജോസഫ് സിറോ മലബാര്‍ ചര്‍ച്ച്, സെന്റ് പീറ്റേഴ്സ് സിറിയന്‍ യാക്കോബായ ചര്‍ച്ച്, മലയാളി അസോസിയേഷന്‍ ഓഫ് പെര്‍ത്ത്, മലയാളം സ്‌കൂള്‍ എന്നിവയുടെ ഓഡിറ്ററായ ബിജു പെര്‍ത്ത് അതിരൂപതയിലെ മിഡ്‌ലാന്‍ഡ് സെന്റ് ബ്രിജിഡ്‌സ് ആന്‍ഡ് സെന്റ് മൈക്കിള്‍സ് ചര്‍ച്ചിലെ ഫിനാന്‍സ് കമ്മിറ്റി അംഗം കൂടിയാണ്.
ഓഷ്യാനിയ ഇന്റിജനസ് അബോറിജിനല്‍ കോര്‍പ്പറേഷന്‍, പല്ലാഡിയം ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് എന്നീ സ്ഥാപനങ്ങളുടെ ബോര്‍ഡ് അംഗമാണ്. ഇതുകൂടാതെ നൊല്ലമര ഔവര്‍ ലേഡി ഓഫ് ലൂര്‍ദ് പ്രൈമറി സ്‌കൂളിന്റെ മുന്‍ ട്രഷററും ബോര്‍ഡ് അംഗവുമായിരുന്നു.
റോട്ടറി ഫൗണ്ടേഷനു വേണ്ടി ഫിലിപ്പൈന്‍സിലും ഈസ്റ്റ് ടൈമോറിലും അന്താരാഷ്ട്ര ഓഡിറ്റുകള്‍ നടത്തിയതും കരിയറിലെ മികച്ച നേട്ടമാണ്. വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലെ സാമൂഹിക, സാംസ്‌കാരിക, നിയമ മേഖലയില്‍ നിറഞ്ഞുനില്‍ക്കുന്ന ബിജു പെര്‍ത്ത് സെന്റ് ജോസഫ് സിറോ മലബാര്‍ ഇടവകാംഗമാണ്.
അര്‍മഡയില്‍ സിറ്റി കൗണ്‍സില്‍ അംഗമായ ജിബി ജോയ് നിരവധി മലയാളികള്‍ താമസിക്കുന്ന ഓക്ഫോര്‍ഡ് സീറ്റില്‍ നിന്നാണ് ജനവിധി തേടുന്നത്. സതേണ്‍ റിവര്‍ മണ്ഡലത്തില്‍ നിന്നുമാണ് ആല്‍വിന്‍ മാത്യൂസ് ജനവിധി തേടുന്നത്. മൂവരും സംസ്ഥാന തിരഞ്ഞെടുപ്പില്‍ ആദ്യമായാണ് മത്സരിക്കുന്നത്.
ഹാരിസ്‌ഡെയില്‍, പിയാരവാട്ടേഴ്‌സ്, ഫോറസ്റ്റ്‌ഡെയില്‍, ഒബിന്‍ഗ്രോവ്, ഹില്‍ബേര്‍ട്ട്, ഹെയിന്‍സ്, ബ്രുക്ക്‌ഡെയില്‍, ഓക്‌ഫോര്‍ഡ്, അന്‍കറ്റല്‍, വാണ്ടി, ബാഞ്ചപ്, ഡാല്‍ലിങ് ഡോണ്‍സ് എന്നീ സബര്‍ബുകള്‍ ഉള്‍പ്പെടുന്നതാണ് ഓക്‌ഫോര്‍ഡ് ഇലക്ടറേറ്റ്. നിരവധി മലയാളികളും ഇന്ത്യന്‍ വംശജരും ഈ സബര്‍ബുകളില്‍ താമസിക്കുന്നുണ്ട്. സൗത്തേണ്‍ റിവര്‍, ഹണ്ടിങ് ഡെയില്‍, കാനിംഗ് വെയില്‍, ഗോസ്‌നെല്‍സ് എന്നീ സബര്‍ബുകള്‍ ഉള്‍പ്പെടുന്നതാണ് സതേണ്‍ റിവര്‍ മണ്ഡലം.
മഡിങ്ടണില്‍ താമസിക്കുന്ന വടക്കേടത്ത് മാത്യു- ലൈസ ദമ്പതികളുടെ മകനാണ് ആല്‍വിന്‍ മാത്യൂസ്. ക്രിസ്റ്റീനയാണ് ഭാര്യ.
നഴ്സ് ആയി ജോലി ചെയ്യുന്ന ജിബി ജോയി അഞ്ച് കുട്ടികളുടെ പിതാവാണ്. ഭാര്യ കവിത. ഓസ്‌ട്രേലിയ ജസ്റ്റിസ് ഓഫ് പീസ് ' ആയി പ്രവര്‍ത്തിക്കുന്ന ജിബി ശ്രദ്ധേയമായ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിലൂടെയാണ് കഴിഞ്ഞ വര്‍ഷം അര്‍മഡെയില്‍ സിറ്റി കൗണ്‍സിലില്‍ വിജയിച്ചത്.
ജിബി ജോയിയുടെ തിരഞ്ഞെടുപ്പ് കാമ്പെയിനിന്റെ ഭാഗമായി രക്തദാനം സംഘടിപ്പിച്ചിരുന്നു.
അഞ്ച് ഘട്ടമായി ക്രമീകരിച്ചിരിക്കുന്ന ജിബി ജോയിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഒന്നാം ഘട്ടം വിജയകരമായി പൂര്‍ത്തീകരിച്ചിരുന്നു. ഓസ്ട്രേലിയന്‍ ക്രിസ്ത്യന്‍ പാര്‍ട്ടി ജീവനും കുടുംബങ്ങള്‍ക്കും പ്രാധാന്യം കൊടുക്കുന്നു. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും വേണ്ടി നിലകൊള്ളുന്നതാണ് ഓസ്‌ട്രേലിയന്‍ ക്രിസ്ത്യന്‍ പാര്‍ട്ടി എന്ന് ബോധ്യപ്പെടുത്തി വ്യത്യസ്ത വിഭാഗങ്ങളെ ഉള്‍പ്പെടുത്തി മുന്നൂറിലധികം പേരുടെ സജീവ ക്യാമ്പയിന്‍ ടീമിന് രൂപം കൊടുക്കാന്‍ ഇതിനോടകം സാധിച്ചതായി ജിബി ജോയി അറിയിച്ചു.
മയക്കുമരുന്നും തീവ്രവാദവും അനാരോഗ്യകരമായ സംസ്‌കാരവും ഇല്ലാതാക്കാനായി ഒരു രാഷ്ട്രീയ മാറ്റം പൊതു ജനങ്ങള്‍ ആഗ്രഹിക്കുന്നിടത്ത് ഓസ്ട്രേലിയന്‍ ക്രിസ്ത്യന്‍ പാര്‍ട്ടിക്ക് സാധ്യത ഏറെയാണെന്ന് വിലയിരുത്തപ്പെടുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.