സോള്‍: രാജ്യത്ത് പട്ടാളനിയമം ഏര്‍പ്പെടുത്താനിടയായ സാഹചര്യത്തില്‍ ജനങ്ങളോട് മാപ്പ് പറഞ്ഞ് ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂന്‍ സുക് യോള്‍. പ്രസിഡന്റിനെ ഇംപീച്ച് ചെയ്യാന്‍ പ്രതിപക്ഷം കൊണ്ടുവന്ന ബില്ലില്‍ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് യുന്‍ സുക് യോള്‍ രാജ്യത്തെ ജനങ്ങളോട് തന്റെ നടപടിയില്‍ മാപ്പ് പറഞ്ഞത്.
ഈ പ്രഖ്യാപനം നടത്തിയതിന്റെ നിയമപരമായോ രാഷ്ട്രീയപരമായോ ഉള്ള ഉത്തരവാദിത്വത്തില്‍ നിന്ന് താന്‍ ഒഴിഞ്ഞുമാറില്ലെന്നും, പട്ടാള നിയമം ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ഇനിയൊരു ശ്രമം തന്റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലെന്നും അദ്ദേഹം പറയുന്നു. പട്ടാളനിയമം ഏര്‍പ്പെടുത്താനുള്ള പ്രഖ്യാപനം ജനങ്ങളില്‍ ഉത്കണ്ഠയും അസൗകര്യവും ഉണ്ടാക്കിയെങ്കില്‍ അതില്‍ ഖേദിക്കുകയാണെന്നും, എല്ലാവരോടും അതില്‍ മാപ്പ് അപേക്ഷിക്കുകയാണെന്നും ഒരു ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ യൂന്‍ സുക് യോള്‍ വ്യക്തമാക്കി.
രാജ്യത്ത് അപ്രതീക്ഷിതമായി പ്രഖ്യാപിച്ച പട്ടാള നിയമം ജനകീയ പ്രതിഷേധങ്ങളെ തുടര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പിന്‍വലിച്ചിരുന്നു. പിന്നാലെയാണ് യുന്‍ സുകിനെ ഇംപീച്ച് ചെയ്യണമെന്ന ആവശ്യം പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാര്‍ട്ടി ഉന്നയിച്ചത്. പ്രതിപക്ഷത്തിന് ഭൂരിപക്ഷമുള്ള പാര്‍ലമെന്റ് പട്ടാളനിയമത്തിനെതിരെ പ്രമേയം പാസാക്കിയിട്ടുണ്ട്. 300 അംഗങ്ങളുള്ള പാര്‍ലമെന്റില്‍ 190 പേരും പ്രമേയത്തെ പിന്തുണച്ചു. പ്രതിപക്ഷം ഉത്തര കൊറിയയോട് ആഭിമുഖ്യം പുലര്‍ത്തുകയാണെന്നും സമാന്തര സര്‍ക്കാര്‍ ഉണ്ടാക്കി ഭരണം അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും ആരോപിച്ചായിരുന്നു യുന്‍ സുക് യോള്‍ രാജ്യത്ത് പട്ടാളനിയമം ഏര്‍പ്പെടുത്തിയത്.
ദക്ഷിണകൊറിയന്‍ പ്രസിഡന്റിനെതിരേ സ്വന്തം പാര്‍ട്ടിയില്‍ തന്നെ കലാപം പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്. യോളിനെ അധികാരത്തില്‍നിന്ന് പുറത്താക്കണമെന്ന് ഭരണകക്ഷിയായ പീപ്പിള്‍സ് പവര്‍ പാര്‍ട്ടി (പി.പി.പി.) നേതാവ് ഹാന്‍ ഡോങ് ആവശ്യപ്പെട്ടു. യോള്‍ അധികാരത്തില്‍ത്തുടര്‍ന്നാല്‍ പട്ടാളനിയമംപോലുള്ള കടുത്ത തീരുമാനങ്ങള്‍ ഉണ്ടാകാനിടയുണ്ടെന്നും അത് രാജ്യത്തെ അപകടത്തിലാക്കുമെന്നും ഡോങ് പറഞ്ഞു.
ചൊവ്വാഴ്ച രാത്രിയാണ് മുന്നറിയിപ്പില്ലാതെ യോള്‍ പട്ടാളനിയമം പ്രഖ്യാപിച്ചതും ആറുമണിക്കൂറിനുശേഷം പിന്‍വലിച്ചതും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.