വിശുദ്ധിയുടെ പരിമളം നിറഞ്ഞു... മാര്‍ ജോര്‍ജ് കൂവക്കാട് ഇനി സഭയുടെ രാജകുമാരന്‍; മറ്റ് 20 ഇടയന്‍മാരും കര്‍ദിനാള്‍മാരായി അഭിഷിക്തരായി

വിശുദ്ധിയുടെ പരിമളം നിറഞ്ഞു... മാര്‍ ജോര്‍ജ് കൂവക്കാട് ഇനി സഭയുടെ രാജകുമാരന്‍; മറ്റ് 20 ഇടയന്‍മാരും കര്‍ദിനാള്‍മാരായി അഭിഷിക്തരായി

കേരളത്തിനും ഭാരതത്തിനും അഭിമാന നിമിഷം. വൈദിക പദവിയില്‍ നിന്ന് നേരിട്ട് കര്‍ദിനാളായി ഒരാള്‍ ഉയര്‍ത്തപ്പെടുന്നത് ഭാരത സഭയുടെ ചരിത്രത്തില്‍ ആദ്യം.

വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്കാ സഭ ദിവ്യ രക്ഷകന്റെ പിറവി പ്രഘോഷിക്കാനൊരുങ്ങുന്ന മംഗളവാര്‍ത്താ കാലത്ത് വത്തിക്കാനില്‍ നിന്ന് മറ്റൊരു സദ് വാര്‍ത്ത.

വിശുദ്ധിയുടെ പരിമളം നിറഞ്ഞ ധന്യ നിമിഷത്തില്‍ ചങ്ങനാശേരി അതിരൂപതയില്‍ നിന്നുള്ള മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട് ഉള്‍പ്പെടെ 21 ഇടയന്‍മാര്‍ ഒരുമിച്ച് സഭയുടെ രാജകുമാരന്‍മാരായി ഉയര്‍ത്തപ്പെട്ടു.

ഭാരത സഭയ്ക്ക്, പ്രത്യേകിച്ച് മലയാളികള്‍ക്ക് ഇത് സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും അനുഗ്രഹീത നിമിഷമാണ്. ചങ്ങനാശേരി മാമൂട് ഇടവകാംഗമായ മാര്‍ ജോര്‍ജ് കൂവക്കാട് വൈദിക പദവിയില്‍ നിന്ന് നേരിട്ട് കര്‍ദിനാള്‍ പദവിയിലെത്തി ഭരത കത്തോലിക്കാ സഭയില്‍ ഒരു പുതു ചരിത്രം കുറിച്ചു എന്ന പ്രത്യേകതയുമുണ്ട്.

വത്തിക്കാനിലെ ചരിത്ര പ്രസിദ്ധമായ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നടന്ന തിരുക്കര്‍മ്മങ്ങള്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ മുഖ്യ കാര്‍മികത്വം വഹിച്ചു. സഭയിലെ എല്ലാ കര്‍ദിനാള്‍മാരും സന്നിഹിതരായിരുന്നു.


വത്തിക്കാന്‍ സമയം വൈകുന്നേരം നാലിനാരംഭിച്ച ദിവ്യബലിയ്ക്കിടെ 21 പിതാക്കന്‍മാരെയും കര്‍ദിനാള്‍മാരായി ഉയര്‍ത്തിക്കൊണ്ട് മാര്‍പാപ്പ ചുവന്ന തൊപ്പിയും പേപ്പല്‍ മുദ്രയുള്ള സ്വര്‍ണ മോതിരവും അടക്കമുള്ള സ്ഥാനിക ചിഹ്നങ്ങള്‍ അണിയിച്ച് അനുഗ്രഹിച്ചു. പൗരസ്ത്യ സഭയുടെ രീതിക്ക് അനുസരിച്ച് ചുവപ്പും കറുപ്പും നിറഞ്ഞ തൊപ്പിയാണ് മാര്‍ കൂവക്കാടിനെ മാര്‍പാപ്പ അണിയിച്ചത്.

സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ആര്‍ച്ച് ബിഷപ്പുമാരായ തോമസ് തറയില്‍, മാര്‍ ജോസഫ് പെരുന്തോട്ടം, ബിഷുമാരായ മാര്‍ തോമസ് പാടിയത്ത്, മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് ഉള്‍പ്പടെ കേരളത്തില്‍ നിന്നുള്ള സഭാ പിതാക്കന്മാരും ചടങ്ങില്‍ പങ്കെടുത്തു.

കണ്‍സിസ്റ്ററി തിരുക്കര്‍മങ്ങള്‍ക്ക് ശേഷം നവ കര്‍ദിനാള്‍മാര്‍ മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തും. നാളെ രാവിലെ വത്തിക്കാന്‍ സമയം 9.30 ന് മാതാവിന്റെ അമലോത്ഭവ തിരുനാളിന്റെ ഭാഗമായ ദിവ്യബലിക്ക് മാര്‍പാപ്പയോടൊപ്പം നവ കര്‍ദിനാള്‍മാരും പങ്കെടുക്കും.

കത്തോലിക്കാ സഭയിലെ രാജകുമാരന്‍മാരെന്നാണ് കര്‍ദിനാള്‍മാര്‍ അറിയപ്പെടുന്നത്. കത്തോലിക്കാ സഭയിലെ പൗരോഹിത്യ ശ്രേണിയില്‍ മാര്‍പാപ്പ കഴിഞ്ഞാല്‍ ഒരു പുരോഹിതന് എത്താന്‍ കഴിയാവുന്ന ഏറ്റവും ഉയര്‍ന്ന സ്ഥാനമാണിത്. കര്‍ദിനാള്‍ തിരുസംഘത്തില്‍ അംഗമാകുന്നതോടെ മാര്‍പാപ്പയുടെ ഔദ്യോഗികമായ ഉപദേശക സംഘത്തില്‍ അമ്പത്തൊന്നുകാരനായ മാര്‍ ജോര്‍ജ് കൂവക്കാടും ഉള്‍പ്പെടും.

സാധാരണ ഗതിയില്‍ മെത്രാന്‍മാരാണ് കത്തോലിക്കാ സഭയില്‍ കര്‍ദിനാള്‍മാരായി ഉയര്‍ത്തപ്പെടുക. മാര്‍ ജോര്‍ജ് കൂവകാടിനെ വൈദിക പദവിയില്‍ നിന്ന് നേരിട്ട് കര്‍ദിനാളായി ഉയര്‍ത്തുകയായിരുന്നു.

ഇന്ത്യയില്‍ നിന്നും നേരിട്ട് കര്‍ദിനാള്‍ പദവിയിലെത്തുന്ന ആദ്യ വൈദികനാണ് മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട്. അദേഹത്തെ കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി ചങ്ങനാശേരിയില്‍ കഴിഞ്ഞ മാസം മെത്രാഭിഷേക ചടങ്ങുകള്‍ നടന്നിരുന്നു.


ചടങ്ങില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ഏഴ് അംഗ സംഘമാണ് പങ്കെടുക്കുന്നത്. കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍, മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍, കൊടിക്കുന്നില്‍ സുരേഷ് എംപി, ടോം വടക്കന്‍, അനില്‍ ആന്റണി, അനൂപ് ആന്റണി തുടങ്ങിയവര്‍ സംഘത്തിലുണ്ട്. കേരളത്തില്‍ നിന്ന് എംഎല്‍എമാരായ സജീവ് ജോസഫ്, ചാണ്ടി ഉമ്മന്‍ എന്നിവരും വത്തിക്കാനില്‍ എത്തിയിട്ടുണ്ട്.

കൂടാതെ മാര്‍ കൂവക്കാട്ടിന്റെ മാതാപിതാക്കളും കുടുംബാംഗങ്ങളും ഉള്‍പ്പടെ മാതൃ രൂപതയില്‍ നിന്നും ജന്മനാട്ടില്‍ നിന്നും നൂറു കണക്കിന് പേര്‍ വത്തിക്കാനില്‍ നടന്ന സ്ഥാനാരോഹണ ചടങ്ങില്‍ സംബന്ധിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.