ഡമാസ്‌കസ്: സിറിയയില്‍ സ്വേച്ഛാധിപത്യ കാലഘട്ടത്തിന് അന്ത്യം കുറിച്ചെന്ന് വിമത സൈന്യം. സിറിയ പിടിച്ചെടുത്തതായി വിമത സൈന്യമായ ഹയാത് താഹ്രീര്‍ അല്‍ഷാം അവകാശപ്പെട്ടു. തലസ്ഥാനമായ ഡമാസ്‌കസ് പിടിച്ചടക്കിയതിന് പിന്നാലെ പ്രസിഡന്റ് ബാഷര്‍ അസദ് രാജ്യം വിട്ടതായി വിമത സൈന്യം പ്രഖ്യാപിച്ചു.
വിമതസേന തലസ്ഥാനത്ത് പ്രവേശിച്ച ഉടന്‍ ബാഷര്‍ അല്‍ അസദ് വിമാനത്തില്‍ അജ്ഞാതമായ സ്ഥലത്തേക്ക് പോയതായാണ് രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തത്. ഡമാസ്‌കസ് വിമാനത്താവളത്തില്‍ നിന്ന് ഒരു സ്വകാര്യ വിമാനത്തിലാണ് അസദ് പോയതെന്നാണ് രണ്ട് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ബഷാര്‍ അല്‍ അസദിന്റെ 24 വര്‍ഷത്തെ ഭരണത്തിന് അവസാനമായെന്ന് വിമത സൈന്യം അറിയിച്ചു. സിറിയന്‍ സൈന്യവും സുരക്ഷാ സേനയും ഡമാസ്‌കസ് വിമാനത്താവളം ഉപേക്ഷിച്ച് പോയതായി വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. അധികാര കൈമാറ്റത്തിന് സര്‍ക്കാര്‍ തയ്യാറാണെന്ന് സിറിയന്‍ പ്രധാനമന്ത്രി മുഹമ്മദ് ഗാസി അല്‍ ജലാലി പറഞ്ഞു.
കഴിഞ്ഞ 50 വര്‍ഷമായി സിറിയ ബാത്തിസ്റ്റ് ഭരണത്തിന്റെ അടിച്ചമര്‍ത്തലിലായിരുന്നു. 13 വര്‍ഷത്തെ കുറ്റകൃത്യം, സ്വേച്ഛാധിപത്യം, കുടിയൊഴുപ്പിക്കല്‍ എന്നിവയെല്ലാം അതിജീവിച്ച് ഒരു നീണ്ട പോരാട്ടത്തിന് ശേഷം അധിനിവേശ ശക്തികളെയും നേരിട്ട് സിറിയ ഇരുണ്ട യുഗം അവസാനിപ്പിച്ച് പുതുയുഗത്തിലേക്ക് പ്രവേശിക്കുകയാണ്. സിറിയ സ്വതന്ത്രമായിരിക്കുന്നു. പുതിയ സിറിയ പരസ്പര സഹകരണത്തോടെയാകും ഇനി പ്രവര്‍ത്തിക്കുക എന്നും വിമത സൈന്യം പുറത്തിറക്കിയ പ്രസ്താവനയില്‍ പയുന്നു.
ബാഷര്‍ അല്‍ അസദ് രാജ്യം വിട്ടെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ, ആയിരക്കണക്കിന് ആളുകള്‍ സിറിയന്‍ തെരുവുകളില്‍ ആഹ്ലാദ പ്രകടനം നടത്തി. തലസ്ഥാനമായ ഡമാസ്‌കസില്‍ സ്ഥാപിച്ചിരുന്ന ബാഷര്‍ അല്‍ അസദിന്റെ പിതാവിന്റെ പ്രതിമകള്‍ ജനങ്ങള്‍ തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. നൂറുകണക്കിന് സിറിയന്‍ സൈനികര്‍ക്ക് അഭയം കൊടുത്തതായി ഇറാഖ് അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.