ജനിച്ചത് കറാച്ചിയില്‍, വളര്‍ന്നത് ഗോവയില്‍; 43 വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവില്‍ ഇന്ത്യന്‍ പൗരത്വം സ്വന്തമാക്കി ഷെയ്ന്‍ സെബാസ്റ്റ്യന്‍

ജനിച്ചത് കറാച്ചിയില്‍, വളര്‍ന്നത് ഗോവയില്‍; 43 വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവില്‍ ഇന്ത്യന്‍ പൗരത്വം സ്വന്തമാക്കി ഷെയ്ന്‍ സെബാസ്റ്റ്യന്‍

പനാജി: പാകിസ്ഥാനില്‍ ജനിച്ച് ഗോവയില്‍ വളര്‍ന്ന ക്രിസ്ത്യന്‍ യുവാവിന് 43 വര്‍ഷത്തെ നിയമപോരാട്ടത്തിന് ഒടുവില്‍ ഇന്ത്യന്‍ പൗരത്വം ലഭിച്ചു. പൗരത്വഭേദഗതി നിയമത്തിന് കീഴിലാണ് പാകിസ്ഥാനില്‍ ജനിച്ച ഷെയ്ന്‍ സെബാസ്റ്റ്യന്‍ പെരേരയ്ക്ക് പൗരത്വം ലഭിച്ചത്.

ഗോവയില്‍ താമസിക്കുന്ന ഷെയ്ന്‍ സെബാസ്റ്റ്യന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് പൗരത്വ സര്‍ട്ടിഫിക്കറ്റ് കൈമാറി. പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തില്‍ വന്നതിന് ശേഷം ഇന്ത്യന്‍ പൗരത്വം നേടുന്ന രണ്ടാമത്തെ ഗോവന്‍ സ്വദേശിയാണ് ഷെയ്ന്‍ സെബാസ്റ്റ്യന്‍ പെരേര.

കറാച്ചിയിലായിരുന്നു ഷെയ്‌ന്റെ ജനനം. 1981 ഓഗസ്റ്റില്‍ ഷെയ്‌ന് നാല് മാസം പ്രായമുള്ളപ്പോള്‍ രക്ഷിതാക്കളോടൊപ്പം ഗോവയിലേക്ക് എത്തുകയായിരുന്നു. ഷെയ്‌നിന്റെ പൂര്‍വീകരുടെ ഗ്രാമമായ അഞ്ജുനയിലേക്കാണ് ഇവര്‍ എത്തിയത്. തുടര്‍ന്നുള്ള ജീവിതം മുഴുവന്‍ ഇവിടെയായിരുന്നു. 2012 ല്‍ ഇന്ത്യക്കാരി മരിയ ഗ്ലോറിയ ഫെര്‍ണാണ്ടസിനെ വിവാഹം ചെയ്ത ഷെയ്‌നിന് രണ്ട് കുട്ടികളും ഉണ്ട്. എന്നാല്‍ ഇന്ത്യന്‍ പൗരത്വം നേടുകയെന്ന സ്വപ്നം അപ്പോഴും ഷെയ്‌നിന് ബാക്കിയായിരുന്നു. കറാച്ചിയിലാണ് ജനിച്ചത് എന്നുള്ളതിനാല്‍ പൗരത്വം ലഭിച്ചിരുന്നില്ല. നിയമ തടസങ്ങളില്‍ പെട്ട് 43 വര്‍ഷം കടന്നുപോയി. ഒടുവില്‍ പൗരത്വ ഭേദഗതി നിയമ പ്രകാരം ദശാബ്ദങ്ങളായുള്ള ഷെയ്‌നിന്റെ ആവശ്യം നിറവേറുകയായിരുന്നു.

തീരദേശ സംസ്ഥാനമായ ഗോവയില്‍ പൗരത്വഭേദഗതി നിയമം വഴി പൗരത്വം നേടുന്ന രണ്ടാമനാണ് ഷെയ്ന്‍. അപേക്ഷ സമര്‍പ്പിച്ച് മൂന്ന് മാസത്തിനകം പൗരത്വം ലഭിച്ചു. കഴിഞ്ഞ ഓഗസ്റ്റില്‍ ജോസഫ് ഫ്രാന്‍സിസ് പെരേര എന്ന പാകിസ്ഥാനിക്ക് ഇന്ത്യന്‍ പൗരത്വം ലഭിച്ചിരുന്നു.

ഇന്ത്യയുടെ അയല്‍ രാജ്യങ്ങളില്‍ ജനിച്ച് ഇന്ത്യയിലേക്ക് കുടിയേറിയ ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, ബുദ്ധിസ്റ്റ്, പാഴ്‌സി, ജൈന മതക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതാണ് പൗരത്വ ഭേദഗതി നിയമം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.