ദക്ഷിണ കൊറിയയിൽ അത്യന്തം നാടകീയ രംഗങ്ങൾ; പ്രസിഡന്റിന്റെ ഓഫിസിൽ റെയ്ഡ് ; പട്ടാളഭരണം കൊണ്ടുവരാൻ മുൻകൈ എടുത്ത പ്രതിരോധമന്ത്രി അറസ്റ്റിൽ‌

ദക്ഷിണ കൊറിയയിൽ അത്യന്തം നാടകീയ രംഗങ്ങൾ; പ്രസിഡന്റിന്റെ ഓഫിസിൽ റെയ്ഡ് ; പട്ടാളഭരണം കൊണ്ടുവരാൻ മുൻകൈ എടുത്ത പ്രതിരോധമന്ത്രി അറസ്റ്റിൽ‌

സോൾ : ദക്ഷിണ കൊറിയൻ പ്രസിഡൻ്റ് യൂൻ സൂക്ക് യോളിൻ്റെ ഓഫിസിൽ റെയ്ഡ്. പട്ടാള നിയമ പ്രഖ്യാപനത്തെക്കുറിച്ചുള്ള അന്വേഷണം വേഗത്തിലാക്കാനാണ് ഓഫീസ് റെയ്ഡ് ചെയ്തതെന്ന് ദക്ഷിണ കൊറിയൻ പൊലീസ് അറിയിച്ചു. ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് ജനരോഷത്തെ തുടർന്ന് പിൻ വലിക്കേണ്ടി വന്നതിനു പിന്നാലെ ദക്ഷിണ കൊറിയൻ പ്രസിഡൻ്റിന് വിദേശ യാത്രാ വിലക്കേർപ്പെടുത്തിയിരുന്നു.

രാജ്യദ്രോഹക്കുറ്റത്തിനാണ് യൂനിനെതിരെ അന്വേഷണം നടക്കുന്നത്. കഴിഞ്ഞയാഴ്ച പ്രസിഡന്റിനെതിരെ കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടെങ്കിലും വീണ്ടും പ്രമേയം കൊണ്ടുവരുമെന്ന് പ്രതിപക്ഷം അറിയിച്ചിട്ടുണ്ട്. വിദേശകാര്യം ഉൾപ്പെടെയുള്ള നിർണായക പദവികളും യൂനിൽ നിന്ന് എടുത്തുമാറ്റിയിട്ടുണ്ട്. പ്രധാനമന്ത്രി ഹാൻ ഡാക് സു ഈ പദവികൾ ഏറ്റെടുക്കുമെന്ന് യൂനിന്റെ പീപ്പിൾസ് പാർട്ടി നേതാവ് ഹാൻ ഡോങ് ഹൂൻ അറിയിച്ചു.

അതേസമയം പട്ടാള നിയമം പ്രഖ്യാപിച്ചതിന് പ്രധാന പങ്കുണ്ടെന്ന് ആരോപിക്കപ്പെട്ട മുൻ പ്രതിരോധ മന്ത്രി കിം യോങ് ഹ്യൂൻ അറസ്റ്റിലാകുന്നതിന് തൊട്ടുമുൻപ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചതായി റിപ്പോർട്ട്. പ്രസിഡന്റ് യുൻ സുക് യോൾ രാജ്യത്ത് പട്ടാള നിയമം ഏർപ്പെടുത്തിയതിന് പിന്നാലെയുണ്ടായ പ്രതിഷേധങ്ങളെ തുടർന്ന് കിം യോങ് ഹ്യുൻ രാജിവച്ച് സ്ഥാനം ഒഴിഞ്ഞിരുന്നു. പിന്നാലെ ഞായറാഴ്ച മുതൽ ഇദേഹം കരുതൽ തടങ്കലിലായിരുന്നു. ഇന്നലെയാണ് ഔദ്യോഗികമായി അറസ്റ്റ് രേഖപ്പെടുത്തിയത്.

അറസ്റ്റ് ചെയ്യപ്പെടുന്നതിന് തൊട്ടുമുൻപായി കിം ആത്മഹത്യയ്‌ക്ക് ശ്രമിച്ചുവെന്നാണ് കൊറിയ കറക്ഷൻ സർവീസ് കമ്മീഷണർ ജനറൽ ഷിൻ യോങ് ഹേ അറിയിച്ചത്. കരുതൽ തടങ്കൽ കേന്ദ്രത്തിൽ വച്ചാണ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. വസ്ത്രത്തിലുണ്ടായിരുന്ന കട്ടിയേറിയ ചരട് ഉപയോഗിച്ച് ടോയ്‌ലറ്റിനുള്ളിൽ കയറിയ ശേഷം ആത്മഹത്യയ്‌ക്ക് ശ്രമിച്ചുവെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.

പട്ടാള നിയമം പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട് നിയമ മന്ത്രാലയത്തിന് കീഴിലാണ് കിമ്മിനെതിരെ അന്വേഷണം നടക്കുന്നത്. നിയമ പ്രഖ്യാപനത്തിന് പിന്നാലെ രാജ്യത്ത് വലിയ രീതിയിൽ പ്രതിഷേധസമരങ്ങൾ നടന്നിരുന്നു. അധികാര ദുർവിനിയോഗമടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് കിമ്മിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. തെളിവുകൾ നശിപ്പിക്കപ്പെടാതിരിക്കുക എന്ന ലക്ഷ്യത്തിലാണ് കിമ്മിനെ അറസ്റ്റ് ചെയ്തതെന്നും ഉദ്യോഗസ്ഥർ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.