സ്ത്രീധന നിരോധന നിയമം പക പോക്കലിന് ഉപയോഗിക്കുന്നു; കോടതികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി സുപ്രീം കോടതി

സ്ത്രീധന നിരോധന നിയമം പക പോക്കലിന് ഉപയോഗിക്കുന്നു; കോടതികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി സുപ്രീം കോടതി

ന്യൂഡല്‍ഹി: സ്ത്രീധന പീഡന കേസുകള്‍ തീര്‍പ്പാക്കുമ്പോള്‍ നിരപരാധികളെ അനാവശ്യമായി ഉപദ്രവിക്കുന്നില്ല എന്ന് കോടതികള്‍ ഉറപ്പ് വരുത്തണമെന്ന് സുപ്രീം കോടതി. പ്രതികാരമായി നിയമം ഉപയോഗിക്കുന്നതിനെതിരെ ജാഗ്രത വേണമെന്നും കോടതി നിര്‍ദേശിച്ചു.

വ്യക്തിപരമായ പകപോക്കലിന് നിയമം ഉപയോഗിക്കുന്നുവെന്നും ഭര്‍ത്താവിനും ഭര്‍ത്താവിന്റെ കുടുംബാംഗങ്ങള്‍ക്കുമെതിരെ കള്ളക്കേസുകള്‍ നല്‍കുന്നുവെന്നുമാണ് സുപ്രീം കോടതിയുടെ വിമര്‍ശനം. ബംഗളൂരുവില്‍ മുപ്പത്തിനാലുകാരന്‍ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത സംഭവത്തെ തുടര്‍ന്ന് രാജ്യ വ്യാപകമായി ചര്‍ച്ച നടക്കുന്നതിനിടെയാണ് സുപ്രീം കോടതിയുടെ പരാമര്‍ശം.

ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് അതുല്‍ സുഭാഷ് 80 മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോ റെക്കോര്‍ഡ് ചെയ്തു. അകന്നു കഴിയുകയായിരുന്ന ഭാര്യ യുവാവിനും കുടുംബത്തിനുമെതിരെ ഒന്നിലധികം കേസുകള്‍ ചുമത്തി പണം തട്ടുന്നുവെന്നും യുവാവ് വിഡിയോയില്‍ ആരോപിച്ചിരുന്നു. 24 പേജുള്ള ആത്മഹത്യാ കുറിപ്പില്‍ നീതിന്യായ വ്യവസ്ഥയെയും അതുല്‍ വിമര്‍ശിച്ചു,

വിവാഹ മോചനവുമായി ബന്ധപ്പെട്ട ക്രിമിനല്‍ കേസുകളില്‍ കുടുംബാംഗങ്ങളുടെ പേരുകള്‍ പരാമര്‍ശിക്കുമ്പോള്‍ കുറ്റകൃത്യം കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ അത്തരം പ്രവണതകളെ മുളയിലേ നുള്ളിക്കളയണമെന്നും കോടതി പറഞ്ഞു. ദാമ്പത്യ കലഹത്തില്‍ പലപ്പോഴും ഭര്‍ത്താവിന്റെ കുടുംബത്തിലെ എല്ലാ അംഗങ്ങളേയും പ്രതിയാക്കാനുള്ള പ്രവണത പലപ്പോഴും ഉണ്ടാകാറുണ്ട്.

നിയമ വ്യവസ്ഥകളും നിയമ നടപടികളും ദുരുപയോഗം ചെയ്യുന്നത് തടയാന്‍ കോടതികള്‍ ജാഗ്രത കാണിക്കണം. നിരപരാധികളായ കുടുംബങ്ങളെ അനാവശ്യമായി ഉപദ്രവിക്കുന്നത് ഒഴിവാക്കണമെന്നും സുപ്രീം കോടതി പറഞ്ഞു. അടുത്ത കാലത്തായി രാജ്യത്തുടനീളമുള്ള വിവാഹ തര്‍ക്കങ്ങളില്‍ വലിയ വര്‍ധനയുണ്ടായിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ ഭാര്യയുടെ വ്യക്തിപരമായ പക അഴിച്ചുവിടാനുള്ള ഒരു ഉപകരണമായി 498 എ വകുപ്പ് ദുരുപയോഗം ചെയ്യുന്ന പ്രവണത വര്‍ധിച്ചു വരികയാണ്. ഇത്തരം കേസുകളില്‍ സൂക്ഷമമായി പരിശോധന നടത്തിയില്ലെങ്കില്‍ നിയമത്തെ ദുരുപയോഗം ചെയ്യുന്ന സാഹചര്യം ഉണ്ടാകും.

അതേസമയം ക്രൂരതയ്ക്ക് ഇരയായ ഓരോ സ്ത്രീയും മൗനം പാലിക്കണമെന്ന് പറയുന്നില്ലെന്നും കോടതി പറഞ്ഞു. 498 എ വകുപ്പ് ഒരു സ്ത്രീയുടെ സംരക്ഷണത്തിന് വേണ്ടിയുള്ളതാണെന്നും സുപ്രീം കോടതി ഓര്‍മിപ്പിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.