അഡ്വ. ഷാന്‍ വധക്കേസ്: പ്രതികളായ അഞ്ച് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

അഡ്വ. ഷാന്‍ വധക്കേസ്: പ്രതികളായ അഞ്ച് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

കൊച്ചി: ആലപ്പുഴയിലെ എസ്ഡിപിഐ നേതാവായിരുന്ന അഡ്വ. കെ.എസ് ഷാന്‍ കൊല്ലപ്പെട്ട കേസിലെ പ്രതികളായ അഞ്ച് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. അഞ്ച് പേര്‍ക്ക് ജാമ്യം അനുവദിച്ച സെഷന്‍സ് കോടതി വിധി ശരിവച്ചു. ജാമ്യം റദ്ദാക്കിയ പ്രതികള്‍ക്ക് ബന്ധപ്പെട്ട കോടതികളെ വീണ്ടും ജാമ്യത്തിനായി സമീപിക്കാവുന്നതാണെന്നും ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് വിധി ന്യായത്തില്‍ വ്യക്തമാക്കി.

ഷാന്‍ ആലപ്പുഴയിലെ മണ്ണഞ്ചേരിയില്‍ 2021 ഡിസംബര്‍ 18 വൈകിട്ടാണ് കൊല്ലപ്പെട്ടത്. പിറ്റേന്ന് രാവിലെ ബിജെപി നേതാവായ രഞ്ജിത്ത് ശ്രീനിവാസന്‍ ആലപ്പുഴയിലെ വീട്ടിലും കൊല്ലപ്പെട്ടു. ഇതിലെ 15 പ്രതികള്‍ക്ക് വിചാരണ കോടതി വധശിക്ഷ വിധിച്ചിരുന്നു. കേസിലെ രണ്ട് മുതല്‍ ആറ് വരെ പ്രതികളായ അവലൂക്കുന്ന് സ്വദേശി വിഷ്ണു, കാട്ടൂര്‍ സ്വദേശി അഭിമന്യു, പൊന്നാട് സ്വദേശി സനന്ദ്, ആര്യാട് വടക്ക് സ്വദേശി അതുല്‍, ആറാം പ്രതി ധനീഷ് എന്നിവരുടെ ജാമ്യമാണ് ഹൈക്കോടതി റദ്ദാക്കിയത്. ഷാന്‍ വധക്കേസില്‍ 11 പ്രതികളാണ് ഉണ്ടായിരുന്നത്. ഇതില്‍ 11-ാം പ്രതി കാട്ടൂര്‍ സ്വദേശി രതീഷിന് ഹൈക്കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. ബാക്കിയുള്ള പ്രതികള്‍ക്ക് സെഷന്‍സ് കോടതിയും വിവിധ സമയങ്ങളിലായി ജാമ്യം അനുവദിച്ചു. ഇതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

കസ്റ്റഡി കാലാവധി കഴിഞ്ഞു എന്നത് കൊണ്ടു മാത്രം ഇത്തരമൊരു കൊലപാതകത്തിലെ പ്രതികള്‍ക്ക് ജാമ്യം നല്‍കിയത് ശരിയല്ല എന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. എന്നാല്‍ ജാമ്യം അനുവദിച്ച് ഒരു വര്‍ഷം കഴിഞ്ഞാണ് ഇത് റദ്ദാക്കാനായി കോടതിയെ സമീപിക്കുന്നത് എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളാണ് പ്രതിഭാഗം ചൂണ്ടിക്കാട്ടിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.