ട്രംപിന്റെ ജയത്തിനു പിന്നാലെ ലോകചരിത്രത്തിലെ ഏറ്റവും വലിയ സമ്പന്നനായി ഇലോണ്‍ മസ്‌ക്; ആസ്തി 40,000 കോടി ഡോളര്‍ കടന്നു

ട്രംപിന്റെ ജയത്തിനു പിന്നാലെ ലോകചരിത്രത്തിലെ ഏറ്റവും വലിയ സമ്പന്നനായി ഇലോണ്‍ മസ്‌ക്; ആസ്തി 40,000 കോടി ഡോളര്‍ കടന്നു

വാഷിങ്ടണ്‍: ലോകത്തെ അതിസമ്പന്നന്‍മാരില്‍ ഒന്നാമനായി സ്‌പേസ് എക്‌സ് മേധാവി ഇലോണ്‍ മസ്‌ക്. 40,000 കോടിയിലേറെ യുഎസ് ഡോളറാണ് മസ്‌കിന്റെ ആസ്തി. അമേരിക്കന്‍ പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് മസ്‌കിന്റെ സമ്പത്തില്‍ വന്‍ കുതിച്ചുചാട്ടം ഉണ്ടായത്.

ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ടെസ്‌ല, മൈക്രോബ്ലോഗിങ് പ്ലാറ്റ്‌ഫോമായ എക്‌സ് (ട്വിറ്റര്‍), സ്വകാര്യ ബഹിരാകാശ ദൗത്യസ്ഥാപനമായ സ്‌പേസ്എക്‌സ് എന്നിവയുടെ തലവനാണ് മസ്‌ക്.

സ്‌പേസ് എക്‌സിന്റെ ഓഹരികളില്‍ നിന്ന് മാത്രം 50 ബില്യണ്‍ ഡോളറിന്റെ ആസ്തി വര്‍ധനയാണ് മസ്‌കിനുണ്ടായത്. ടെസ്‌ലയുടെ ഓഹരികളും എക്കാലത്തെയും ഉയര്‍ന്ന വിലയിലായതോടെ മസ്‌കിന്റെ ആസ്തി 447 ബില്യണ്‍ ഡോളറായി ഉയരുകയായിരുന്നു.

ഒറ്റദിവസം കൊണ്ട് മാത്രം 62.8 ബില്യന്‍ ഡോളറിന്റെ വര്‍ധന നേടിയ സമ്പന്നനെന്ന റെക്കോര്‍ഡും മസ്‌കിന് സ്വന്തം. ഒപ്പം ലോകത്തെ 500 അതിസമ്പന്നന്‍മാരുടെ സംയോജിത ആസ്തി 10 ട്രില്യണിലേറെ വര്‍ധിക്കുന്നതിനും മസ്‌കിന്റെ കുതിപ്പ് സഹായിച്ചുവെന്ന് കണക്കുകള്‍ പറയുന്നു. ജര്‍മനി, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളുടെ മൊത്ത ആഭ്യന്തര ഉത്പാദന(ജിഡിപി)ത്തോളമാണ് ഈ സംയോജിത ആസ്തിയെന്നും കണക്ക് വ്യക്തമാക്കുന്നു.

ഡ്രൈവറില്ലാക്കാറുകള്‍ ട്രംപ് പ്രോല്‍സാഹിപ്പിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ പരന്നതോടെയാണ് നിക്ഷേപകര്‍ കൂട്ടത്തോടെ ടെസ്‌ലയുടെ ഓഹരികള്‍ വാങ്ങിക്കൂട്ടിയത്. ട്രംപ് സര്‍ക്കാരില്‍ മസ്‌ക് സുപ്രധാന പദവിയിലേക്ക് എത്തിയതും മസ്‌കിന്റെ കീശ വീര്‍പ്പിച്ചു.

ബഹിരാകാശ രംഗത്ത് നിര്‍ണായക നേട്ടങ്ങള്‍ സ്വന്തമാക്കുന്ന സ്‌പേസ് എക്‌സിന്റെ മൂല്യം 350 ബില്യണ്‍ ഡോളറോളമായി. നിലവില്‍ ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള സ്വകാര്യ സ്റ്റാര്‍ട്ടപും സ്‌പേസ് എക്‌സാണ്.

അമേരിക്കന്‍ സര്‍ക്കാരുമായുള്ള കരാറുകളാണ് പ്രധാനമായും സ്‌പേസ് എക്‌സിന്റെ വരുമാനം. ട്രംപ് അധികാരമേല്‍ക്കുന്നതോടെ ഇത് വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മസ്‌കിന്റെ ബഹിരാകാശ പരീക്ഷണ ആശയങ്ങളെ ട്രംപ് പ്രചാരണ സമയം മുതല്‍ പ്രോല്‍സാഹിപ്പിക്കുകയും ചെയ്തിരുന്നു. ടെക്‌സസില്‍ നടന്ന വിക്ഷേപണം കാണാനും ട്രംപ് എത്തിയിരുന്നു.

ഇലോണ്‍ മസ്‌കിന്റെ എഐ സ്റ്റാര്‍ട്ടപ്പായ എക്സ് എ.ഐയുടെ മൂല്യം മേയില്‍ തുടങ്ങിയതിനെക്കാള്‍ ഇരട്ടിയായി വര്‍ധിച്ചു. ട്രംപിന്റെ വിജയമാണ് ഈ നേട്ടത്തിനും കാരണമെന്നാണ് വിലയിരുത്തല്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.