ജനീവ: ഗാസയില്‍ വെടിനിര്‍ത്തല്‍ ഉടന്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്ന യു.എന്‍ പ്രമേയത്തെ പിന്തുണച്ച് ഓസ്‌ട്രേലിയ. ഐക്യരാഷ്ട്രസഭയില്‍ 150 ലധികം രാജ്യങ്ങള്‍ക്കൊപ്പമാണ് ഓസ്‌ട്രേലിയ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തത്. ആല്‍ബനീസി സര്‍ക്കാരിന്റെ ഈ നീക്കം ഓസ്‌ട്രേലിയയിലെ ജൂത സമൂഹത്തിനിടയില്‍ അതൃപ്തിക്കു കാരണമായിട്ടുണ്ട്. ഓസ്ട്രേലിയയും ഇസ്രയേലും തമ്മിലുള്ള ബന്ധം വഷളാകാനും ഇതു കാരണമാകുമെന്നാണ് എ.ബി.സി അടക്കമുള്ള ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രമേയം യു.എന്‍ ജനറല്‍ അസംബ്ലി പാസാക്കി.
പാലസ്തീന്‍ അഭയാര്‍ഥികള്‍ക്കുള്ള യു.എന്‍. ഏജന്‍സിയായ 'ഉന്റ'യ്ക്ക് ഇസ്രയേല്‍ ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയത്തെയും ഓസ്‌ട്രേലിയ പിന്തുണയ്ക്കുന്നു. യുദ്ധ ബാധിത മേഖലയിലേക്ക് നിര്‍ണായകമായ മാനുഷിക സഹായം എത്തിക്കുന്നതില്‍ ഉന്റയുടെ പ്രധാന്യം ചൂണ്ടിക്കാട്ടിയാണ് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ പ്രമേയത്തെ പിന്തുണച്ചത്. 'ഉന്റ'യുടെ പ്രവര്‍ത്തനങ്ങള്‍ പരിമിതപ്പെടുത്തുന്നത് ഗാസയിലെ മാനുഷിക പ്രതിസന്ധിയെ കൂടുതല്‍ വഷളാക്കുകയേയുള്ളൂ എന്ന് ഐക്യരാഷ്ട്ര സഭയിലെ ഓസ്ട്രേലിയയുടെ പ്രതിനിധി ജെയിംസ് ലാര്‍സന്‍ പറഞ്ഞു.
വ്യാഴാഴ്ച്ച നടന്ന യുഎന്‍ രക്ഷാസമിതിയുടെ അടിയന്തര യോഗത്തിലാണ് ഓസ്‌ട്രേലിയയുടെ നിര്‍ണായക നീക്കമുണ്ടായത്.
ശാശ്വതവും നിരുപാധികവുമായ വെടിനിര്‍ത്തല്‍, ബന്ദികളെ മോചിപ്പിക്കല്‍, മാനുഷിക സഹായം വിതരണം ചെയ്യല്‍, സാധാരണക്കാരുടെ സംരക്ഷണം എന്നിവയ്ക്കായുള്ള പ്രമേയത്തെ 158 അംഗ രാജ്യങ്ങള്‍ അനുകൂലിച്ചുപ്പോള്‍ ഒമ്പത് രാജ്യങ്ങള്‍ എതിര്‍ത്ത് വോട്ട് ചെയ്തു. 13 രാജ്യങ്ങള്‍ വിട്ടുനിന്നു.
ഹമാസുമായുള്ള ബന്ധം ആരോപിച്ചാണ് ഏജന്‍സിയെ ഇസ്രയേല്‍ നിരോധിച്ചത്. നിരോധനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയത്തെ പിന്തുണച്ച ഓസ്ട്രേലിയയുടെ യുഎന്‍ തീരുമാനത്തെ ഷാഡോ ഹോം അഫയേഴ്‌സ് മന്ത്രി ജെയിംസ് പാറ്റേഴ്‌സണ്‍ ഉള്‍പ്പെടെയുള്ള പ്രതിപക്ഷം ശക്തമായി എതിര്‍ത്തു. പാലസ്തീനോടുള്ള ഓസ്ട്രേലിയയുടെ മാറുന്ന നിലപാടും യുഎന്‍ വോട്ടെടുപ്പും രാജ്യത്ത് ഉയര്‍ന്നുവരുന്ന യഹൂദവിരുദ്ധതയ്ക്ക് ആക്കം കൂട്ടുമെന്ന് പ്രതിപക്ഷം മുന്നറിയിപ്പ് നല്‍കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.