വാഷിങ്ടണ്‍: ജനുവരി 20ന് അമേരിക്കയില്‍ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങിനെ ക്ഷണിച്ച് നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇക്കാര്യത്തില്‍ ചൈന പ്രതികരിച്ചിട്ടില്ല. ഇതിന് മുന്‍പ് ചൈനീസ് പ്രസിഡന്റുമാര്‍ അമേരിക്കന്‍ പ്രസിഡന്റുമാരുടെ സ്ഥാനാരോഹണച്ചടങ്ങില്‍ പങ്കെടുത്തിട്ടില്ല. അധികാരത്തിലെത്തിയാല്‍ ചൈനയ്ക്ക് മേല്‍ ഉയര്‍ന്ന നികുതിയേര്‍പ്പെടുത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു.
ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേയ്ക്ക് നിരവധി വിദേശ പ്രമുഖരെ വൈറ്റ്ഹൗസ് ക്ഷണിച്ചതായും വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് തൊട്ടുപിന്നാലെ നവംബര്‍ ആദ്യം ട്രംപ് ഷിയെ ക്ഷണിച്ചുവെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. എന്നാല്‍ അദ്ദേഹം ക്ഷണം സ്വീകരിച്ചോ എന്ന് വ്യക്തമല്ല. വാഷിങ്ടണിലെ ചൈനീസ് എംബസിയുടെ വക്താവും ഇതുസംബന്ധിച്ച് പ്രതികരണം അറിയിച്ചിട്ടില്ല. ഷിയെ കൂടാതെ ഹംഗറിയുടെ തീവ്ര വലതുപക്ഷ നേതാവ്, പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബന്‍ തുടങ്ങിയവരെയും ചടങ്ങിലേക്ക് വൈറ്റ് ഹൗസ് ക്ഷണിച്ചിട്ടുണ്ട്.
അംബാസഡര്‍മാരെയും മറ്റ് നയതന്ത്രജ്ഞരെയും ഉദ്ഘാടന ചടങ്ങുകള്‍ക്ക് ക്ഷണിക്കാറുണ്ട്. എന്നാല്‍, തങ്ങളുടെ എതിരാളിയായ ചൈനയെ ചടങ്ങിലേക്ക് ക്ഷണിക്കുന്നത് ആദ്യമാണെന്ന് വൈറ്റ്ഹൗസ് സ്ഥിരീകരിച്ചിട്ടുണ്ട്. സാമ്പത്തിക-വ്യാപാര-സാങ്കേതിക മേഖലകളിലെല്ലാം തന്നെ ചൈനയും അമേരിക്കയും തമ്മില്‍ പരസ്പരം മത്സരമാണ്. വര്‍ഷങ്ങളായി ഇരു രാഷ്ട്രങ്ങളും തമ്മില്‍ ശീതയുദ്ധം നടന്നുകൊണ്ടിരിക്കുന്ന വേളയിലാണ് ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങിലേക്ക് ചൈനീസ് പ്രസിഡന്റിനെ ക്ഷണിച്ചിരിക്കുന്നത്.
ചൈനയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ വര്‍ധിപ്പിക്കുമെന്ന് ട്രംപ് കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. നിലവിലുള്ള ഇറക്കുമതി ചുങ്കത്തിന് പുറമെ ഇനിയും നികുതി വര്‍ധിപ്പിക്കുമെന്നാണ് ട്രംപ് അറിയിച്ചത്. ടിക് ടോക്കിന്റെ ചൈനീസ് മാതൃ കമ്പനിയായ ബൈറ്റ് ഡാന്‍സിനെതിരെയും അമേരിക്ക നടപടിയെടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനിടയിലാണ് ട്രംപിന്റെ ക്ഷണമുണ്ടായിരിക്കുന്നത്.
പതിറ്റാണ്ടുകളായി ഇരു രാജ്യങ്ങളും തമ്മില്‍ തുടരുന്ന മത്സരവും ശത്രുതാ മനോഭാവവും കണക്കിലെടുക്കുമ്പോള്‍ ഒരു ചൈനീസ് നേതാവ് അമേരിക്കന്‍ പ്രസിഡന്റിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കുന്നത് അഭൂതപൂര്‍വ സംഭവമായിരിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. കൃത്രിമ മരുന്നായ ഫെന്റനൈലിന്റെ ഉത്പാദനം കുറയ്ക്കണമെന്നും അത് കയറ്റുമതി ചെയ്യരുതെന്നും കഴിഞ്ഞ മാസം ട്രംപ് ചൈനയെ അറിയിച്ചിരുന്നു. ഇല്ലെങ്കില്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് 10 ശതമാനം അധിക തീരുവ ചുമത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.