ആറു വയസുകാരന്റെ പുരികവും മുടിയും വടിച്ച് 'കാന്‍സര്‍ രോഗി'യാക്കി പണപ്പിരിവ് നടത്തിയ ഓസ്‌ട്രേലിയന്‍ മാതാപിതാക്കള്‍ അറസ്റ്റില്‍

ആറു വയസുകാരന്റെ പുരികവും മുടിയും വടിച്ച് 'കാന്‍സര്‍ രോഗി'യാക്കി പണപ്പിരിവ് നടത്തിയ ഓസ്‌ട്രേലിയന്‍ മാതാപിതാക്കള്‍ അറസ്റ്റില്‍

അഡ്‌ലെയ്ഡ്: ആറു വയസുകാരനായ മകനെ കാന്‍സര്‍ രോഗിയായി ചിത്രീകരിച്ച് വ്യാപകമായി പണപ്പിരിവ് നടത്തിയ ഓസ്‌ട്രേലിയന്‍ ദമ്പതികള്‍ അറസ്റ്റില്‍. ഓസ്ട്രേലിയയിലെ അഡിലെയ്ഡിലാണ് നിരവധി പേരെ തട്ടിപ്പിനിരയാക്കിയ സംഭവമുണ്ടായത്. മകന് കണ്ണിന് അര്‍ബുദമാണെന്ന് മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാന്‍ ചെറിയ കുട്ടിയെ ക്രൂരമായാണ് 'മേക്ക് ഓവര്‍' നടത്തിയതെന്നും പൊലീസ് കണ്ടെത്തി.

മകന് കീമോതെറാപ്പി അടക്കമുള്ളവ നടക്കുകയാണെന്നും കാണിച്ച് നിരവധിപ്പേരില്‍ നിന്ന് നേരിട്ടും സമൂഹ മാധ്യമങ്ങളിലൂടെയുമാണ് പണം തട്ടിയത്. കീമോ തെറാപ്പിയുടെ ഗുരുതര പാര്‍ശ്വഫലങ്ങളെന്ന രീതിയില്‍ കുട്ടിയുടെ പുരികവും മുടിയും വടിച്ച് നീക്കിയ ശേഷം ശരീരത്തില്‍ ബാന്‍ഡേജുകള്‍ ഒട്ടിച്ച് വീല്‍ചെയറിലിരുത്തിയാണ് 44കാരായ മാതാപിതാക്കള്‍ പണപ്പിരിവ് നടത്തിയത്. അഡ്ലെയ്ഡ് വെസ്റ്റില്‍ ഹെയര്‍ഡ്രെസറായി ജോലി ചെയ്യുന്ന അമ്മ മകന്റെ മുടിയും പുരികവും ഷേവ് ചെയ്യാന്‍ സഹായിക്കാന്‍ സഹപ്രവര്‍ത്തകനോട് ആവശ്യപ്പെടുകയും ചെയ്തു.

രണ്ട് ആഴ്ച കൊണ്ട് മാത്രം 60,000 ഡോളറാണ് ദമ്പതികള്‍ മകന്റെ പേരില്‍ പിരിച്ചെടുത്തത്. സുഹൃത്തുക്കള്‍, കുടുംബാംഗങ്ങള്‍, കുട്ടി പഠിക്കുന്ന സ്വകാര്യ സ്‌കൂള്‍ ജീവനക്കാര്‍ എന്നിവരെയാണ് തട്ടിപ്പിനിരയാക്കിയത്.

സംഭവത്തില്‍ അയല്‍വാസികള്‍ക്ക് തോന്നിയ സംശയത്തിലാണ് പണപ്പിരിവില്‍ പൊലീസ് ഇടപെടുന്നത്. ഇതിന് പിന്നാലെയാണ് പൂര്‍ണ ആരോഗ്യത്തോടെയുള്ള കുട്ടിയെ ഉപയോഗിച്ചാണ് തട്ടിപ്പാണെന്ന് വ്യക്തമാവുന്നത്. പണം തട്ടിപ്പിനും കുട്ടിയെ അലക്ഷ്യമായി കൈകാര്യം ചെയ്തതിനുമാണ് ഇവരെ സൗത്ത് ഓസ്ട്രേലിയ പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.

മാതാപിതാക്കള്‍ സ്വന്തം കുട്ടിയോട് ചെയ്ത ക്രൂരമായ പദ്ധതിയെക്കുറിച്ച് തനിക്ക് ചിന്തിക്കാന്‍ പോലും കഴിയുന്നില്ലെന്ന ആക്ടിങ് അസിസ്റ്റന്റ് കമ്മീഷണര്‍ ജോണ്‍ ഡികാന്‍ഡിയ പറഞ്ഞു. നിരവധി കുടുംബങ്ങളെ ബാധിക്കുന്ന കാന്‍സര്‍ പോലുള്ള രോഗത്തെ അത്യാഗ്രഹത്തിനും സ്വാര്‍ത്ഥതയ്ക്കും വേണ്ടി ഉപയോഗിക്കുന്നത് വെറുപ്പുളവാക്കുന്ന പ്രവൃത്തിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആറ് വയസുകാരന്‍ ഒരു തരത്തിലുമുള്ള ചികിത്സ തേടുന്നില്ലെന്നും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. നവംബറില്‍ തട്ടിപ്പ് ആരംഭിച്ച സമയം മുതല്‍ കുട്ടിയെ ഇവര്‍ സ്‌കൂളില്‍ അയച്ചിരുന്നില്ല. ആറുവയസുകാരനും സഹോദരനും നിലവില്‍ ബന്ധുവിന്റെ സംരക്ഷണയിലാണ് ഉള്ളത്. ദമ്പതികള്‍ക്ക് മകന്റെ ചികിത്സാ സഹായത്തിനായി പണം നല്‍കിയവര്‍ പൊലീസുമായി ബന്ധപ്പെടണമെന്നും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

വീഡിയോലിങ്ക് വഴി പോര്‍ട്ട് അഡ്ലെയ്ഡ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരായ ദമ്പതികള്‍ക്ക് ജാമ്യം നിഷേധിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.