അഭിഭാഷകയായ സന്യാസിനി; നീതിപീഠത്തിനു മുന്നില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ശബ്ദമായി സിസ്റ്റര്‍ ജോയ്സി

അഭിഭാഷകയായ സന്യാസിനി; നീതിപീഠത്തിനു മുന്നില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ശബ്ദമായി സിസ്റ്റര്‍ ജോയ്സി

വത്തിക്കന്‍ സിറ്റി: 'നീതിപൂര്‍വം വിധിക്കാനും ദരിദ്രരുടെയും അഗതികളുടെയും അവകാശങ്ങള്‍ പരിരക്ഷിക്കാനും വേണ്ടി വാക്കുകള്‍ ഉപയോഗിക്കുക' (സുഭാഷിതങ്ങള്‍ 31:9)

ബൈബിളിലെ ഈ വചനം അക്ഷരാര്‍ത്ഥത്തില്‍ ജീവിതത്തിലേക്കു പകര്‍ത്തിയിരിക്കുകയാണ് കന്യാസ്ത്രീയും അഭിഭാഷകയുമായ സിസ്റ്റര്‍ ജോയ്സി. സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ മനുഷ്യാവകാശങ്ങള്‍ക്കായി തന്റെ വാക്കുകള്‍ നീതിപീഠത്തിനു മുന്നില്‍ ശ്രദ്ധാപൂര്‍വം ഉപയോഗിക്കുന്ന സിസ്റ്റര്‍ ജോയ്സിയുടെ പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു. അന്താരാഷ്ട്ര മനുഷ്യാവകാശ ദിനത്തില്‍ സിസ്റ്റര്‍ ജോയ്സിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് വത്തിക്കാന്‍ ന്യൂസ് പ്രസിദ്ധീകരിച്ചത് ആ ദൈവീക വേലയ്ക്കുള്ള അംഗീകാരമായി.

സിസ്റ്റേര്‍സ് ഓഫ് ചാരിറ്റി ഓഫ് നസ്രത്ത് അംഗമായ സിസ്റ്റര്‍ ജോയ്‌സി സമൂഹത്തില്‍ അവഗണിക്കപ്പെടുന്നവരുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കാന്‍ തന്റെ ജീവിതം സമര്‍പ്പിച്ചിരിക്കുകയാണ്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങള്‍ പ്രത്യേകിച്ച്, വയനാട് ജില്ലയിലെ ആദിവാസികള്‍, സ്ത്രീകള്‍, കുട്ടികള്‍, ചെറുകിട കര്‍ഷകര്‍ എന്നിവരുടെ അന്തസ്, സ്വാതന്ത്ര്യം, മനുഷ്യാവകാശങ്ങള്‍ എന്നിവയുടെ സംരക്ഷണത്തിനായി അവര്‍ നിലകൊള്ളുന്നു.

നിയമ വ്യവസ്ഥയിലൂടെ പാവപ്പെട്ടവര്‍ക്ക് സൗജന്യമായി നീതി നേടിക്കൊടുക്കാനാണ് സിസ്റ്റര്‍ ജോയ്സിയുടെ ശ്രമം. പണിയ ആദിവാസി ഗോത്രത്തില്‍പെട്ട ഒരു സ്ത്രീയുടെ അപകട മരണത്തിന് നഷ്ടപരിഹാരം നേടിയെടുക്കാന്‍ ഉള്‍പ്പെടെ വെല്ലുവിളി നിറഞ്ഞ കേസുകള്‍ സിസ്റ്റര്‍ ജോയ്‌സി ഏറ്റെടുത്തു. ആ ശ്രമങ്ങള്‍ ഫലം കണ്ടു. കുടുംബത്തിന് സര്‍ക്കാരില്‍ നിന്ന് നഷ്ടപരിഹാരം ലഭിച്ചു. ഈ വിജയം നീതിപീഠത്തിലുള്ള തന്റെ വിശ്വാസത്തെ ബലപ്പെടുത്തിയതായി അവര്‍ വത്തിക്കാന്‍ ന്യൂസിനോട് പറഞ്ഞു.

കേരള സര്‍ക്കാരിന്റെ വനിതാ ശിശു വകുപ്പിന് കീഴില്‍ ലീഗല്‍ കൗണ്‍സിലറായി നിയമിതയായതോടെ സിസ്റ്റര്‍ ജോയിസിയുടെ കര്‍മപഥം കൂടുതല്‍ വിപുലീകരിക്കപ്പെട്ടു. ഗാര്‍ഹിക പീഡന കേസുകള്‍ കൈകാര്യം ചെയ്യാനും ഇരകള്‍ക്ക് സൗജന്യ നിയമ സഹായവും മാനസിക പിന്തുണയും നല്‍കാനും കഴിഞ്ഞു. നിയമപരവും വൈകാരികവുമായ വെല്ലുവിളികളെ നേരിടാനുള്ള പ്രാപ്തി അവര്‍ക്ക് നല്‍കുന്നു.

സന്നദ്ധപ്രവര്‍ത്തകരുടെ സമര്‍പ്പിത സംഘവും സിസ്റ്റര്‍ ജോയ്‌സിയെ സജീവമായി പിന്തുണയ്ക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ, സിസ്റ്റര്‍ ജോയിസി 105 ഗാര്‍ഹിക പീഡന കേസുകളും കുടുംബ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട 30 കേസുകളും സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട 17 കേസുകളും കൈകാര്യം ചെയ്തിട്ടുണ്ട്. ഇതുകൂടാതെ 117 കൗണ്‍സിലിംഗ് സെഷനുകളിലും പങ്കെടുത്തു.

ദൈവത്തിലുള്ള തന്റെ സമര്‍പ്പണത്തിലൂടെയും നീതിപീഠത്തിലുള്ള വിശ്വാസത്തിലൂടെയും മുന്‍നിര മനുഷ്യാവകാശപ്രവര്‍ത്തകയായി, നിര്‍ധനരുടെ ആശ്രയമായി മുന്നോട്ടു പോകുകയായാണ് സിസ്റ്റര്‍ ജോയ്സി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.