ക്രൈസ്തവര്‍ക്ക് സിറിയ അപകട മേഖലയായി മാറുന്നു; ഭക്ഷണം ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ പിടിച്ചെടുത്ത് വിമതര്‍

ക്രൈസ്തവര്‍ക്ക് സിറിയ അപകട മേഖലയായി മാറുന്നു; ഭക്ഷണം ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ പിടിച്ചെടുത്ത് വിമതര്‍

ദമാസ്‌കസ്: സിറിയയില്‍ വിമതര്‍ അധികാരം പിടിച്ചെടുത്തതോടെ ന്യൂനപക്ഷമായ ക്രൈസ്തവര്‍ക്ക് ലഭ്യമായിക്കൊണ്ടിരുന്ന മാനുഷിക സഹായങ്ങള്‍ വിമത സംഘങ്ങള്‍ പിടിച്ചെടുക്കുന്നു. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'ഗ്ലോബല്‍ ക്രിസ്റ്റ്യന്‍ റിലീഫ്' (ജി.സി.ആര്‍) എന്ന സംഘടനയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

തങ്ങള്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി സിറിയയില്‍ മാനുഷിക സഹായങ്ങള്‍ ചെയ്തുകൊണ്ടിരിക്കുകയായിരുന്നെന്നും എന്നാല്‍ ഭക്ഷണ സാധനങ്ങള്‍ ഉള്‍പ്പെടെയുള്ള തങ്ങളുടെ ശേഖരങ്ങളില്‍ ചിലത് വിമതര്‍ പിടിച്ചെടുത്തുവെന്നും സിറിയന്‍ ക്രൈസ്തവരെ സഹായിക്കുന്ന ഗ്ലോബല്‍ ക്രിസ്റ്റ്യന്‍ റിലീഫ് വ്യക്തമാക്കി.

തങ്ങളുടെ കൈയില്‍ ബാക്കിയുള്ള സാധനങ്ങള്‍ കഴിയുന്നത്ര ജാഗ്രതയോടെ പലായനം ചെയ്യുന്നവര്‍ക്ക് വിതരണം ചെയ്യുവാനാണ് പദ്ധതിയെന്നും ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം സിറിയ ഇപ്പോള്‍ വളരെ അപകടകരമായ ഒരു മേഖലയായി മാറിയിരിക്കുകയാണെന്നും ജി.സി.ആറിന്റെ പ്രസിഡന്റും സി.ഇ.ഒയുമായ ഡേവിഡ് കറി പറഞ്ഞു.

ഏതാണ്ട് ഇരുപതിനായിരത്തോളം പേരുടെ വിശപ്പകറ്റുവാന്‍ പോന്ന ഭക്ഷ്യ സാധനങ്ങള്‍ക്ക് പുറമേ വെള്ളവും മരുന്നുകളും വിമതര്‍ മോഷ്ടിച്ചു. ആലപ്പോ ചരിത്രപരമായി ക്രിസ്ത്യന്‍ വിശ്വാസത്തിന്റെ കേന്ദ്രമായിരുന്നെന്നും ഇപ്പോള്‍ ഇവിടുത്തെ ക്രൈസ്തവ ജനസംഖ്യ കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നും ഡേവിഡ് കറി കൂട്ടിച്ചേര്‍ത്തു. ഇസ്ലാമിക് സ്റ്റേറ്റ്, അല്‍ക്വയ്ദ എന്നീ തീവ്രവാദി സംഘടനകളുടെ ഒരു പുനരവതാരമാണ് ഹയാത്ത് താഹിര്‍ അല്‍-ഷാം എന്ന വിമത സേന.

ഒരു ദശകത്തിന് മുന്‍പ് ആഭ്യന്തര യുദ്ധം ആരംഭിക്കുമ്പോള്‍ സിറിയന്‍ ക്രൈസ്തവരുടെ എണ്ണം 15 ലക്ഷം (ആകെ ജനസംഖ്യയുടെ 10%) വരുമായിരുന്നു. ഇപ്പോള്‍ അത് ഏതാണ്ട് മൂന്ന് ലക്ഷമായി കുറഞ്ഞു. ആലപ്പോയില്‍ വിമതപക്ഷം പിടിമുറുക്കിയതിന് ശേഷം ഭക്ഷണത്തിനും വെള്ളത്തിനും കടുത്ത ക്ഷാമമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.

ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള സാധാരണക്കാരുടെ ജീവിതം തടസപ്പെടുത്തിക്കൊണ്ട് വിമതര്‍ 'കര്‍ഫ്യു 'ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അതേസമയം സിറിയയില്‍ തുടരുന്ന ക്രിസ്ത്യന്‍ നേതാക്കളുടെ ആത്മീയ മാര്‍ഗ നിര്‍ദേശങ്ങളുടെ അടിസ്ഥനത്തില്‍ ക്രൈസ്തവര്‍ തങ്ങളുടെ വിശ്വാസവും പാരമ്പര്യവും മുന്നോട്ട് കൊണ്ടുപോകുവാന്‍ ശ്രമിക്കുന്നുണ്ടെന്നും ഡേവിഡ് കറി പറഞ്ഞു.

സിറിയന്‍ ക്രൈസ്തവര്‍ രാജ്യത്തിന്റെ സാമൂഹ്യ ഘടനയുടെ അവിഭാജ്യ ഘടകമായി തുടരുമെന്നും ക്രിസ്ത്യന്‍ ദേവാലയങ്ങളിലും സഭാ സ്വത്തുക്കളിലും സ്പര്‍ശിക്കുക പോലുമില്ലെന്ന് വിമത സേനയില്‍ നിന്ന് ആവര്‍ത്തിച്ച് ഉറപ്പുകള്‍ കിട്ടിയിട്ടുണ്ടെന്ന് ആലപ്പോയിലെ അപ്പസ്‌തോലിക വികാരിയും സിറിയയിലെ ലാറ്റിന്‍ സഭാ തലവനുമായ ബിഷപ്പ് ഹന്നാ ജല്ലൌഫ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ക്രൈസ്തവരുടെ ദുരവസ്ഥ വ്യക്തമാക്കി ജി.സി.ആര്‍ രംഗത്തെത്തിയിട്ടുള്ളത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.