നാഗ്പുര്‍: മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്നാവിസ് സര്‍ക്കാര്‍ വിപുലീകരിച്ചു. ഇന്ന് 39 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. നാഗ്പൂരിലെ രാജ്ഭവനിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്.
അധികാര തര്‍ക്കത്തെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് മൂന്നാഴ്ചയ്ക്ക് ശേഷമാണ് മഹാരാഷ്ട്രയില്‍ മന്ത്രിസഭാ രൂപീകരണം പൂര്‍ത്തിയായത്. പരമാവധി 43 മന്ത്രിമാരെയാണ് മന്ത്രി സഭയില്‍ ഉള്‍ക്കൊള്ളിക്കാനാകുക. ഇന്ന് സത്യപ്രതിജ്ഞ ചെയ്ത 39 പേരും മുഖ്യമന്ത്രിയും രണ്ട് ഉപമുഖ്യമന്ത്രിമാരും അടക്കം ഇപ്പോള്‍ 42 പേരായി.
ഇന്ന് സത്യപ്രതിജ്ഞ ചെയ്ത 39 മന്ത്രിമാരില്‍ 19 പേരും ബിജെപിയില്‍ നിന്നുള്ളവരാണ്. 11 ശിവസേന എംഎല്‍എമാരും ഒമ്പത് എന്‍സിപി എംഎല്‍എമാരും മന്ത്രിമാരായി. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഉപമുഖ്യമന്ത്രിമാരായ ഏക്നാഥ് ഷിന്‍ഡെ, അജിത് പവാര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
ചന്ദ്രശേഖര്‍ ബവന്‍കുലെ, പങ്കജ മുണ്ടെ, നിതേഷ് റാണ, ശിവസേനയുടെ ഗുലാബ്രാവു പാട്ടീല്‍, ഉദയ് സാമന്ത്, എന്‍സിപിയുടെ ധനഞ്ജയ് മുണ്ടെ, ബാബാ സാഹേബ് പാട്ടീല്‍ തുടങ്ങിയവരടക്കമാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്.
മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ഉപമുഖ്യമന്ത്രി അജിത് പവാറും ഡല്‍ഹിയിലെത്തി അമിത് ഷായുമായി മന്ത്രിസഭാ വികസനം സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിയിരുന്നു. നിയമ സഭയുടെ ശൈത്യകാല സമ്മേളനം തിങ്കളാഴ്ച ആരംഭിക്കാനിരിക്കെയാണ് സത്യപ്രതിജ്ഞ.
ഡിസംബര്‍ അഞ്ചിന് മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തുവെങ്കിലും മന്ത്രിസഭാ വികസനം നീളുകയായിരുന്നു. ആഭ്യന്തര വകുപ്പ് ലഭിച്ചില്ലെങ്കില്‍ റവന്യു വകുപ്പെങ്കിലും ലഭിക്കണമെന്ന് ഷിന്‍ഡെ ആവശ്യപ്പെടുന്നു. എന്നാല്‍, നഗര വികസനമേ ലഭിക്കുകയുള്ളൂവെന്നാണ് അറിയുന്നത്.
ഷിന്‍ഡെ വിഭാഗത്തിന് പൊതുമരാമത്ത് വകുപ്പ് ബിജെപി വിട്ടുകൊടുത്തേക്കും. സ്‌കൂള്‍ വിദ്യാഭ്യാസം, തൊഴില്‍, എക്‌സൈസ്, ജലവിതരണം, ട്രാന്‍സ്‌പോര്‍ട്ട് എന്നീ വകുപ്പുകളും ഷിന്‍ഡെ വിഭാഗത്തിന് ലഭിച്ചേക്കും.
അജിത് പവാര്‍ പക്ഷത്തിന് ധനവകുപ്പ് കൂടാതെ ഭവന വകുപ്പ്, മെഡിക്കല്‍ വിദ്യാഭ്യാസം, ഭക്ഷ്യ വിതരണം, വനിതാ ശിശുക്ഷേമം, ദുരിതാശ്വാസം, പുനരധിവാസം തുടങ്ങിയ വകുപ്പുകളാണ് ലഭിക്കുകയെന്നും സൂചനയുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.