സംശയത്തോടെയല്ല, സന്തോഷഭരിതമായ പ്രത്യാശയോടെ മിശിഹായുടെ വരവിനായി കാത്തിരിക്കുക; കോര്‍സിക്കയില്‍നിന്നും മാര്‍പാപ്പയുടെ ഞായറാഴ്ച സന്ദേശം

സംശയത്തോടെയല്ല, സന്തോഷഭരിതമായ പ്രത്യാശയോടെ മിശിഹായുടെ വരവിനായി കാത്തിരിക്കുക; കോര്‍സിക്കയില്‍നിന്നും മാര്‍പാപ്പയുടെ ഞായറാഴ്ച സന്ദേശം

അജാസിയോ: ആത്മീയ നവീകരണത്തോടും സന്തോഷഭരിതമായ പ്രത്യാശയോടുംകൂടെ ക്രിസ്തുവിന്റെ ആഗമനത്തെ വരവേല്‍ക്കാന്‍ ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് പാപ്പ. ലോകത്തില്‍ നാം നേരിടുന്ന വെല്ലുവിളികള്‍ക്കിടയിലും വിനയവും പ്രതീക്ഷയും കൈവിടാതെ പരസ്‌നേഹ പ്രവൃത്തികളിലൂടെ ക്രിസ്മസിനായി ഒരുങ്ങണമെന്നും മാര്‍പാപ്പ വിശ്വാസികളോട് അഭ്യര്‍ത്ഥിച്ചു.

മെഡിറ്ററേനിയന്‍ ഫ്രഞ്ച് ദ്വീപായ കോര്‍സിക്കയിലേക്ക് നടത്തിയ ഏകദിന അപ്പസ്‌തോലിക യാത്രയുടെ അവസാന പൊതുപരിപാടി എന്ന നിലയില്‍, തലസ്ഥാനമായ അജാസിയോയിലെ തുറന്ന വേദിയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കുകയായിരുന്നു പാപ്പാ. മിശിഹായുടെ വരവ് പ്രഖ്യാപിച്ച സ്‌നാപക യോഹന്നാന്റെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട്, ആത്മീയ നവീകരണത്തിന്റെയും മാനസാന്തരത്തിന്റെയും സന്ദേശം സ്വീകരിക്കണമെന്ന് പരിശുദ്ധ പിതാവ് അവിടെ സന്നിഹിതരായിരുന്ന എല്ലാവരെയും ഉദ്‌ബോധിപ്പിച്ചു.

'ഞങ്ങള്‍ എന്താണു ചെയ്യേണ്ടത്'?

(ലൂക്കാ 3 : 10) ജനക്കൂട്ടം സ്‌നാപക യോഹന്നാനോടു ചോദിച്ച ഈ ചോദ്യം നമ്മോടുതന്നെ ചോദിച്ചുകൊണ്ട്, നമ്മുടെ പ്രവൃത്തികളെയും മനോഭാവത്തെയുംകുറിച്ച് ചിന്തിക്കുകയും കര്‍ത്താവിന്റെ വരവിനായി ഒരുങ്ങുകയും ചെയ്യാം - മാര്‍പാപ്പ പറഞ്ഞു. സ്വയം നീതിമാന്മാരെന്ന് നടിച്ചിരുന്ന ഫരിസേയരും നിയമജ്ഞരുമല്ല ഈ ചോദ്യം ചോദിച്ചത്, മറിച്ച്, സമൂഹം ഭ്രഷ്ട് കല്‍പ്പിച്ചിരുന്ന ചുങ്കക്കാരും പട്ടാളക്കാരുമാണ്. വഞ്ചനയും അക്രമവും നിറഞ്ഞ തങ്ങളുടെ ഭൂതകാലത്തെക്കുറിച്ചുള്ള മനസിന്റെ നോവു മൂലമാണ് മാനസാന്തരത്തിനായുള്ള യോഹന്നാന്റെ ക്ഷണം സ്വീകരിക്കാന്‍ അവര്‍ തയ്യാറായത്.

സുവിശേഷം എക്കാലവും നല്‍കുന്ന സന്ദേശവും ഇതുതന്നെയാണ്. നമ്മുടെ മുന്‍കാല പരാജയങ്ങളും വീഴ്ചകളും പരിഗണിക്കാതെ മാനസാന്തരത്തിനായി അതു നമ്മെ ക്ഷണിക്കുന്നു. അതിനാല്‍, ഈ ആഗമനകാലത്ത് നമ്മുടെ ഹൃദയങ്ങളെ എളിമപ്പെടുത്തി ക്രിസ്തുവിന്റെ വരവിനായി നമുക്ക് ഒരുങ്ങാം - പാപ്പ പറഞ്ഞു.

രണ്ടുതരം കാത്തിരിപ്പുകള്‍

മിശിഹായുടെ വരവിനായി രണ്ടുതരം കാത്തിരിപ്പുകളുണ്ടെന്ന് മാര്‍പാപ്പ എടുത്തുപറഞ്ഞു. ആദ്യത്തേത്, സംശയത്തോടെയുള്ളതും രണ്ടാമത്തേത്, സന്തോഷനിര്‍ഭരമായ പ്രത്യാശയോടെയുള്ളതും. ഉത്കണ്ഠ, അവിശ്വാസം, ലൗകികമായ ആശങ്കകള്‍ എന്നിവയാണ് സംശയത്തിനുള്ള കാരണങ്ങള്‍. ഇത് ദൈവപരിപാലനയെ നമ്മുടെ ദൃഷ്ടിയില്‍ നിന്ന് മറയ്ക്കുകയും നമ്മില്‍തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഇടയാക്കുകയും ചെയ്യും.

എന്നാല്‍ ആനന്ദത്തോടും പ്രത്യാശയോടുംകൂടെയാണ് നാം മിശിഹായെ കാത്തിരിക്കേണ്ടതെന്ന് പാപ്പാ പറഞ്ഞു. ക്രിസ്തീയമായ ആനന്ദം ആഴമില്ലാത്തതോ ക്ഷണികമോ ആയ ഒന്നല്ല. നേരെമറിച്ച്, അത് ഹൃദയത്തില്‍ വേരൂന്നിയതും ഉറപ്പുള്ള അടിത്തറയില്‍ പണിയപ്പെട്ടതുമാണ്. 'വിജയവും രക്ഷയും നല്‍കുന്ന കര്‍ത്താവ് നമ്മുടെ മധ്യേ ഉള്ളതിനാല്‍ ആനന്ദിക്കുവിന്‍' എന്ന് ആഹ്വാനം ചെയ്ത സെഫാനിയ പ്രവാചകന്റെ വാക്കുകള്‍ മാര്‍പാപ്പ അനുസ്മരിച്ചു. കര്‍ത്താവിന്റെ ആഗമനത്തിലൂടെ നമുക്ക് രക്ഷ കൈവരുന്നു; ഇതാണ് നമ്മുടെ ആനന്ദത്തിന്റെ കാരണം. ജീവിതത്തിലെ കഷ്ടപ്പാടുകള്‍ മറക്കുന്നതിലല്ല മറിച്ച്, ദൈവസന്നിധിയില്‍ ശക്തിയും സമാധാനവും കണ്ടെത്തുന്നതിലാണ് ഈ ആനന്ദം അടങ്ങിയിരിക്കുന്നത്.

അജാസിയോയിലെ പ്രാദേശിക സഭാസമൂഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍

അജാസിയോയിലെ പ്രാദേശിക സഭാ സമൂഹവും ഭക്തസംഘടനകളും നടത്തിവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെയും ഭക്തകൃത്യങ്ങളെയും ഫ്രാന്‍സിസ് പാപ്പ അംഗീകരിക്കുകയും പ്രശംസിക്കുകയും ചെയ്തു. ക്രിസ്തു പ്രദാനം ചെയ്യുന്ന ആനന്ദത്തിന്റെ ചൈതന്യം ഉള്‍ക്കൊണ്ട് ദരിദ്രരെ സേവിക്കുന്നത് തുടരാന്‍ പാപ്പാ വിശ്വാസികള്‍ക്ക് പ്രോത്സാഹനം നല്‍കി.

സമാധാനവും പ്രത്യാശയും വളര്‍ത്തുന്നവരാകണമെന്ന് എല്ലാവരോടും പ്രത്യേകിച്ച്, ജ്ഞാനസ്‌നാനവും മറ്റു കൂദാശകളും സ്വീകരിക്കാനായി ഒരുങ്ങിക്കൊണ്ടിരിക്കുന്ന യുവതലമുറയോടും പരിശുദ്ധ പിതാവ് ആഹ്വാനം ചെയ്തു. സഭയുടെ പ്രഘോഷണശൈലി ആനന്ദത്തിന്റേതാണ്. ക്രിസ്തുവിന്റെ വെളിച്ചത്തിനുവേണ്ടി അത്യധികം കാംക്ഷിക്കുന്ന ലോകത്തിന് അത് കാട്ടിക്കൊടുക്കണമെന്നും മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.

മുന്‍കൂട്ടി തയ്യാറാക്കിയതില്‍ നിന്നും വ്യത്യസ്തമായ പല പരാമര്‍ശങ്ങളും മാര്‍പാപ്പ പ്രസംഗത്തിനിടെ നടത്തി. ജനസമൂഹത്തിന്റെ ജ്ഞാനം കുടികൊള്ളുന്നത് വയോധികരിലാന്നെന്നും അതിനാല്‍ അവരെ ശ്രദ്ധയോടെ പരിചരിക്കണമെന്നും പാപ്പ പറഞ്ഞു. വിശുദ്ധ കുര്‍ബാനയില്‍ സംബന്ധിക്കാന്‍ എത്തിയ കുട്ടികളുടെ എണ്ണത്തെക്കുറിച്ച് പരാമര്‍ശിച്ച പാപ്പ, 'പുഞ്ചിരിക്കാന്‍ മറന്നുപോകുന്ന' ബാല്യങ്ങള്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും ഉണ്ടെന്നുള്ള കാര്യം അവരെ ഓര്‍മ്മപ്പെടുത്തി.

ക്രിസ്തുവിന്റെ സന്തോഷം

അവസാനമായി, ഇന്ന് ലോകം നേരിട്ടുകൊണ്ടിരിക്കുന്ന കഠിനമായ ദാരിദ്ര്യം, യുദ്ധം, അഴിമതി, അക്രമം മുതലായ വെല്ലുവിളികളെക്കുറിച്ച് പരിശുദ്ധ പിതാവ് പറഞ്ഞു. ഇവയ്‌ക്കെല്ലാമിടയിലും, ദൈവവചനം നമുക്ക് സ്ഥായിയായ പ്രചോദനം നല്‍കുന്നതായി പാപ്പാ ചൂണ്ടിക്കാട്ടി. അതിനാല്‍, കര്‍ത്താവിന്റെ വരവ് അടുത്തുവരുന്നതിനെ കുറിച്ച് അചഞ്ചലമായ പ്രത്യാശയോടെ സഭ പ്രഖ്യാപിക്കുകയും സമാധാനത്തിനും നീതിക്കും വേണ്ടി പ്രവര്‍ത്തിക്കാനുള്ള ശക്തി കണ്ടെത്തുകയും ചെയ്യുന്നു. 'എല്ലാ സമയത്തും പ്രത്യേകിച്ച്, എല്ലാ കഷ്ടതകളിലും ക്രിസ്തുവിന്റെ സന്തോഷമാണ് നമ്മുടെ സന്തോഷത്തിന്റെ ഉറവിടമായി നിലകൊള്ളുന്നത്' - ഈ വാക്കുകളോടെ പാപ്പ തന്റെ സന്ദേശം ഉപസംഹരിച്ചു.

മാർപാപ്പയുടെ ഇതുവരെയുള്ള ഞായറാഴ്ച ദിന സന്ദേശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.