ടിബിലീസി: ജോര്‍ജിയയിലെ പ്രശസ്തമായ റിസോര്‍ട്ടില്‍ വിഷവാതകം ശ്വസിച്ച് 11 ഇന്ത്യന്‍ പൗരന്മാര്‍ ഉള്‍പ്പെട 12 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. സമുദ്രനിരപ്പില്‍ നിന്ന് 2,200 മീറ്റര്‍ ഉയരത്തിലുള്ള ഗുഡൗരിയിലെ സ്‌കീ റിസോര്‍ട്ടില്‍ ആണ് അത്യന്തം ദാരുണമായ സംഭവമുണ്ടായത്. റിസോര്‍ട്ടിലെ ഇന്ത്യന്‍ റസ്റ്റോറന്റില്‍ ജോലി ചെയ്യുന്നവരാണ് മരിച്ചതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. സംഭവത്തില്‍ ജോര്‍ജിയന്‍ ആഭ്യന്തര മന്ത്രാലയം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മരിച്ച 12 പേരില്‍ ഒരാള്‍ ജോര്‍ജിയന്‍ പൗരനാണെന്ന് ജോര്‍ജിയന്‍ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. റസ്റ്റോറന്റിന്റെ ഭാഗമായ രണ്ടാംനിലയിലുള്ള കിടപ്പുമുറികളിലാണ് മൃതദേഹം കണ്ടെത്തിയത്. കെട്ടിടത്തിനുള്ളില്‍ സ്ഥാപിച്ചിരുന്ന ജനറേറ്ററില്‍ നിന്നുള്ള വിഷപ്പുക ശ്വസിച്ചതാകാം മരണകാരണം എന്നാണ് പ്രാഥമിക നിഗമനം.
സംഭവ സമയത്ത് സ്ഥലത്തുണ്ടായിരുന്ന എല്ലാവരും മരണപ്പെട്ടുവെന്നാണ് പൊലീസ് നല്‍കുന്ന വിവരമെന്ന് പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വൈദ്യുതി തടസം സംഭവിച്ചാല്‍ ഉപയോഗിക്കാന്‍ പാകത്തിന് വെള്ളിയാഴ്ചയാണ് ജനറേറ്റര്‍ ഇവിടെ എത്തിച്ചത്.
അതേസമയം, കൊലപാതകം ആണോ എന്നതടക്കം അന്വേഷണ പരിധിയില്‍ ഉണ്ടെന്ന് ജോര്‍ജിയ പോലീസ് പറഞ്ഞു. മൃതശരീരങ്ങളില്‍ മുറിപ്പാടുകളോ ബലപ്രയോഗം നടന്നതിന്റെ പാടുകളോ ഇല്ലെന്നും ജോര്‍ജിയ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നുവെന്നും മൃതദേഹങ്ങള്‍ എത്രയും വേഗം ഇന്ത്യയില്‍ എത്തിക്കാനുള്ള ശ്രമം തുടരുകയാണെന്നും ടിബിലീസി ഇന്ത്യന്‍ എംബസി അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.