റഷ്യയുടെ ആണവ സംരക്ഷണ സേനാ തലവനെ വധിച്ചത് ഉക്രെയ്‌നെന്ന് സ്ഥിരീകരണം; ഒരാഴ്ചക്കുള്ളില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെ പ്രമുഖന്‍

റഷ്യയുടെ ആണവ സംരക്ഷണ സേനാ തലവനെ വധിച്ചത് ഉക്രെയ്‌നെന്ന് സ്ഥിരീകരണം; ഒരാഴ്ചക്കുള്ളില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെ പ്രമുഖന്‍

മിസൈല്‍ വിദഗ്ധനായ മിഖായേല്‍ ഷാറ്റ്സ്‌കി കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടിരുന്നു.

മോസ്‌കോ: റഷ്യയുടെ ആണവ സംരക്ഷണ സേനയുടെ തലവന്‍ ഇഗോര്‍ കിറിലോവിനെ വധിച്ചത് തങ്ങളാണെന്ന് ഉക്രെയ്ന്‍ സ്ഥിരീകരിച്ചു. ഇലക്ട്രിക് സ്‌കൂട്ടറില്‍ ഒളിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ച് ഇന്നലെയായിരുന്നു കിറിലോവ് കൊല്ലപ്പെട്ടത്. റഷ്യയുടെ ആണവ, രാസ, ജൈവായുധങ്ങളുടെ തലവനായിരുന്നു അദേഹം.

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ രണ്ട് വിശ്വസ്തരെയാണ് കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ റഷ്യയില്‍ കടന്നു കയറി നടത്തിയ ഓപ്പറേഷനിലൂടെ ഉക്രെയ്ന്‍ വകവരുത്തിയത്. മിസൈല്‍ വിദഗ്ധനായ മിഖായേല്‍ ഷാറ്റ്സ്‌കി കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടിരുന്നു.

റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തില്‍ റഷ്യന്‍ ആക്രമണങ്ങളെ മുന്നില്‍ നിന്ന് നയിച്ചവരില്‍ പ്രമുഖരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. നാറ്റോ രാജ്യങ്ങളുടെ പിന്തുണയോടെയാണ് ഉക്രെയ്ന്‍ ആക്രമണമെന്നാണ് റിപ്പോര്‍ട്ട്.

ഉക്രെയ്‌നില്‍ രാസായുധം പ്രയോഗിച്ച് നിരവധിയാളുകളെ കൊലപ്പെടുത്തിയവരാണ് ഇവരെന്നും അതുകൊണ്ടാണ് അവരെ വധിക്കാന്‍ തങ്ങള്‍ പദ്ധതിയിട്ടതെന്നുമാണ് ഉക്രെയ്ന്‍ പറയുന്നത്.

അതിനിടെ റഷ്യ-ഉക്രെയ്ന്‍ യുദ്ധം പുതിയ വഴിത്തിരിവിലേക്ക് നീങ്ങുന്നുവെന്നാണ് സമീപകാല സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. റഷ്യ ഭൂഖണ്ഡാനന്തര മിസൈല്‍ പ്രയോഗിക്കുകയും വേണ്ടി വന്നാല്‍ ആണവായുധം ഉപയോഗിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ആണവായുധ സംരക്ഷണ സേനയുടെ തലവനെ തന്നെ ഉക്രെയ്ന്‍ കൊലപ്പെടുത്തിയിരിക്കുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.