ചങ്ങനാശേരി : ചങ്ങനാശേരി അതിരൂപതയുടെ മുൻ അധ്യക്ഷൻ മാർ ജോസഫ് പെരുന്തോട്ടം പൗരോഹിത്യ ശുശ്രൂഷയിൽ 50 ൻറെ നിറവിൽ. വിശ്വാസ സമൂഹത്തിന്റെ ആത്മീയ വളർച്ചയ്ക്കായി എന്നും അജഗണങ്ങൾക്കൊപ്പം നിലകൊള്ളുന്ന ഇടയനായ മാർ ജോസഫ് പെരുന്തോട്ടം മാതൃകയാണ്.
76 കാരനായ മാർ പെരുന്തോട്ടം 1974 ഡിസംബർ 18നാണ് പൗരോഹിത്യം സ്വീകരിച്ചത്. മെത്രാപ്പൊലിത്ത സ്ഥാനം ഒഴിഞ്ഞ ശേഷം ഇത്തിത്താനത്തുള്ള പ്രീസ്റ്റ് ഹോമിൽ വിശ്രമ ജീവിതത്തിലാണ്. പുസ്തക രചനയും ആതുരസേവനവുമായി സമയം ചിലവഴിക്കുന്നു.
പുന്നൂത്തറ സെൻറ് തോമസ് ഇടവകയിലെ പെരുന്തോട്ടം കുടുംബത്തിൽ 1948 ജൂലൈ അഞ്ചിനായിരുന്നു ജനനം. കുറിച്ചി സെൻറ് തോമസ് മൈനർ സെമിനാരി, വടവാതൂർ സെൻറ് തോമസ് അപ്പോസ്തലിക് സെമിനാരി എന്നിവിടങ്ങളിലെ വൈദിക പരിശീലനത്തിന് ശേഷം മുൻ ചങ്ങനാശേരി ആർച്ച് ബിഷപ് മാർ ജോസഫ് പൗവത്തിലിൽ നിന്ന് പൗരോഹിത്യം സ്വീകരിച്ചു.
2002 ഏപ്രിൽ 24ന് ചങ്ങനാശേരി അതിരൂപത സഹായ മെത്രാനായി നിയമിതനായ പെരുന്തോട്ടം 2007 മാർച്ച് 17ന് അതിരൂപത മെത്രാപ്പോലീത്തയായി ചുമതലയേറ്റു.
17 വർഷത്തെ മേലധ്യക്ഷ ശുശ്രൂഷക്ക് ശേഷം 2024 ഒക്ടോബർ 31ന് വിരമിച്ചു.
മെത്രാപ്പൊലീത്തയെന്ന നിലയിൽ സഭയെയും വിശ്വാസിസമൂഹത്തെയും ഉയർച്ചയുടെ പടവുകളിലേക്ക് നയിച്ചായാളാണ് മാർ ജോസഫ് പെരുന്തോട്ടം. മാർ പെരുന്തോട്ടം അതിരൂപതയുടെ സാരഥ്യം ഏറ്റെടുത്തയുടൻ ആരാധനാവത്സര മാർഗരേഖ പുറത്തിറക്കി.
വയോധികമാതാക്കളെ പുനരധിവസിപ്പിക്കുന്നതിനായി നെടുംകുന്നം മദർ തെരേസാ അമ്മവീട്, കോട്ടയം മെഡിക്കൽ കോളജിലെത്തുന്ന വൃക്കരോഗികളുടെ സഹായത്തിനായി അതിരമ്പുഴ മദർതെരേസ കെയർഹോം, ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിനോടനുബന്ധിച്ച് രോഗികൾക്കും കൂട്ടിരിക്കുന്നവർക്കും താമസത്തിനും ആശുപത്രിയിൽ സൗജന്യ ഭക്ഷണം നൽകുന്നതിനുമായി മദർ തെരേസ കെയർ ഫോം, ഓട്ടിസം ലക്ഷണങ്ങളുള്ള കുട്ടികളുടെ പരിശീലനത്തിനായി നെടുംകുന്നം പ്രഷ്യസ് സ്‌കൂൾ എന്നിവ ആർച്ച് ബിഷപ്പിന്റെ സാമൂഹിക പ്രതിബദ്ധതയുടെ ഉദാഹരണങ്ങളാണ്. 2018-ൽ കുട്ടനാട് പ്രളയദുരിതത്തിൽപ്പട്ടവർക്കായി 100 കോടിരൂപയുടെ ക്ഷേമപദ്ധതികളാണ് നടപ്പാക്കിയത്.
സിബിസിഐ, കെസിബിസി, സിറോ മലബാർ സിനഡ് എന്നിവയുടെ എക്യുമെനിക്കൽ കമീഷൻ ചെയർമാനായും സിറോ മലബാർ സെൻട്രൽ ലിറ്റർജിക്കൽ കമ്മിറ്റി അംഗമായും ദീർഘകാലം പ്രവർത്തിച്ചു. സഭാ സംബന്ധമായ 23 പുസ്തകം രചിച്ചു. ഇപ്പോൾ തുർക്കിയിലെ നിസിബിസ് സന്ദർശനത്തിലാണ് മാർ പെരുന്തോട്ടം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.