തിരുവനന്തപുരം: അനധികൃതമായി സാമൂഹ്യക്ഷേമ പെന്‍ഷന്‍ കൈപ്പറ്റിയ സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുമായി സര്‍ക്കാര്‍. കൃഷി വകുപ്പിലെ ആറ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. മണ്ണ് സുരക്ഷാ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടി.
ഓഫീസിലെ ഉന്നത ഓഫീസര്‍ മുതല്‍ പാര്‍ട്ട് ടൈം സ്വീപ്പര്‍ വരെ അനധികൃതമായി പെന്‍ഷന്‍ കൈപ്പറ്റിയതായി കണ്ടെത്തിയിരുന്നു. 18 ശതമാനം പലിശ സഹിതം തുക തിരിച്ച് അടക്കാനും അധികൃതര്‍ നിര്‍ദേശിച്ചു. മണ്ണ് പര്യവേഷണ-മണ്ണ് സംരക്ഷണ വകുപ്പ് ഡയറക്ടര്‍ സാജു കെ. സുരേന്ദ്രനാണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്.
കാസര്‍കോട് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസ് ഗ്രേഡ് -2 അറ്റന്‍ഡര്‍ സാജിത കെ.എ, വടകര മണ്ണ് സംരക്ഷണ ഓഫീസ് വര്‍ക്ക് സുപ്രണ്ട് നസീദ് മുബാറക്ക്, പത്തനംതിട്ട മണ്ണ് സംരക്ഷണ ഓഫീസ് പാര്‍ട്ട് ടൈം സ്വീപ്പര്‍ ഷീജാകുമാരി ജി, മീനങ്ങാടി മണ്ണ് സംരക്ഷണ ഓഫീസ് പാര്‍ട്ട് ടൈം സ്വീപ്പര്‍ ഭാര്‍ഗവി പി, മീനങ്ങാടി മണ്ണ് പര്യവേഷണ അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയം പാര്‍ട്ട് ടൈം സ്വീപ്പര്‍ ലീല കെ, തിരുവനന്തപുരം സെന്‍ട്രല്‍ സോയില്‍ അനലറ്റിക്കല്‍ ലാബ് പാര്‍ട്ട് ടൈം സ്വീപ്പര്‍ രജനി എന്നിവര്‍ക്കെതിരെയാണ് ആദ്യഘട്ടത്തില്‍ നടപടി എടുത്തിരിക്കുന്നത്.
സംസ്ഥാനത്തെ 1458 സര്‍ക്കാര്‍ ജീവനക്കാര്‍ സാമൂഹ്യക്ഷേമ പെന്‍ഷന്‍ കൈപ്പറ്റിയെന്നാണ് വിവരം. ധനവകുപ്പിന്റെ നിര്‍ദേശ പ്രകാരം ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ നടത്തിയ പരിശോധനയിലാണ് ഗുരുതര തട്ടിപ്പ് കണ്ടെത്തിയത്. ഗവണ്‍മെന്റ് കോളജ് പ്രൊഫസര്‍മാര്‍, ഗസറ്റഡ് ഉദ്യോഗസ്ഥര്‍, ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍ തുടങ്ങി ഉയര്‍ന്ന ശമ്പളം വാങ്ങുന്ന സര്‍ക്കാര്‍ ജീവനക്കാരടക്കം പെന്‍ഷന്‍ കൈപ്പറ്റിയവരില്‍ ഉള്‍പ്പെടുന്നു.
അനധികൃതമായി പെന്‍ഷന്‍ കൈപ്പറ്റിയവരുടെ പട്ടിക പുറത്തായപ്പോള്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാത്തതിനെതിരെ പ്രതിഷേധങ്ങളും വിമര്‍ശങ്ങളും ഉയര്‍ന്നിരുന്നു. കാര്‍ഷിക വികസന കമ്മീഷന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് മണ്ണ് സംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥര്‍ ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റിയതായി കണ്ടെത്തിയത്. ഇതോടെ ഇവരെ സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.