പാര്‍ലമെന്റ് കവാടത്തില്‍ നാടകീയ രംഗങ്ങള്‍: രാഹുല്‍ പിടിച്ചു തള്ളിയെന്ന് ബിജെപി എംപിമാര്‍; ആരോപണമുന്നയിച്ചവര്‍ക്ക് ഐസിയുവില്‍ ചികിത്സ

പാര്‍ലമെന്റ് കവാടത്തില്‍ നാടകീയ രംഗങ്ങള്‍: രാഹുല്‍ പിടിച്ചു തള്ളിയെന്ന് ബിജെപി എംപിമാര്‍; ആരോപണമുന്നയിച്ചവര്‍ക്ക്  ഐസിയുവില്‍ ചികിത്സ

ബിജെപി എംപിമാര്‍ തന്നെ തള്ളിയിട്ട് പരിക്കേല്‍പ്പിച്ചെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. താന്‍ പാര്‍ലമെന്റിനുള്ളിലേക്ക് കയറാന്‍ ശ്രമിച്ചപ്പോള്‍ ബിജെപി എംപിമാര്‍ തടയുകയായിരുന്നുവെന്ന് രാഹുല്‍ ഗാന്ധി.

ന്യൂഡല്‍ഹി: ഡോ. ബി.ആര്‍ അംബേദ്കറെക്കുറിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ വിവാദ പരാമര്‍ശത്തിലുള്ള പ്രതിഷേധങ്ങള്‍ക്കിടെ പാര്‍ലമെന്റില്‍ നാടകീയ രംഗങ്ങള്‍. പാര്‍ലമെന്റ് കവാടത്തിലുണ്ടായ പ്രതിഷേധങ്ങള്‍ക്കിടെ തങ്ങളുടെ രണ്ട് എംപിമാരെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തള്ളിയെന്ന് ബിജെപി ആരോപിച്ചു.

പരിക്കേറ്റെന്ന് പറയുന്ന ബിജെപി എംപിമാരായ മുകേഷ് രജ്പുത്, പ്രതാപ് സാരംഗി എന്നിവരെ ഡല്‍ഹിയിലെ റാം മനോഹര്‍ ലോഹ്യ (ആര്‍എംഎല്‍) ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ (ഐസിയു) പ്രവേശിപ്പിച്ചു. സംഭവത്തില്‍ രാഹുലിനെതിരെ ബിജെപി പോലീസില്‍ പരാതി നല്‍കുകയും കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

ഇതിനിടെ ബിജെപി എംപിമാര്‍ക്കെതിരെ ആരോപണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രംഗത്തെത്തി. 'ബിജെപി എംപിമാര്‍ തന്നെ തള്ളി. താന്‍ നിലത്തു വീണു. ശസ്ത്രക്രിയയ്ക്ക് വിധേയമായ എന്റെ കാല്‍മുട്ടുകള്‍ക്ക് ഇത് പരിക്ക് വരുത്തി'- ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് അയച്ച കത്തില്‍ ഖാര്‍ഗെ പറഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ കൈയേറ്റത്തില്‍ ബിജെപി എംപിമാര്‍ക്ക് ഗുരുതരമായി പരിക്കേറ്റെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു ആരോപിച്ചു. 'ഏത് നിയമ പ്രകാരമാണ് മറ്റ് എംപിമാരെ ശാരീരികമായി ആക്രമിക്കാന്‍ അദേഹത്തിന് അധികാരമുള്ളത്?, നിങ്ങള്‍ മറ്റ് എംപിമാരെ തോല്‍പ്പിക്കാന്‍ കരാട്ടെയും കുങ്ഫുവും പഠിച്ചിട്ടുണ്ടോ?' രാഹുലിനെ പരിഹസിച്ചുകൊണ്ട് റിജിജു ചോദിച്ചു.

ചൊവ്വാഴ്ച രാജ്യസഭയിലെ ചര്‍ച്ചയില്‍ നടത്തിയ അംബേദ്കറെക്കുറിച്ചുള്ള വിവാദ പരാമര്‍ശത്തില്‍ അമിത് ഷാ മാപ്പ് പറയണമെന്നും രാജിവെക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടി എംപിമാര്‍ പാര്‍ലമെന്റ് കവാടത്തില്‍ പ്ലക്കാര്‍ഡുകളുയര്‍ത്തി നടത്തിയ പ്രതിഷേധത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്.

ബിജെപി എംപിമാര്‍ ഈ കവാടത്തിലൂടെ പ്രവേശിക്കുന്നത് സംബന്ധിച്ചുള്ള തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും പ്രിയങ്കയും അടക്കമുള്ള നേതാക്കള്‍ പ്രതിഷേധത്തില്‍ അണി നിരന്നിരുന്നു.

കോണിപ്പടിക്ക് സമീപം നില്‍ക്കുകയായിരുന്ന തന്റെ മേല്‍ രാഹുല്‍ മറ്റൊരു എംപിയെ തള്ളിയിടുകയായിരുന്നുവെന്ന് പ്രതാപ് സാരംഗി പറഞ്ഞു. എന്നാല്‍ ബിജെപി എംപിമാരാണ് തന്നെ തടയാനും ഭീഷണിപ്പെടുത്താനും ശ്രമിച്ചതെന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചു.

'ഞാന്‍ പാര്‍ലമെന്റിനുള്ളിലേക്ക് കയറാന്‍ ശ്രമിക്കുകയായിരുന്നു, ബിജെപി എംപിമാര്‍ എന്നെ തടയാന്‍ ശ്രമിച്ചു. ഇതാണ് സംഭവിച്ചത്. ഞങ്ങള്‍ക്ക് പാര്‍ലമെന്റിനകത്തേക്ക് കയറാന്‍ അവകാശമുണ്ട്'-രാഹുല്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.