'യേശുവിന്റേത് നിസ്വാർത്ഥ സേവനത്തിന്റെ പാത'; സിബിസിഐ ഒരുക്കിയ ക്രിസ്‌മസ് ആഘോഷത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി

'യേശുവിന്റേത് നിസ്വാർത്ഥ സേവനത്തിന്റെ പാത'; സിബിസിഐ ഒരുക്കിയ ക്രിസ്‌മസ് ആഘോഷത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി

ന്യൂഡൽഹി: കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ (സിബിസിഐ) ഡൽഹിയിലെ ആസ്ഥാനത്ത് സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ക്രൈസ്തവ സഭാ നേതാക്കളുടെയൊപ്പം ഇത്തവണത്തെ ക്രിസ്മസ് ആഘോഷിക്കാൻ കഴിഞ്ഞത് സൗഭാഗ്യമായി കരുതുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

സിബിസിഐയുടെ 80-ാം വാർഷികം ആഘോഷിക്കാൻ പോകുന്ന അവിസ്മരണീയ നിമിഷത്തിൽ സിബിസിഐയുമായി ബന്ധപ്പെട്ട എല്ലാവരെയും അഭിനന്ദിക്കുകയാണ്. നിങ്ങളിൽ നിന്ന് എപ്പോഴും എനിക്ക് സ്നേഹവും വാത്സല്യവും ലഭിച്ചിട്ടുണ്ട്. ഇതേ സ്നേഹമാണ് മാർപാപ്പയെ നേരിൽ കണ്ടപ്പോഴും അനുഭവപ്പെട്ടത്. ഇറ്റലിയിൽ നടന്ന ജി 7 ഉച്ചകോടിക്കിടെ ഫ്രാൻസിസ് മാർപാപ്പയെ കാണാൻ സാധിച്ചു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ മാർപാപ്പയുമായുള്ള രണ്ടാമത്തെ കൂടിക്കാഴ്ചയായിരുന്നു അത്. ഇന്ത്യ സന്ദർശിക്കാൻ പാപ്പായെ ക്ഷണിക്കുകയും ചെയ്തെന്നും പ്രധാനമന്ത്രി പറഞ്ഞു.



കർദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാടിനെയും പ്രധാനമന്ത്രി ചടങ്ങിനിടെ അഭിനന്ദിച്ചു. കാർദിനാൾ ജോർജ് കൂവക്കാടിന്റ സ്ഥാനാരോഹണത്തിന് ജോർജ് കുര്യന്റെ നേതൃത്വത്തിൽ ഔദ്യോഗിക പ്രതിനിധി സംഘത്തെ അയച്ചിരുന്നു. ഇന്ത്യയിൽ നിന്നുള്ള ഒരാൾ ഉന്നത പദവികളിൽ എത്തുന്നത് സന്തോഷമാണെന്നായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം. സ്നേഹവും സാഹോദര്യവുമാണ് ക്രിസ്തുവിന്റെ സന്ദേശം. എന്നാൽ മതസൗഹാർദത്തിന് പരിക്കേൽപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും അതിൽ തനിക്ക് വേദനയുണ്ടെന്നും മോഡി പറഞ്ഞു.



തുടർന്ന് ജർമനിയിലും ശ്രീലങ്കയിലും പള്ളികൾക്കെതിരെ നടന്ന ആക്രമണത്തെക്കുറിച്ച് പരാമർശിച്ച മോഡി ബിജെപി ഭരിക്കുന്ന മണിപ്പൂരിലെ ക്രിസ്ത്യൻ വിഭാഗം നേരിടുന്ന അതിക്രമത്തെ പറ്റി ഒരക്ഷരം മിണ്ടിയതുമില്ല.

മണിപ്പൂരിൽ മാത്രം രണ്ട് വർഷത്തിനിടെ 100 ൽ അധികം ക്രൈസ്തവ ആരാധനാലയങ്ങളാണ് ആക്രമത്തിനിരയായത്. കൂടാതെ വിവിധ സംസ്ഥാനങ്ങളിൽ ക്രൈസ്തവ വിഭാഗങ്ങൾക്ക് നേരെ സംഘപരിവാർ അക്രമം അഴിച്ചു വിടുന്ന സാഹചര്യത്തിലും കൂടിയാണ് മോഡിയുടെ ക്രിസ്മസ് ആഘോഷം എന്നത് വിമർശകരുടെ കണ്ണിൽ പൊടിയിടാനുള്ള ഒരു നീക്കം മാത്രമാണ് എന്ന് പ്രതിപക്ഷം ആരോപിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.