ബി.ജെ.പിയുടെ ക്രിസ്മസ് നയതന്ത്രത്തിന് മങ്ങലേല്‍പ്പിച്ച് പാലക്കാട്ടെ അക്രമ സംഭവം

ബി.ജെ.പിയുടെ ക്രിസ്മസ് നയതന്ത്രത്തിന് മങ്ങലേല്‍പ്പിച്ച് പാലക്കാട്ടെ അക്രമ സംഭവം

പാലക്കാട്: ബി.ജെ.പിയുടെ 'സ്നേഹ സന്ദേശയാത്ര'യ്ക്ക് മങ്ങലേല്‍പ്പിച്ച് പാലക്കാട്ടെ അക്രമ സംഭവം. ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി തത്തമംഗലം ചെന്താമര നഗര്‍ ജി.ബി.യു.പി സ്‌കൂളില്‍ സ്ഥാപിച്ച പുല്‍ക്കൂട് തകര്‍ത്ത് നക്ഷത്രവും കിസ്മസ് ട്രീയും വലിച്ചെറിഞ്ഞ് അക്രമം നടത്തിയ സംഭവമാണ് ബി.ജെ.പിയ്ക്ക് ആകെ ക്ഷീണമായിരിക്കുന്നത്.

ക്രിസ്തുമത വിശ്വാസികളെ ഒപ്പം നിര്‍ത്താന്‍ ബി.ജെ.പി നടത്തുന്ന ക്രിസ്മസ് നയതന്ത്രമാണ് സ്നേഹ സന്ദേശയാത്ര. കേക്കും ആശംസയുമായി ബി.ജെ.പി നേതാക്കള്‍ ബിഷപ് ഹൗസുകളിലും ക്രൈസ്തവ വീടുകളിലുമെത്തുന്ന 'സ്നേഹസന്ദേശയാത്ര' തുടങ്ങും മുമ്പാണ് പാലക്കാട് ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് നേര്‍ക്ക് ആക്രമണം ഉണ്ടായിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി ക്രൈസ്തവര്‍ക്കൊപ്പം ക്രിസ്മസ് ആഘോഷിച്ച തിങ്കളാഴ്ച തന്നെ അക്രമങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ട് തലയൂരാനുള്ള തത്രപ്പാടിലായിരുന്നു ബി.ജെ.പി കേരള നേതൃത്വം.

നല്ലേപ്പിള്ളി ഗവ. യു.പി സ്‌കൂളില്‍ ക്രിസ്മസ് ആഘോഷിച്ചതിന് അധ്യാപകരെയും കുട്ടികളെയും സംഘപരിവാര്‍ സംഘടനകളിലുള്ളവര്‍ ഭീഷണിപ്പെടുത്തുകയും പിന്നാലെ തത്തമംഗലം ജി.ബി.യു.പി.എസില്‍ പുല്‍ക്കൂട് തകര്‍ത്തതും ബി.ജെ.പിയെ പ്രതിരോധത്തിലാക്കിയിരുന്നു. അതേസമയം ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഗൂഢലോചനയുണ്ടെന്ന് വ്യക്തമാക്കി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. സ്‌നേഹ സന്ദേശ യാത്രയുടെ ഭാഗമായി താമരശേരി രൂപത ബിഷപ്പ് മാര്‍ റമിജിയോസ് ഇഞ്ചനാനിയലിനെ കണ്ട ശേഷം ആയിരുന്നു പ്രതികരണം. വിശ്വ ഹിന്ദു പരിഷത്തിന്റെയോ സംഘപരിവാറിന്റെയോ ഉത്തരവാദിത്തപ്പെട്ട ആരും പാലക്കാട് കരോള്‍ തടയാന്‍ ഉണ്ടായിട്ടില്ലെന്നായിരുന്നു സുരേന്ദ്രന്‍ താമരശേരിയില്‍ പറഞ്ഞത്.

എന്നാല്‍ പാര്‍ട്ടി വിട്ടവര്‍ അടക്കമുള്ളവരുടെ ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്ന് പറയുമ്പോഴും നല്ലേപ്പിള്ളി സ്‌കൂളിലെ ഭീഷണിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായവര്‍ വി.എച്ച്.പിയുടെയും ബജ്രംഗ്ദളിന്റെയും നേതാക്കളാണെന്നത് ബി.ജെ.പിയെ വീണ്ടും പ്രതിരോധത്തില്‍ ആക്കുകയാണ്.

തിങ്കളാഴ്ച, ഡി.വൈ.എഫ്.ഐ, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്ലേപ്പിള്ളിയിലേക്ക് സൗഹൃദകാരോള്‍ നടത്തിയും മധുരം നല്‍കിയും പ്രതിഷേധിച്ചിരുന്നു. ക്രിസ്മസ് ആഘോഷം തടഞ്ഞത് വര്‍ഗീയ സമീപനമാണെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്‍ കുറ്റപ്പെടുത്തി. നല്ലേപ്പിള്ളി സ്‌കൂളില്‍ കണ്ടത് ആട്ടിന്‍തോലിട്ട ചെന്നായ്‌ക്കെളെപ്പോലെ കേക്കുമായി ക്രൈസ്തവ ഭവനങ്ങളിലേക്ക് പോകുന്ന ബി.ജെ.പിയുടെ യഥാര്‍ഥമുഖമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കുറ്റപ്പെടുത്തിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.