ശ്രമിക്കാമെന്ന് ഉദ്യോഗസ്ഥര്‍; കൃത്യമായ ഉത്തരവ് ലഭിക്കും വരെ സമരമെന്ന് ഉദ്യോഗാര്‍ത്ഥികള്‍: ചര്‍ച്ച പരാജയം

ശ്രമിക്കാമെന്ന് ഉദ്യോഗസ്ഥര്‍; കൃത്യമായ ഉത്തരവ് ലഭിക്കും വരെ സമരമെന്ന് ഉദ്യോഗാര്‍ത്ഥികള്‍: ചര്‍ച്ച പരാജയം

തിരുവനന്തപുരം: സമരം ചെയ്യുന്ന പി.എസ്.സി ഉദ്യോഗാര്‍ഥികളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു. സമരം തുടരുമെന്ന് ഉദ്യോഗാര്‍ത്ഥികള്‍ അറിയിച്ചു.

ഹോം സെക്രട്ടറി ടി.കെ. ജോസും എ.ഡി.ജി.പി മനോജ് എബ്രഹാമുമാണ് ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയത്. ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ട്. കാര്യങ്ങല്‍ മനസിലാക്കിയാണ് സര്‍ക്കാര്‍ പ്രതിനിധികള്‍ സംസാരിച്ചത്. സര്‍ക്കാരില്‍ നിന്ന് ഒരു ഉത്തരവ് ലഭിക്കാതിരുന്നതിനാലാണ് സമരം തുടരുന്നതെന്ന് ഉദ്യോഗാര്‍ത്ഥി പ്രതിനിധികള്‍ പറഞ്ഞു.

സര്‍ക്കാരില്‍ വിശ്വാസമുണ്ടെന്നും കൃത്യമായ ഉത്തരവ് കിട്ടുന്നത് വരെ സമാധാനപരമായി സമരം തുടരുമെന്നും ഉദ്യോഗാര്‍ത്ഥികള്‍ പറഞ്ഞു. സമരം ചെയ്യുന്ന റാങ്ക് ഹോള്‍ഡര്‍മാരുടെ മൂന്ന് പ്രതിനിധികളെയാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിരുന്നത്. ലാസ്റ്റ് ഗ്രേഡ് സെര്‍വെന്റ്‌സ് റാങ്ക് ഹോള്‍ഡേഴ്‌സ് കൂട്ടായ്മ പ്രതിനിധിയായ ലയ, ജിഷ്ണു, വിനേഷ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. 26 ദിവസത്തിന് ശേഷമാണ് സര്‍ക്കാര്‍ ഉദ്യോഗാര്‍ത്ഥികളുമായി ചര്‍ച്ചയ്ക്ക് തയാറായത്.

സര്‍ക്കാരുമായി ചര്‍ച്ച നടത്തി ഉദ്യോഗാര്‍ത്ഥികള്‍ക്ക് അനുകൂലമായ ഒരു ഉത്തരവ് നല്‍കാന്‍ ശ്രമിക്കാം എന്നാണ് ചര്‍ച്ചയില്‍ ഉദ്യോഗസ്ഥര്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉറപ്പ് നല്‍കിയത്. ആവശ്യങ്ങള്‍ ന്യായമാണെന്നും വേണ്ട നടപടി ക്രമങ്ങള്‍ പരിശോധിക്കാം എന്നും ഉറപ്പ് നല്‍കിയിട്ടുണ്ട്. ഹയര്‍ സെക്കന്‍ഡറി ഒ.എ, നൈറ്റ് വാച്മാന്‍ എന്നീ പദവികളുടെ നിയമന കാര്യത്തില്‍ ബന്ധപ്പെട്ട ഡിപ്പാര്‍ട്ട്മെന്റുകളില്‍ അന്വേഷിച്ചു നടപടി സ്വീകരിക്കാമെന്നും ഉറപ്പ് നല്‍കിയിട്ടുണ്ടന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത സമരക്കാരുടെ പ്രതിനിധികള്‍ പറഞ്ഞു.

പി.എസ്.സി ഉദ്യോഗാര്‍ത്ഥികള്‍ തെറ്റിദ്ധാരണ കൊണ്ടാണ് സമരത്തിനു വന്നിരിക്കുന്നതെന്നും ആ തെറ്റിദ്ധാരണ മാറിയാലേ സമരം അവസാനിക്കൂ എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഉദ്യോഗാര്‍ത്ഥികളെ സര്‍ക്കാര്‍ കേട്ടില്ല എന്നു പറയാന്‍ കഴിയില്ല. വഴങ്ങിയില്ല എന്നു വേണമെങ്കില്‍ പറയാം. സമാധാനപരമായി സമരം തുടരാനാണ് അവരുടെ തീരുമാനമെങ്കില്‍ തുടരട്ടെയെന്നും പിണറായി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.