തിയോളജി ഓഫ് ദി ബോഡി(ഭാഗം 7)

തിയോളജി ഓഫ് ദി ബോഡി(ഭാഗം 7)

ശരീരത്തിനാണോ ആത്മാവിനാണോ പ്രാധാന്യം? (ഭാഗം 1)

ബാബു ജോണ്‍

(ടി ഒ ബി ഫോർ ലൈഫ് സ്ഥാപകനും ഡയറക്ടറും ‘തിയോളജി ഓഫ് ദി ബോഡി’ പ്രഭാഷകനുമാണ് ലേഖകന്‍) 


ക്രൈസ്തവരെന്ന നിലയ്ക്ക് പലപ്പോഴും നാം ആത്മീയമേഖലയ്ക്ക് കൂടുതൽ പ്രാധാന്യം കൊടുക്കാറുണ്ട്. അതുകൊണ്ടുതന്നെ ശരീരത്തെക്കുറിച്ചു വേണ്ടത്ര അവബോധമില്ലാത്തവരും ശരീരത്തിന് പ്രാധാന്യം കൊടുക്കുന്നതിൽ അസ്വസ്ഥത പ്രകടിപ്പിക്കുന്നവരുമായി നാം മാറാറുണ്ട്. 1960കളിൽ ലൈംഗിക വിപ്ലവം ആരംഭിച്ചതുതന്നെ ശരീരം ദുഷിച്ചതും ആത്മാവ് നല്ലതുമാണെന്ന ആശയത്തിന്റെ ഫലമായിട്ടാണ്. മനുഷ്യ  ശരീരത്തെക്കുറിച്ചും ആത്മാവിനെക്കുറിച്ചും കത്തോലിക്കാ സഭയുടെ നിലപാട് എന്താണെന്നുള്ള വിഷയത്തിലേക്കു കടക്കുന്നതിനു മുൻപ്, ഇതിനെക്കുറിച്ചു ലോകസംസ്കാരത്തിൽ നിലവിലുള്ള ചില പ്രധാനപ്പെട്ട സിദ്ധാന്തങ്ങൾ ഏതൊക്കെയാണ് എന്ന് നോക്കാം.

ബി സി അഞ്ചാം നൂറ്റാണ്ടിൽ  ജീവിച്ചിരുന്ന സോക്രട്ടീസ്, പ്ലേറ്റോ തുടങ്ങിയ തത്വ ചിന്തകന്മാർ പഠിപ്പിച്ചത്, മനുഷ്യന് അമർത്യമായ ഒരാത്മാവുണ്ട്, കൂട്ടിലടച്ച കിളിയെപ്പോലെയാണ്‌ ആത്മാവ്,മരണം ആത്മാവിനെ മോചിപ്പിക്കുന്നു എന്നൊക്കെയാണ്. ഈ ആശയം പല മതങ്ങളെയും സ്വാധീനിച്ചതായി നമുക്ക് കാണുവാൻ സാധിക്കും.

എപ്പിക്യൂറസ് എന്ന പുരാതന ഗ്രീക്ക് തത്ത്വചിന്തകനും ലോകത്തെ വളരെയധികം സ്വാധീനിച്ചു.  എപ്പിക്യൂറസിന്റെ തത്വപ്രകാരം ആത്മാവിനെ ആരും കണ്ടിട്ടില്ല . ശരീരമാണ് പ്രധാനപ്പെട്ടത് . എല്ലാ മനുഷ്യ ‘ന്യൂറോസിസി’ന്റെയും അടിസ്ഥാനം മരണ നിഷേധമാണെന്നും, മരണം ഭയാനകവും വേദനാജനകവുമാണെന്ന് മനുഷ്യർ കരുതുന്ന പ്രവണതയാണെന്നും അദ്ദേഹം പഠിപ്പിച്ചു. ഇത് അനാവശ്യ ഉത്കണ്ഠയ്ക്കും സ്വാർത്ഥമായ സ്വയം സംരക്ഷണ സ്വഭാവങ്ങൾക്കും കാപട്യത്തിനും കാരണമാകുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. എപ്പിക്യൂറസിന്റെ അഭിപ്രായത്തിൽ മരണം ശരീരത്തിന്റെയും ആത്മാവിന്റെയും അവസാനമാണ്, അതിനാൽ ഭയപ്പെടരുത്. ദൈവം ഉണ്ടെങ്കിലും മനുഷ്യകാര്യങ്ങളിൽ അവർക്ക് പങ്കില്ല. അതുകൊണ്ടു ജീവിതം ആവുന്നത്ര ആസ്വദിക്കുക, വേദനകളില്ലാത്ത, സുഖസുഷിപ്‌തമായ ജീവിതമാണ് പ്രധാന ലക്‌ഷ്യം. ഇന്ന് നമ്മുടെയിടയിൽ കാണുന്ന ‘ഭൗതീകവാദ’ത്തിനും ‘ഹെഡോണിസ’ത്തിനും ഇതുമായി ബന്ധമുണ്ട്.

എ ഡി മൂന്നാം നൂറ്റാണ്ടിൽ പേർഷ്യൻപ്രവാചകൻ മാണി, സസാനിയൻ സാമ്രാജ്യത്തിൽ സ്ഥാപിച്ച ഒരു പ്രധാന മതമായിരുന്നു 'മാനിക്കയിസം'. മാനിക്കയിസം പാഷണ്ഡതയെക്കുറിച്ച് കുടുംബങ്ങൾക്കുള്ള കത്തിൽ, ആത്മാവാണ് യഥാർത്ഥ നമ്മളെന്നും ശരീരം വ്യക്തിബന്ധമില്ലാത്തതും തിന്മയായതുമായ പുറം തോടുമാത്രമാണെന്നുമുള്ള പുരാതന പാഷാണ്ഡത അതിന്റെ ദുഷിച്ച തല നീട്ടി ക്രൈസ്തവരടക്കമുള്ള പല ആധുനിക മനസ്സുകളെയും സ്വാധീനിക്കുന്നുണ്ട് എന്ന് വി.ജോൺ പോൾ രണ്ടാമൻ പാപ്പാ പറയുന്നു. ആട്ടിൻ തോലിട്ട ചെന്നായ്ക്കളുടെ രൂപത്തിലാണ് അവ പ്രത്യക്ഷപ്പെടുന്നത്.


'മാനിക്കയിസം’  ദ്വൈതവാദത്തിൽ നിന്ന് ഉത്ഭവിക്കുകയും എല്ലാ തിന്മകളുടെയും ഉറവിടമായി ശരീരത്തെ  കാണുകയും ചെയ്തു. അതിനാൽ മനുഷ്യനിൽ ശാരീരികമായ എല്ലാ കാര്യങ്ങളെയും അത് അപലപിച്ചു. അത് പ്രധാനമായും  ലൈംഗീകതയിലേക്കും  വിവാഹത്തിലേക്കും വ്യാപിച്ചു. (ടി ഒ ബി 44:5) മനുഷ്യന്റെ ശരീരത്തെയും ലൈംഗികതയെയും മനസിലാക്കുന്നതിനും വിലയിരുത്തുന്നതിനുമുള്ള  ‘മാനിക്കയിൻ’ രീതി സുവിശേഷത്തിന് അന്യമാണ്. ഗിരിപ്രഭാഷണത്തിൽ ക്രിസ്തു പറഞ്ഞ വാക്കുകളുടെ കൃത്യമായ അർത്ഥവുമായി ഇത് പൊരുത്തപ്പെടുന്നില്ല. ശരീരത്തിന്റെയും കണ്ണുകളുടെയും ദുരാശകളെ നിയന്ത്രിക്കുവാനുള്ള ക്രിസ്തുവിന്റെ അഭ്യർത്ഥന ശരീരത്തിന്റെയും ലൈംഗികതയുടെയും വ്യക്തിപരമായ അന്തസ്സിനെ സ്ഥിരീകരിക്കുന്നതിൽ സഹായിക്കുന്നു. ക്രിസ്തുവിന്റെ വാക്കുകളെ ഒരു മാനിക്കയിൻ വീക്ഷണത്തിൽ കാണാൻ‌ താൽ‌പ്പര്യപ്പെടുന്ന ഏതൊരാൾ‌ക്കും തെറ്റ് പറ്റിയിരിക്കുന്നു എന്ന് ജോൺ പോൾ രണ്ടാമൻ പാപ്പാ പറയുന്നു.

(അടുത്ത ഭാഗത്തിൽ തുടരുന്നതാണ്)

വി ജോൺ പോൾ രണ്ടാമൻ പാപ്പയുടെ 'ശരീരത്തിന്റെ ദൈവശാസ്ത്ര'ത്തെക്കുറിച്ചു കൂടുതൽ അറിയുവാൻ താത്പര്യമുണ്ടെങ്കിൽ ഇമെയിൽ അയക്കുക.

email: [email protected]

വിഡിയോകൾക്കായി യൂട്യൂബ്: BABU JOHN TOBFORLIFE. 


തിയോളജി ഓഫ് ദി ബോഡി (ഭാഗം 1)

തിയോളജി ഓഫ് ദി ബോഡി (ഭാഗം 2)

തിയോളജി ഓഫ് ദി ബോഡി(ഭാഗം 3)

തിയോളജി ഓഫ് ദി ബോഡി(ഭാഗം 4)

തിയോളജി ഓഫ് ദി ബോഡി(ഭാഗം 5)

തിയോളജി ഓഫ് ദി ബോഡി(ഭാഗം 6)








വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26