സന വിമാനത്താവളത്തിലെ ഇസ്രയേൽ ആക്രമണത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ട് ലോകാരോഗ്യ സംഘടന തലവന്‍: അപലപിച്ച് യുഎന്‍

സന വിമാനത്താവളത്തിലെ ഇസ്രയേൽ ആക്രമണത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ട് ലോകാരോഗ്യ സംഘടന തലവന്‍: അപലപിച്ച് യുഎന്‍

സന: യെമനിലെ സന അന്താരാഷ്ട്ര വിമാനത്താവളത്തിനു നേരേ ഇസ്രയേൽ സേന നടത്തിയ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ട് ലോകാരോഗ്യ സംഘടന തലവൻ ടെഡ്രോസ് അദാനോം ഗബ്രിയേസസ്. ഹൂതി കേന്ദ്രങ്ങൾക്കു നേരേ നടത്തിയ ആക്രമണങ്ങളുടെ ഭാഗമായാണ് വിമാനത്താവളവും ഇസ്രയേൽ ആക്രമിച്ചത്. സ്ഫോടനത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടു.

ആക്രമണം നടക്കുമ്പോൾ ലോകാരോഗ്യ സംഘടനയുടെ തലവൻ ടെഡ്രോസ് അദാനോം ഗബ്രിയേസസും സംഭവ സ്ഥലത്തുണ്ടായിരുന്നു. ടെഡ്രോസ് അദാനോം വിമാനത്തിൽ കയറാനായി തയ്യാറെടുത്ത് നിൽക്കെയാണ് അപ്രതീക്ഷിത ആക്രമണം ഉണ്ടായത്. തലനാരിഴയ്ക്ക് ആണ് അദ്ദേഹം രക്ഷപെട്ടത്. ആക്രമണത്തിൽ വിമാനത്തിലെ ഒരു ക്രൂ ജീവനക്കാരന് പരുക്കേറ്റിട്ടുണ്ട്.

ആക്രമണം നടന്ന കാര്യം ടെഡ്രോസ് തന്നെ സോഷ്യൽ മീഡിയ വഴി സ്ഥിരീകരിച്ചു. ഹൂതികൾ തടവിലാക്കിയ യുഎൻ ജീവനക്കാരെ മോചിപ്പിക്കുന്നതിനും മാനുഷിക സാഹചര്യം വിലയിരുത്തുന്നതിനുമാണ് താൻ യെമനിലെത്തിയതെന്ന് ടെഡ്രോസ് പറഞ്ഞു.

സംഭവത്തിൽ ശക്തമായി അപലപിക്കുന്നതായി യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് വ്യക്തമാക്കി. സിവിലിയൻ കേന്ദ്രങ്ങൾക്കു നേരേ നടത്തുന്ന ആക്രമണം ഉടൻ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യെമനിനും ഇസ്രയേലിനുമിടയിൽ അടുത്തിടെയുണ്ടായ സംഘർഷങ്ങളിൽ ഗുട്ടെറസ് ഖേദം പ്രകടിപ്പിച്ചു. അതേസമയം, ലോകാരോഗ്യ സംഘടനയുടെ തലവൻ ടെഡ്രോസ് അദാനോം ഗബ്രിയേസസ് വിമാനത്താവളത്തിൽ ഉണ്ടായിരുന്നത് അറിഞ്ഞുകൊണ്ടാണോ ആക്രമണമെന്ന് ചോദ്യത്തിനോട് ഇസ്രയേൽ സൈന്യം ഇതുവരെ പ്രതികരിച്ചിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.