ഡോഡോമ: പ്രതീക്ഷയുടെയും സന്തോഷത്തിന്റെയും സുദിനമായി ചെങ്കേന മിഷനിലെ ക്രിസ്തുമസ് ആഘോഷം. ആഡംബരങ്ങൾ ഇല്ലാതെ, ഭക്തിപൂർവമായ ആഘോഷങ്ങളിലൂടെ ഉണ്ണി യേശുവിന്റെ ജന്മദിനം ചെങ്കേന മിഷനിലെ ക്രിസ്തീയ വിശ്വാസികൾ മറ്റ് വിശ്വാസ സഹോദരങ്ങൾക്കൊപ്പം ചേർന്ന് ആഘോഷിച്ചു. ആഫ്രിക്കയിലെ ടാന്‍സാനിയയിലെ വിദൂര ഗ്രാമമാണ് ചെങ്കേന.
ചെങ്കേന ഗ്രാമവും അതിനോടനുബന്ധിച്ചുള്ള ആറ് വിശ്വാസ സമൂഹങ്ങൾ ഉൾക്കൊള്ളുന്ന ഗ്രാമങ്ങളും ചേർന്നാണ് ഈ വർഷത്തെ ക്രിസ്തുമസ് ആഘോഷിച്ചത്. വന്യമൃഗങ്ങളെ വേട്ടയാടിയും രോഗങ്ങളോട് മല്ലടിച്ചും ജീവിച്ച സമൂഹത്തിന് സുവിശേഷത്തിന്റെ സന്തോഷം പകര്‍ന്നു നല്‍കി അവരുടെ വളര്‍ച്ചയ്ക്ക് നേതൃത്വം നൽകുന്നത് സിറോ മലബാര്‍ സഭയുടെ എം.എസ്.ടി പ്രേക്ഷിത സമൂഹമാണ്.
സിറോ മലബാര്‍ സഭയുടെ മിഷണറി സമൂഹമായ സെന്റ് തോമസ് മിഷണറി സൊസൈറ്റിയാണ് 2007 ൽ ചെങ്കേന മിഷന്‍ ആരംഭിച്ചത്. 2007ല്‍ ഫാ. എഫ്രെയിമും ഫാ. ബിജു പുല്ലാപ്പള്ളിയും ചേര്‍ന്നാണ് എം.എസ്.ടി പ്രേക്ഷിത സമൂഹത്തിന്റെ ചെങ്കേന മിഷന്‍ ഇവിടെ ആരംഭിച്ചത്. അതിനുശേഷം ഫാ. സോബിയും ഷൈജു കുരുവിത്തടവും ചേര്‍ന്ന് ഈ സമൂഹത്തെ മുന്നോട്ടുകൊണ്ടുപോയി. 2022 മുതല്‍ എനിക്കും ഈ സമൂഹത്തിന്റെ ഭാഗമായി ശുശ്രൂഷയില്‍ പങ്കുചേരാന്‍ സാധിക്കുന്നു.
ഡിസംബറിലെ ആദ്യവാരം തന്നെ ചെങ്കേന മിഷൻ ഉൾപ്പെടുന്ന വിശ്വാസ സമൂഹം ഒന്ന് ചേർന്ന് ദിവ്യസുതന്റെ ജന്മത്തിനായി ഒരുങ്ങി. ഗ്രാമങ്ങളിലെ പൈതങ്ങളെല്ലാം ദിവസവും ദിവ്യബലിയിൽ പങ്കുചേർന്നു.
ചെങ്കേന മിഷന്റെ പ്രത്യേകത നവംബറിന്റെ അവസാനവാരം മുതൽ ഗ്രാമവാസികൾ ചെങ്കേന ഗ്രാമം വിട്ട് തങ്ങളുടെ കൃഷി സ്ഥലങ്ങളിൽ എത്തി കുടുംബസമേതം അവിടെ താമസിച്ച് കൃഷി ആരംഭിക്കുകയാണ്. മാതാപിതാക്കളും കുട്ടികളും ഒന്ന് ചേർന്ന് അവിടെ താമസിക്കുന്നു. എല്ലാ ദിവസവും രാവിലെ ദിവ്യബലി അർപ്പിച്ച് അവർ തിരിച്ച് തങ്ങളുടെ കൃഷിസ്ഥലങ്ങളിലേക്ക് തിരികെപോകുന്നു.
250ലേറെ കുഞ്ഞുങ്ങൾ എല്ലാ ദിവസവും ദിവ്യബലിയിൽ പങ്കെടുത്ത് ക്രിസ്തുമസിനായി പ്രത്യേകം ഒരുങ്ങി. പാതിരാ കുർബാനയ്ക്കും എല്ലാവരും ദേവാലയത്തിൽ ഒത്തുകൂടി. അതോടൊപ്പം, ക്രിസ്തുമസിന് ഒരാഴ്ചയ്ക്ക് മുൻപേ യുവജനങ്ങളും കുട്ടികളും ഉൾപ്പെടുന്ന വലിയ കരോൾ സംഘം ദിവ്യശിശുവിന്റെ ജനനത്തിന്റെ സദ് വാർത്തയുമായി ഗ്രാമത്തിൽ ഉടനീളം സഞ്ചരിച്ച്, ക്രിസ്മസ് ഗാനമാലപിച്ച്, തിരുനാൾ സന്ദേശം നൽകി ഗ്രാമത്തെ മുഴുവനായും ഒരുക്കി. കരോൾ സംഘത്തോടൊപ്പം ഗ്രാമവാസികളും ചേർന്ന് ഗ്രാമത്തിന്റെ ഉത്സവമായി ഈ വർഷത്തെ കരോൾ മാറി.
ഈ വർഷത്തെ ക്രിസ്തുമസ് ആഘോഷം പാതിരാ കുർബാനയോട് കൂടി ആരംഭിച്ചു. ഷൈജു കുരുവി തടത്തിൽ അച്ഛന്റെ കാർമികത്വത്തിൽ തിരുപ്പിറവിയുടെ തിരു കർമ്മങ്ങൾ ആഘോഷിച്ചു. വിശ്വാസ പരിശീലനത്തിന്റെ ഭാഗമായി യുവജനങ്ങളുടെ നേതൃത്വത്തിൽ നിർമ്മിച്ച ക്രിസ്തുമസിന്റെ പുൽക്കൂട് അതിമനോഹരമായിരുന്നു. മിഷനിലെ സാധു ജനങ്ങളുടെ ഭവനങ്ങൾ പോലെ മൺകുടിലിന്റെ മാതൃകയിൽ പുൽക്കൂട് നിർമ്മിച് യേശു രാജാവിന്റെ എളിമയുടെ മാതൃക കാണിച്ചു കൊടുത്തു.
തിരുപ്പിറവിയുടെ കർമ്മങ്ങൾക്കും പാതിര കുർബാനയ്ക്കും ശേഷം വിശ്വാസ സമൂഹത്തിന്റെ തനതായ സാംസ്കാരിക ഭംഗി വിളിച്ചോതുന്ന നൃത്തച്ചുവടുകളാലും സംഗീത ആലപനത്താലും ആഘോഷമായ പ്രദക്ഷിണമായി പുൽക്കൂട്ടിലേക്ക് ഉണ്ണിയേശുവിനെ കൊണ്ടുവന്ന് പ്രതിഷ്ഠിച്ചു.
ക്രിസ്തുമസ് സന്തോഷത്തിന്റെ സുദിനമാണ്. തിരുകർമ്മങ്ങളിൽ പങ്കെടുത്ത എല്ലാവർക്കും സന്തോഷം പകരുന്ന നിലയിൽ ഒരു ചെറിയ സമ്മാനം നൽകാൻ സാധിച്ചു.
ടാൻസാനിയയുടെ സാമ്പത്തിക തലസ്ഥാനമായ Dar Es Salaam ൽ ബിജു പുല്ലാപ്പള്ളി അച്ഛന്റെ ഇടവകയിലെ കുട്ടികൾ ശേഖരിച്ച ഉപയോഗയോഗ്യമായ വസ്ത്രങ്ങളാണ് ഉടുപ്പുകളാണ് സമ്മാനമായി നൽകിയത്. സ്വന്തമായി ഒരു പുതുവസ്ത്രം മേടിക്കാനുള്ള സാമ്പത്തിക പര്യാപ്തത പലർക്കും ഇല്ലാത്ത ഗ്രാമമാണ് ഈ മിഷനിലുള്ളത്.
മരച്ചില്ലകൾ കൊണ്ടും ലഭ്യമായ അലങ്കാരവസ്തുക്കൾ കൊണ്ടും ദേവാലയം അതിമനോഹരമായി ഒരുക്കി. വിശ്വാസ സമൂഹങ്ങളിൽ ഒന്നായ കിളങ്ങളാങ്ക വിശ്വാസ കൂട്ടായ്മ സ്വന്തമായി നിർമ്മിച്ച ചെറിയ പുൽക്കൂട് വ്യത്യസ്ത കാഴ്ചയായി. ആടിയും പാടിയും നൃത്തമാടിയും അതിമനോഹരമായ രീതിയിൽ ക്രിസ്മസ് ആഘോഷിച്ചു.
കൃഷിഭൂമിയുടെ ലഭ്യതയും അനുയോജ്യമായ കൃഷി സൗകര്യവും മനസിലാക്കി പുതുതായി രൂപപ്പെട്ട ഗ്രാമമാണ് ഉക്കിവായുയു. മിഷനിലെ മറ്റെല്ലാ ഗ്രാമങ്ങളെക്കാളും വ്യത്യസ്തമായ ഒരു കൂട്ടായ്മയാണ് ഇവിടെയുള്ളത്. പരിമിതമായ ജീവിത സാഹചര്യങ്ങൾ മാത്രമുള്ള തങ്ങളുടെ പൗരാണിക ജീവിത സാഹചര്യങ്ങളിൽ നിന്ന് മാറ്റങ്ങൾ വന്നിട്ടില്ലാത്ത ഒരു സമൂഹമാണ് ഇവർ. എന്നിരുന്നാലും വളരെ ശക്തമായ വിശ്വാസപ്രഘോഷണമാണ് ഇവരെ വ്യത്യസ്തരാക്കുന്നത്. മറ്റു വിശ്വാസ കൂട്ടായ്മകളെക്കാൾ എണ്ണത്തിൽ കുറവാണെങ്കിലും ഈ ദേവാലയത്തിലെ തിരുക്കർമ്മങ്ങളുടെ ആഘോഷം ശക്തിയുക്തവും മനോഹരവുമാണ്. മരച്ചില്ലകളും തളിരിലകളും കൈകളിലേന്തി മനോഹരമായ നൃത്ത ചുവടുകളാലും ഗാനാലാപനത്താലും ഇവർ ക്രിസ്തുമസ് ആഘോഷിച്ചു.
ജീവിതത്തിൽ ഭാവിയെപ്പറ്റി വലിയധികം പ്രതീക്ഷകളും ആകാംക്ഷകളോ ഇല്ലാത്ത ഈ സമൂഹത്തിന് ഈ വർഷത്തെ ക്രിസ്തുമസ് ദിനം സന്തോഷത്തിന്റെ ഒരു അവസരം തന്നെയായിരുന്നു. ചെങ്കേന മിഷനിലെ എംഎസ്ടി വൈദികർക്കും ഒഎസ്എഫ് സന്യസ്ത സഹോദരിമാർക്കും ഒപ്പമുള്ള വിശ്വാസ സമൂഹത്തിന്റെ ക്രിസ്തുമസ് ആഘോഷം അതിമനോഹരമായി.
തയാറാക്കിയത്:
ആഫ്രിക്കയില്‍ നിന്നും
ഫാ. അഖില്‍ ഇന്നസെന്റ് തോട്ടപ്പള്ളിയില്‍ എം.എസ്.ടി
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.