ജറുസലേം: ഗാസയിലെ കമാൽ അദ്വാൻ ആശുപത്രിയിൽ നടത്തിയ സൈനിക ഓപ്പറേഷനിൽ ഹമാസ് നേതാക്കൾ ഉൾപ്പടെ 240 തീവ്രവാദികളെ അറസ്റ്റ് ചെയ്തതായി ഇസ്രയേൽ പ്രതിരോധ സേന. തീവ്രവാദികൾ താമസിക്കുന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ഓപ്പറേഷൻ. രോഗികളായി നടിച്ച് ആംബുലൻസിൽ രക്ഷപ്പെടാൻ ശ്രമിച്ച പല ഹമാസ് ഭീകരരെയും കയ്യോടെ പിടികൂടിയതായി ഐഡിഎഫ് അറിയിച്ചു.
“240-ലധികം ഹമാസ്, ഇസ്ലാമിക് ജിഹാദ് ഭീകരർ, തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായി സംശയിക്കുന്ന മറ്റ് പ്രവർത്തകർ എന്നിവരെ പിടികൂടിയിട്ടുണ്ട്. അവരിൽ ചിലർ രോഗികളായി നടിക്കുകയോ ആംബുലൻസുകൾ ഉപയോഗിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയോ ചെയ്തിരുന്നു.” ഐഡിഎഫ് പ്രതികരിച്ചു.
കമാൽ അദ്വാൻ ഹോസ്പിറ്റൽ ഡയറക്ടറെയും ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഹമാസിന്റെ പ്രവർത്തകനാണെന്ന് സംശയിക്കുന്നതിനാലാണ് ചോദ്യം ചെയ്യുന്നത്. ഓപ്പറേഷന്റെ ഭാഗമായി ഹമാസ് തീവ്രവാദികൾ കൈവശം വച്ചിരുന്ന ഗ്രനേഡുകൾ, തോക്കുകൾ, യുദ്ധോപകരണങ്ങൾ, സൈനിക ഉപകരണങ്ങൾ എന്നിവ കണ്ടെത്തുകയും കണ്ടുകെട്ടുകയും ചെയ്തതായി ഐഡിഎഫ് അറിയിച്ചു.
ഗാസയിലെ കമാൽ അദ്വാൻ ഹോസ്പിറ്റലിന് ചുറ്റുമുള്ള മേഖലകൾ തീവ്രവാദ പ്രവർത്തനങ്ങൾക്കായി ഹമാസ് ഉപയോഗിക്കുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ഇസ്രയേൽ സൈന്യം വെള്ളിയാഴ്ചയാണ് സൈനിക ഓപ്പറേഷൻ ആരംഭിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.