വാഷിങ്ടൻ: മുൻ അമേരിക്കൻ പ്രസിഡന്റ് ജിമ്മി കാർട്ടർ (100) അന്തരിച്ചു. അമേരിക്കയുടെ 39ാ മത്തെ പ്രസിഡൻ്റായിരുന്ന കാർട്ടർ നൊബേൽ പുരസ്കാര ജേതാവായിരുന്നു. 1977 മുതൽ 1981വരെയായിരുന്നു അമേരിക്കൻ പ്രസിഡൻ്റ് പദവിയിൽ കാർട്ടർ ഉണ്ടായിരുന്നത്.
കാൻസർ ബാധിതനായിരുന്നുവെങ്കിലും അദേഹം രോഗത്തെ അതിജീവിച്ച് കഴിഞ്ഞ യുഎസ് തിരഞ്ഞെടുപ്പിലും വോട്ട് ചെയ്യാനെത്തിയിരുന്നു. ജോർജിയയിലെ വീട്ടിലായിരുന്നു കാർട്ടർ താമസിച്ചിരുന്നത്. 77 വർഷം ജീവിതപങ്കാളിയായിരുന്ന റോസലിൻ കഴിഞ്ഞ നവംബറിൽ അന്തരിച്ചു. പ്രസിഡൻ്റ് പദവി ഒഴിഞ്ഞതിന് ശേഷം അദേഹവും ഭാര്യ റോസലിനും ചേർന്ന് മനുഷ്യാവകാശങ്ങൾക്കും സംഘർഷ പരിഹാരത്തിനും വേണ്ടി ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന കാർട്ടർ സെൻ്റർ സ്ഥാപിച്ചിരുന്നു.
കാർട്ടർ സെന്ററിലൂടെ അദേഹം നടത്തിയ പ്രവർത്തനങ്ങൾ ലോക ശ്രദ്ധയാകർഷിച്ചു. ലോകമെമ്പാടും ജനാധിപത്യവും മനുഷ്യാവകാശങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനുള്ള അദേഹത്തിന്റെ ശ്രമങ്ങൾക്ക് 2002 ൽ സമാധാനത്തിനുള്ള നോബേൽ സമ്മാനം ലഭിച്ചു .
ഡെമോക്രാറ്റുകാരനായ കാർട്ടർ 1978ൽ ഇന്ത്യ സന്ദർശിച്ചിട്ടുണ്ട്. പ്രസിഡൻ്റ് കാലത്തിന് ശേഷവും ക്രൈസിസ് മാനേജ്മെൻ്റ്, തിരഞ്ഞെടുപ്പ് നിരീക്ഷണം, രോഗ നിർമാർജനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.
‘ഞാൻ എപ്പോഴെങ്കിലും നിങ്ങളോട് കള്ളം പറയുകയാണെങ്കിൽ അല്ലെങ്കിൽ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവന നടത്തിയാൽ എനിക്ക് വോട്ട് ചെയ്യരുത്’ എന്ന അദേഹത്തിന്റെ തിരഞ്ഞെടുപ്പ് കാലത്തെ പ്രസ്താവന ആഗോള ശ്രദ്ധ നേടിയിരുന്നു. ശീതയുദ്ധം കൊടുമ്പിരിക്കൊണ്ട കാലത്തായിരുന്നുകാർട്ടറിന്റെ ഭരണം. ഈജിപ്ഷ്യൻ പ്രസിഡൻ്റ് അൻവർ സാദത്തും ഇസ്രയേൽ പ്രധാനമന്ത്രി മെനാചെം ബെഗിനും തമ്മിലുള്ള 1978 ലെ ക്യാമ്പ് ഡേവിഡ് ഉടമ്പടിയാണ് പ്രധാന ഭരണനേട്ടം.
അമേരിക്കൻ ചരിത്രത്തിൽ 100 വയസ് പൂർത്തിയാക്കിയ ആദ്യ പ്രസിഡൻ്റാണ് ജിമ്മി കാർട്ടർ. 2018 ൽ 94-ാം വയസിൽ അന്തരിച്ച ജോർജ്ജ് എച്ച് ഡബ്ല്യു ബുഷും 93 വയസ് വരെ ജീവിച്ചിരുന്ന റൊണാൾഡ് റീഗനും ജെറാൾഡ് ഫോർഡുമാണ് ഏറ്റവും കൂടുതൽ കാലം ജീവിച്ച മറ്റ് അമേരിക്കൻ പ്രസിഡൻ്റുമാർ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.