അവസാന പ്രതീക്ഷയും മങ്ങുന്നു; നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ യെമന്‍ പ്രസിഡന്റിന്റെ അനുമതി

അവസാന പ്രതീക്ഷയും മങ്ങുന്നു; നിമിഷ പ്രിയയുടെ  വധശിക്ഷ നടപ്പാക്കാന്‍ യെമന്‍ പ്രസിഡന്റിന്റെ അനുമതി

സന: തലാല്‍ അബ്ദു മെഹ്ദി എന്ന യെമന്‍ യുവാവ് കൊല്ലപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ മോചന സാധ്യത മങ്ങി. നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ യെമന്‍ പ്രസിഡന്റ് അനുമതി നല്‍കി. ഒരു മാസത്തിനകം ശിക്ഷ നടപ്പാക്കിയേക്കും എന്നാണറിയുന്നത്.

കൊല്ലപ്പെട്ട തലാല്‍ അബ്ദു മെഹ്ദിയുടെ കുടുംബവുമായും തലാലിന്റെ ഗോത്ര തലവന്മാരുമായും മാപ്പപേക്ഷയ്ക്കുള്ള ചര്‍ച്ചകള്‍ നടത്തുന്നതിനായി നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി യെമനിലെത്തിയിരുന്നു. അവര്‍ ഇപ്പോഴും അവിടെ തുടരുകയാണ്.

ദയാധനം നല്‍കി നിമിഷ പ്രിയയെ മോചിപ്പിക്കാനുള്ള നടപടികള്‍ക്ക് തടസമായി നില്‍ക്കുന്നത് തലാലിന്റെ ചില ബന്ധുക്കളാണെന്നുള്ള വിവരങ്ങള്‍ ഇടയ്ക്ക് പുറത്തു വന്നിരുന്നു. ദയാധനം സ്വീകരിക്കുന്ന കാര്യത്തില്‍ തലാലിന്റെ കുടുംബത്തിലെ രണ്ടംഗങ്ങളാണ് എതിര് നില്‍ക്കുന്നതെന്നാണ് സൂചനകള്‍.

യെമനിലെ നിയമ പ്രകാരം കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പു നല്‍കിയാല്‍ പ്രതിക്ക് ശിക്ഷയിളവ് ലഭിക്കും. കൊല്ലപ്പെട്ട തലാലിന്റെ കുടുംബം ചര്‍ച്ചയ്ക്കു തയാറാണെന്നും 50 ദശലക്ഷം യെമന്‍ റിയാല്‍ അതായത് ഏകദേശം 1.5 കോടി രൂപ ദയാധനം നല്‍കേണ്ടി വരുമെന്നും യെമന്‍ ജയിലധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു.

ഈ തുക സേവ് നിമിഷ പ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ ശേഖരിച്ചിട്ടുണ്ടായിരുന്നു. എന്നാല്‍ കാര്യങ്ങള്‍ പിന്നീട് മാറിമറിയുകയായിരുന്നു. വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ അപ്പീല്‍ യെമന്‍ സുപ്രീം കോടതി 2023 നവംബര്‍ 13 നാണ് തള്ളിയത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.