വത്തിക്കാൻ സിറ്റി: ഗുണമേന്മയുള്ള സമയം ഒരുമിച്ചു ചെലവഴിച്ച് കുടുംബാംഗങ്ങൾ തമ്മിലുള്ള ബന്ധം സുദൃഢമാക്കണമെന്ന് ഓർമ്മപ്പെടുത്തി ഫ്രാൻസിസ് മാർപാപ്പ. ഭക്ഷണമേശക്കു ചുറ്റും ഒരുമിച്ചിരുന്ന്, അർത്ഥവത്തായ തുറന്ന സംഭാഷണങ്ങളിലേർപ്പെടുകയെന്നത് ഏവർക്കും സ്വീകരിക്കാവുന്ന ലളിതമായ ഒരു കാര്യമാണെന്ന് പാപ്പാ അഭിപ്രായപ്പെട്ടു. എല്ലാ കുടുംബങ്ങളും ഇത് ഒരു പതിവാക്കി മാറ്റണമെന്നും മാർപാപ്പ നിർദേശിച്ചു.
ആഗോളസഭയിൽ തിരുക്കുടുംബത്തിന്റെ തിരുനാളായി ആഘോഷിക്കുന്ന ക്രിസ്മസിനു ശേഷമുള്ള ആദ്യ ഞായറാഴ്ച, വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് സ്ക്വയറിൽ ത്രികാല പ്രാർത്ഥനക്കായി ഒരുമിച്ചുകൂടിയ വിശ്വാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പാപ്പ.
യേശുവിന് പന്ത്രണ്ടു വയസ്സായപ്പോൾ ജെറുസലേമിലേക്ക് നടത്തിയ തീർത്ഥാടനത്തിനൊടുവിൽ അവിടുത്തെ കാണാതാവുകയും മൂന്ന് ദിവസങ്ങൾക്കുശേഷം മറിയവും യൗസേപ്പും ദേവാലയത്തിൽവച്ച് അവിടുത്തെ കണ്ടെത്തുകയും ചെയ്ത സംഭവത്തെ അനുസ്മരിച്ചുകൊണ്ടാണ് പാപ്പാ ധ്യാനചിന്തകൾ പങ്കുവച്ചത്.
കുടുംബജീവിതത്തിൽ മാറിമാറി വരുന്ന ശാന്തവും നാടകീയവുമായ അനുഭവങ്ങളെ തിരുക്കുടുംബം എങ്ങനെയാണ് അഭിമുഖീകരിച്ചത് എന്ന് ഈ സംഭവത്തിലൂടെ സുവിശേഷം നമുക്ക് കാട്ടിത്തരുന്നു. ഈ കാലഘട്ടത്തിലും കുടുംബങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധിയുടെ കഥ തന്നെയാണ് ഇത്. കൗമാരക്കാരും അവരെ മനസ്സിലാക്കാൻ ബുദ്ധിമുട്ടുന്ന മാതാപിതാക്കളും ഉൾപ്പെടുന്ന ഒരു കുടുംബത്തിന്റെ കഥ - പാപ്പാ പറഞ്ഞു.
സംഭാഷണം കുടുംബ ജീവിതത്തിലെ സുപ്രധാന ഘടകം
'ഒരു നിമിഷം നമുക്ക് തിരുക്കുടുംബത്തെ ഒന്നു നോക്കാം' - തന്റെ മുമ്പിലുള്ളവരോട് പരിശുദ്ധ പിതാവ് പറഞ്ഞു. നസ്രത്തിലെ കുടുംബം എല്ലാ കുടുംബങ്ങൾക്കും ഒരു മാതൃകയാകുന്നത് എന്തുകൊണ്ടാണെന്ന് നിങ്ങൾക്കറിയാമോ? കാരണം, ആ കുടുംബത്തിൽ പരസ്പരമുള്ള സംസാരമുണ്ടായിരുന്നു.
സംഭാഷണമാണ് ഒരു കുടുംബത്തിലെ ഏറ്റവും പ്രധാനമായ ഘടകം. ആശയവിനിമയം നടത്താത്ത ഒരു കുടുംബത്തിന് സന്തോഷമുള്ള കുടുംബമാകാൻ ഒരിക്കലും സാധിക്കുകയില്ല. ഇക്കാരണത്താലാണ് തിരുക്കുടുംബം എല്ലാ കുടുംബങ്ങൾക്കുമായുള്ള മനോഹരമായ ഒരു മാതൃകയാകുന്നത് - പാപ്പാ വിശദീകരിച്ചു.
ഭക്ഷണത്തിൻ്റെ സമയം പ്രധാനപ്പെട്ടത്
സുവിശേഷത്തിൽ നാം ഇങ്ങനെ വായിക്കുന്നു: 'അവന്‍ തങ്ങളോടു പറഞ്ഞതെന്തെന്ന് അവര്‍ ഗ്രഹിച്ചില്ല.' (ലൂക്കാ 2 : 50) ഗ്രഹിക്കുന്നതിനേക്കാൾ, ശ്രദ്ധയോടെ കേൾക്കുന്നതാണ് കൂടുതൽ പ്രാധാന്യമുള്ളത് എന്നാണ് ഇതിന്റെ അർത്ഥം. മറ്റൊരാളെ കേൾക്കുന്നതിലൂടെ നാം ആ വ്യക്തിക്ക് കൂടുതൽ പ്രാധാന്യം നൽകുന്നു. നിലനിൽക്കാനും സ്വയം ചിന്തിക്കാനുമുള്ള ആ വ്യക്തിയുടെ അവകാശത്തെ മാനിക്കുകയാണ് നാം അതിലൂടെ ചെയ്യുന്നത്.
കുട്ടികൾ ഇത് തീർച്ചയായും അർഹിക്കുന്നു. ഒരു കുടുംബത്തിലെ ഭക്ഷണ സമയങ്ങൾ സംഭാഷണങ്ങളുടേതും കൂടിയാവണം. ഒരു മേശക്ക് ചുറ്റുമിരുന്ന് സംസാരിക്കുന്നത് നിരവധി പ്രശ്നങ്ങൾക്ക് പരിഹാരമാണ്. അതിലുപരി, അത് തലമുറകളെ തമ്മിൽ ബന്ധിപ്പിക്കുകയും ചെയ്യുന്നു - ഫ്രാൻസിസ് പാപ്പാ പറഞ്ഞു.
ഒരുമിച്ചു ഭക്ഷണം കഴിക്കുക എന്ന പഴയകാലത്തുണ്ടായിരുന്ന പതിവ് നമ്മുടെ ഭക്ഷണമേശകളിലേക്ക് തിരിയെത്തിക്കാൻ സമയം കണ്ടെത്തണമെന്ന് പരിശുദ്ധ പിതാവ് കുടുംബങ്ങളോട് അഭ്യർത്ഥിച്ചു.
സ്വയം അടച്ചുപൂട്ടരുത്
മറ്റു കുടുംബാംഗങ്ങളോട് തുറന്നു സംസാരിക്കേണ്ടതിൻ്റെയും അവരെ കേൾക്കേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ച് ഫ്രാൻസിസ് പാപ്പാ അടിവരയിട്ടു പറഞ്ഞു. തൻ്റെ മകനെ ശ്രദ്ധയോടെ ശ്രവിച്ച പരിശുദ്ധ അമ്മ ഇക്കാര്യത്തിൽ നമുക്ക് കുറ്റമറ്റ ഒരു മാതൃകയാണെന്ന് പാപ്പാ ചൂണ്ടിക്കാട്ടി.
'ഒരിക്കലും സ്വയം അടച്ചുപൂട്ടരുത്. മൊബൈൽ ഫോണിലേക്കു നോക്കി തല കുനിച്ചിരിക്കുന്നത് അതിലും മോശമായ കാര്യമാണ്. സംസാരിക്കുകയും അന്യോന്യം കേൾക്കുകയും ചെയ്യുക. നല്ല സംഭാഷണം നന്നായി വളരാൻ നമ്മെ സഹായിക്കും' - കുടുംബങ്ങളെ ഫ്രാൻസിസ് പാപ്പ ഉപദേശിച്ചു.
യേശുവിന്റെയും മറിയത്തിന്റെയും യൗസേപ്പിന്റെയും കുടുംബം പരിശുദ്ധമായ കുടുംബമായിരുന്നെങ്കിലും, യേശുവിന്റെ മാതാപിതാക്കൾക്ക് അവിടുത്തെ മനസ്സിലാക്കാൻ എപ്പോഴും സാധിച്ചിരുന്നില്ല. ഇക്കാര്യം മനസ്സിൽ സൂക്ഷിക്കുകയും ധ്യാനിക്കുകയും ചെയ്താൽ, സമാനമായ അനുഭവങ്ങൾ നമുക്ക് ഉണ്ടാകുമ്പോൾ അത് നമുക്ക് ആശ്വാസമായി മാറുമെന്ന് മാർപാപ്പ ഊന്നിപ്പറഞ്ഞു.
ശ്രദ്ധയോടെ കേൾക്കുവാനുള്ള വരത്തിനായി പ്രാർത്ഥിക്കുക
ഇപ്രകാരമുള്ള അവസ്ഥകളിൽ സ്വയം ചോദിക്കാനായി ഏതാനും ചോദ്യങ്ങളും പാപ്പാ മുന്നോട്ടുവച്ചു. നാം പരസ്പരം കേൾക്കുന്നവരാണോ? പ്രശ്നങ്ങളെ നേരിടേണ്ടി വരുമ്പോൾ നാം മറ്റുള്ളവരെ ശ്രദ്ധിച്ചു കേൾക്കാറുണ്ടോ? അതോ, മൗനത്തിലും നീരസത്തിലും അഹങ്കാരത്തിലും നാം സ്വയം അടച്ചുപൂട്ടുമോ? പരസ്പരമുള്ള സംഭാഷണത്തിനായി അല്പസമയമെങ്കിലും നാം കണ്ടെത്താറുണ്ടോ?
ഇന്നേദിവസം തിരുക്കുടുംബത്തിൽനിന്ന് നാം പഠിക്കേണ്ട പ്രധാന കാര്യം 'പരസ്പരം ശ്രദ്ധയോടെ കേൾക്കുക' എന്നുള്ളതാണ്. നമ്മുടെ കുടുംബങ്ങൾക്ക് ഈ ഒരു കൃപ ലഭിക്കാൻ പരിശുദ്ധ കന്യകാമറിയത്തിന് നമ്മെത്തന്നെ ഭരമേൽപ്പിക്കാം - ഈ വാക്കുകളോടെ പാപ്പാ തൻ്റെ സന്ദേശം അവസാനിപ്പിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.