ദൃശ്യചാരുതയില്‍ ചിത്രക്കൂട് വെള്ളച്ചാട്ടം; ഇത് ഇന്ത്യയുടെ നയാഗ്ര

ദൃശ്യചാരുതയില്‍ ചിത്രക്കൂട് വെള്ളച്ചാട്ടം; ഇത് ഇന്ത്യയുടെ നയാഗ്ര

ദൃശ്യവിസ്മയങ്ങളുടെ സുവര്‍ണ്ണ കാഴ്ചകള്‍ ഒരുക്കുന്ന ഇടമാണ് നയാഗ്ര വെള്ളച്ചാട്ടം. പലര്‍ക്കും പരിചിതമാണ് ഇവിടം. പ്രത്യേകിച്ച് യാത്രകളെ അങ്ങേയറ്റം സ്‌നേഹിക്കുന്നവര്‍ക്ക്. ജീവിതത്തില്‍ ഒരിക്കലെങ്കിലും നേരിട്ട് പോയി നയാഗ്രയുടെ ഭംഗി ആസ്വദിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ ഏറെയാണ്.

ഇന്ത്യയിലും ഉണ്ട് നയാഗ്രയെപ്പോലെ ഭംഗിയേറിയ ഒരു വെള്ളച്ചാട്ടം. പേര് ചിത്രക്കൂട്. നിരന്ന് പതഞ്ഞ് ഒഴുകുന്ന ഈ വെള്ളച്ചാട്ടത്തിന് നയാഗ്രയുടെ ഛായയുണ്ടെന്ന് പറയാതിരിക്കാന്‍ ആവില്ല. ഈ സാമ്യം തന്നെയാണ് ചിത്രക്കൂട് വെള്ളച്ചാട്ടത്തെ ഇന്ത്യയുടെ നയാഗ്ര എന്ന വിശേഷണത്തിന് യോഗ്യമാക്കിയതും. അതിമനോഹരമായ ഈ വെള്ളച്ചാട്ടത്തിന്റെ ഭംഗി ലോകത്തിന്റെ പലയിടങ്ങളിലുമുള്ള സഞ്ചാരികളെ ഇങ്ങോട്ടേക്ക് ആകര്‍ഷിക്കുന്നു.

ഇന്ത്യയിലെ ഏറ്റവും വീതി കൂടിയ വെള്ളച്ചാട്ടവും ചിത്രക്കൂട് തന്നെയാണ്. ഇവിടെ 95 അടി ഉയരത്തില്‍ നിന്നുമാണ് വെള്ളം പതഞ്ഞ് താഴെയുള്ള നദിയിലേക്ക് പതിക്കുന്നത്. കാഴ്ചയില്‍ അതിവിശിഷ്ടമാണ് വെള്ളത്തിന്റെ പതഞ്ഞൊഴുക്കും. ചത്തീസ്ഗഢിലെ ബസ്തര്‍ ജില്ലയിലെ ജഗദല്‍പ്പൂരിന് അടുത്താണ് ചിത്രകൂട് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. വെള്ളച്ചാട്ടത്തിന്റെ ഭംഗി ആസ്വദിക്കാന്‍ വേണ്ടി മാത്രം നിരവധിപ്പേരാണ് മണ്‍സൂണ്‍ കാലത്ത് ഇവിടേക്ക് എത്താറുള്ളത്. മഴക്കാലത്താണ് ഈ വെള്ളച്ചാട്ടത്തിന് കൂടുതല്‍ ഭംഗി. നിരന്ന് പതഞ്ഞൊഴുകുന്ന വെള്ളം കാഴ്ചക്കാരുടെ മനം നിറയ്ക്കും.

അദ്ഭുതങ്ങളുടെ കുന്ന് എന്നാണ് ചിത്രകൂട് എന്ന വാക്കിന്റെ അര്‍ത്ഥം. ഏകദേശം മുന്നൂറ് മീറ്ററോളം വീതിയുണ്ട് ചിത്രക്കൂട് വെള്ളച്ചാട്ടത്തിന്. ജൂലൈ മുതല്‍ മാര്‍ച്ച് വരെയാണ് ഈ വെള്ളച്ചാട്ടത്തിന്റെ ഭംഗി കൂടുതല്‍ ആസ്വദിക്കാന്‍ അനുയോജ്യം. വീതിയുടെ കാര്യത്തില്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്നതുകൊണ്ടും ഈ വെള്ളച്ചാട്ടം ഇന്ത്യയുടെ നയാഗ്ര എന്ന് അറിയപ്പെടുന്നു.

അതേസമയം വെള്ളച്ചാട്ടത്തിന്റെ ദൃശ്യഭംഗിക്കൊപ്പം സാസ്‌കാരികവും മതപരവുമയി ഒട്ടേറെ പ്രത്യേകതകളുമുണ്ട് ഉത്തരേന്ത്യന്‍ പട്ടണമായ ജഗദല്‍പ്പൂരിന്. വടക്കേ വിന്ധ്യ പര്‍വതനിരകളിലായാണ് ഈ പട്ടണം സ്ഥിതി ചെയ്യുന്നത്. ചരിത്രപ്രാധാന്യമുള്ള നിരവധി ക്ഷേത്രങ്ങളും ഇവിടുത്തെ മറ്റൊരു ആകര്‍ഷണമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.