വാഷിങ്ടണ്‍: അമേരിക്കയിലെ ന്യൂ ഓര്‍ലിയന്‍സില്‍ പുതുവത്സരാഘോഷത്തിനിടെ ആള്‍ക്കൂട്ടത്തിനിടെയിലേക്ക് ട്രക്ക് ഇടിച്ചുകയറ്റിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അക്രമി ആദ്യം കൊല്ലാന്‍ ശ്രമിച്ചത് സ്വന്തം കുടുംബത്തെയായിരുന്നുവെന്ന കാര്യമാണ് ഇപ്പോള്‍ അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.
മുന്‍ യു.എസ് സൈനികന്‍ കൂടിയായ ഷംസുദീന്‍ ജബ്ബാര്‍ ആദ്യം പദ്ധതിയിട്ടത് സ്വന്തം കുടുംബത്തെ വകരുത്താനായിരുന്നുവെന്നും പിന്നീട് ഈ പദ്ധതി ഉപേക്ഷിച്ച് ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേരുകയുമായിരുന്നുവെന്ന് എഫ്ബിഐ അധികൃതരെ ഉദ്ധരിച്ച് സി.എന്‍.എന്‍. റിപ്പോര്‍ട്ട് ചെയ്തു. ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്ന ചില ദൃശ്യങ്ങളും എഫ്ബിഐക്ക് ലഭിച്ചിട്ടുണ്ട്.
അപകടമുണ്ടാക്കിയ വാഹനത്തിനുള്ളില്‍ നിന്നും ഭീകര സംഘടനയായ ഐഎസിന്റെ കൊടി കണ്ടെത്തിയതായി എഫ്ബിഐ അറിയിച്ചു. കൂടാതെ പ്രദേശത്ത് നിന്ന് സ്ഫോടക വസ്തുക്കളും കണ്ടെടുത്തു. അമേരിക്കന്‍ പൗരനും ടെക്സാസ് സ്വദേശിയുമായ ഷംസുദീന്റെ തീവ്രവാദ ഗ്രൂപ്പുകളുമായുള്ള ബന്ധം അന്വേഷിച്ച് വരികയാണെന്ന് എഫ്ബിഐ വ്യക്തമാക്കി.
ജനക്കൂട്ടം പുതുവത്സരം ആഘോഷിക്കുന്ന വേളയില്‍ അക്രമി പിക്കപ്പ് ട്രക്ക് അതിവേഗത്തില്‍ ഓടിച്ചുകയറ്റുകയായിരുന്നു. ഇതിന് പിന്നാലെ ഇയാള്‍ ആള്‍ക്കൂട്ടത്തിലേക്ക് വെടിയുതിര്‍ക്കുകയും ചെയ്തു. അക്രമി ഷംസുദീന്‍ ജബ്ബാറിനെ പൊലീസ് പിന്നീട് വധിച്ചു. സംഭവത്തില്‍ മരണ സംഖ്യ 15 ആയി ഉയര്‍ന്നു. 30 പേര്‍ക്ക് പരിക്കേറ്റു. ഇവര്‍ വിവിധ ഇടങ്ങളില്‍ ചികിത്സയില്‍ കഴിയുകയാണ്.
അമേരിക്കന്‍ സൈന്യത്തില്‍ വിവിധ ജോലികള്‍ ചെയ്തുവന്നിരുന്നയാളാണ് ഷംസുദീന്‍. 2009 ഫെബ്രുവരി മുതല്‍ 2010 ജനുവരി വരെ അഫ്ഗാനിസ്ഥാനിലും ഇയാള്‍ സേവനമനുഷ്ടിച്ചിരുന്നു.
ജോര്‍ജ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്ന് കംപ്യൂട്ടര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസില്‍ ബിരുദം നേടിയിട്ടുണ്ട്. 2012ലായിരുന്നു ഇയാളുടെ ആദ്യ വിവാഹം. ഇയാള്‍ രണ്ടാമതും വിവാഹം കഴിച്ചിരുന്നു. ആ ബന്ധം 2017 മുതല്‍ 2022 വരെയാണ് നീണ്ടുനിന്നത്. റിയല്‍ എസ്റ്റേറ്റ് ബിസിനസിലും ഇയാള്‍ ഒരു കൈ നോക്കിയിരുന്നു. ക്രിമിനല്‍ പശ്ചാത്തലമുള്ള പ്രതി ട്രാഫിക് നിയമലംഘനം, മോഷണം ഉള്‍പ്പെടെയുള്ള കേസുകളില്‍ ഉള്‍പ്പെട്ടിരുന്നു.
ടെക്സാസില്‍ നിന്നും വാടകയ്ക്കെടുത്ത ഇലക്ട്രിക് വാഹനമാണ് ഇയാള്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് ഇടിച്ചുകയറ്റിയത്. ആക്രമണത്തില്‍ എഫ്ബിഐ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. ആക്രമണത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് പ്രതി ഇസ്ലാമിക് സ്‌റ്റേറ്റിനെ വാഴ്ത്തി സോഷ്യല്‍ മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നുവെന്നും ജോ ബൈഡന്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.