ഒരിക്കലും സാത്താനുമായി സംഭാഷണത്തിൽ ഏർപ്പെടാൻ പാടില്ല; നമ്മുടെ ശാശ്വതമായ നാശമാണ് അവന്റെ ലക്ഷ്യം: ഫ്രാൻസിസ് മാർപാപ്പ

ഒരിക്കലും സാത്താനുമായി  സംഭാഷണത്തിൽ ഏർപ്പെടാൻ പാടില്ല; നമ്മുടെ ശാശ്വതമായ നാശമാണ് അവന്റെ ലക്ഷ്യം: ഫ്രാൻസിസ് മാർപാപ്പ

നോമ്പിന്റെ ആദ്യ ഞായറാഴ്ച വത്തിക്കാൻ സ്‌ക്വയറിൽ കൂടിയ വിശ്വാസികളോട് ഫ്രാൻസിസ് മാർപാപ്പ തന്റെ ഞായറാഴ്ച സന്ദേശം പങ്കുവച്ചു. വിശുദ്ധ മർക്കോസിന്റെ സുവിശേഷം 1 : 12 - 15നെ  അടിസ്ഥാനപ്പെടുത്തിയായിരുന്നു പാപ്പയുടെ സന്ദേശം. ഈ വചനഭാഗത്ത് പറയുന്ന 'ആത്മാവ് അവനെ മരുഭൂമിയിലേക്ക് നയിച്ചു' എന്ന ഭാഗത്തെ ആസ്പദമാക്കിയായിരുന്നു പാപ്പാ പഠിപ്പിച്ചത്.

യേശു നാല്പത് ദിവസം മരുഭൂമിയിൽ താമസിച്ചു, സാത്താനാൽ പരീക്ഷിക്കപ്പെട്ടു. മരുഭൂമിയുടെ സ്വാഭാവികവും പ്രതീകാത്മകവുമായ യാഥാർത്ഥ്യം എന്നത് “ദൈവം മനുഷ്യഹൃദയത്തോട് സംസാരിക്കുന്നതും പ്രാർത്ഥന ഒരു പ്രതികരണമാകുന്നു എന്നതുമാണ് ". എന്നാൽ അതുപോലെ തന്നെ ഇത് 'പരീക്ഷണത്തിന്റെയും പ്രലോഭനങ്ങളുടെയും" ഇടം കൂടിയാണ്. യേശുവും സാത്താനും തമ്മിൽ നടക്കുന്ന ദ്വന്ദ യുദ്ധം അവിടെ തുടങ്ങുകയും പീഡാസഹനത്തിലും കുരിശുമരണത്തിലും അവസാനിക്കുകയും ചെയുന്നു.

ക്രിസ്തുവിന്റെ മുഴുവൻ ശുശ്രൂഷയും തിന്മയ്ക്കെതിരായ പോരാട്ടമാണ്. രോഗികളെ സുഖപ്പെടുത്തുന്നതും അടിച്ചമർത്തപ്പെട്ടവരെ സ്വതന്ത്രരാക്കുന്നതും പാപങ്ങൾ പൊറുക്കുന്നതും. ദൈവപുത്രനെ തള്ളിപ്പറയുകയും പിടികൂടുകയും വധശിക്ഷയ്ക്ക് വിധിക്കുകയും ചെയ്യുമ്പോൾ പിശാചിന് മേൽക്കോയ്മ ഉണ്ടെന്ന് തോന്നാമെങ്കിലും വാസ്തവത്തിൽ, “സാത്താനെ പരാജയപ്പെടുത്തി നമ്മെ മോചിപ്പിക്കാനുള്ള മരണം കുരിശിലേക്കുള്ള അവസാനത്തെ മരുഭൂമിയായിരുന്നു."

കർത്താവിന്റെ കാൽച്ചുവടുകൾ പിന്തുടരുന്ന, നമ്മുടെ ജീവിതവും തിന്മയുടെ ആത്മാവിനെതിരായ പോരാട്ടമാണ്. അവിടെ പിശാചിന് നമ്മെ പ്രലോഭിപ്പിക്കാൻ കഴിയും. “ ശാശ്വതമായ നമ്മുടെ ഈ ശത്രുവിനെക്കുറിച്ച് നമുക്ക് നല്ല അവബോധം ഉണ്ടാവണം. നമ്മുടെ ശാശ്വതമായ പരാജയത്തിനും നാശത്തിനുമായാണ് അവൻ നമ്മെ ഒരുക്കുന്നത്. ദൈവത്തിനെതിരെ പ്രതിരോധിക്കാനും അവൻ നമ്മെ പ്രേരിപ്പിക്കുന്നു. യേശു ഒരിക്കലും സാത്താനുമായി സംസാരിക്കാൻ ശ്രമിച്ചില്ല. പകരം എപ്പോഴും അവനെ ദൂരെ പറഞ്ഞയക്കുകയോ ദൈവവചനം ഉദ്ധരിക്കുകയോ ആയിരുന്നു ചെയ്തത്. നാം ഒരിക്കലും സാത്താനുമായി ഒരു സംഭാഷണത്തിൽ ഏർപ്പെടാൻ പാടില്ല."

പാപ്പാ ഉപസംഹരിച്ചു, “നമ്മുടെ ജ്ഞാനസ്നാന വാഗ്ദാനങ്ങൾ പുതുക്കുകയും സാത്താനെയും അവന്റെ എല്ലാ പ്രവൃത്തികളെയും അവന്റെ എല്ലാ അർത്ഥ ശൂന്യമായ വാഗ്ദാനങ്ങളെയും ഉപേക്ഷിക്കുകയും ചെയ്തു കൊണ്ട് ദൈവത്തെ പിന്തുടരാൻ വിളിക്കപ്പെട്ടവരാണ് നാം." കന്യാമറിയത്തിന്റ മാതൃസഹജമായ മധ്യസ്ഥം അപേക്ഷിക്കാൻ പാപ്പാ എല്ലാവരെയും ആഹ്വാനം ചെയ്തു.

കർത്താവിന്റെ മാലാഖ ചൊല്ലാൻ നേതൃത്വം നൽകിയ ശേഷം മാർപ്പാപ്പ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ കൂടിയിരുന്ന പോളിഷ് തീർഥാടകരെ അഭിവാദ്യം ചെയ്യുകയും പോളണ്ടിലെ പ്ലോക്കിലെ ദിവ്യകാരുണ്യ ദേവാലയം അനുസ്മരിക്കുകയും ചെയ്തു. അവിടെ 90 വർഷം മുമ്പ് കർത്താവ് സിസ്റ്റർ ഫൗസ്തീനക്ക്‌ പ്രത്യക്ഷപ്പെടുകയും ദൈവകാരുണ്യത്തിന്റെ ഒരു പ്രത്യേക സന്ദേശം നൽകുകയും ചെയ്തു. വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ അത് ലോകത്തെ അറിയിക്കുകയും ലോകത്തിന്റെ ശ്രദ്ധ നേടിയെടുക്കുകയും ചെയ്തു.

വിശ്വാസത്തോടെ നമ്മുടെ ഹൃദയം തുറക്കാനും യേശുവിൽ ആശ്രയിക്കാനും ഫ്രാൻസിസ് മാർപാപ്പാ എല്ലാവരെയും പ്രോത്സാഹിപ്പിച്ചു. അതുപോലെ റോമിലെ സാൻ ജിയോവന്നി ഡീ ഫിയോറെന്റിനി ഇടവകയിലെ തീർഥാടകരെ മാർപ്പാപ്പ അഭിവാദ്യം ചെയ്യുകയും അവരുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടരാൻ സന്തോഷത്തോടെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.