ദുബായ്: യുഎഇ ഉള്‍പ്പടെയുളള വിദേശരാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് പോകുന്ന എല്ലാ യാത്രക്കാരും കോവിഡ് പിസിആർ ടെസ്റ്റ് നെഗറ്റീവ് റിസല്‍റ്റ് ഹാജരാക്കണമെന്ന നിർദ്ദേശം. ഇന്ന് അർദ്ധരാത്രി മുതല്‍ പ്രാബല്യത്തിലാകും. പ്രത്യേക പ്രായ പരിധി വ്യക്തമാക്കിയിട്ടില്ലാത്തതിനാല്‍ കുട്ടികള്‍ക്കുള്‍പ്പടെ പിസിആർ ടെസ്റ്റ് എടുക്കേണ്ടി വരും. കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യോമയാന മന്ത്രാലയവുമായി ചേർന്നാണ് അന്താരാഷ്ട്ര യാത്രികർക്കുളള യാത്രാ നിർദ്ദേശങ്ങള്‍ പുതുക്കിയത്.
കോവിഡ് ആർടി പിസിആർ നെഗറ്റീവ് ടെസ്റ്റ് റിസല്‍റ്റ് എയർ സുവിധ വെബ് സൈറ്റില്‍ അപ്‌ലോഡ് ചെയ്തിരിക്കണം. റിസല്‍ട്ടിന്റെ പ്രിന്റ് ഔട്ട് കൈയ്യില്‍ കരുതുകയും ചെയ്യണം. അതേസമയം ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ കോവിഡ് ടെസ്റ്റുണ്ട്. യാത്രാക്കാർ സ്വന്തം ചെലവിലായിരിക്കണം കോവിഡ് ടെസ്റ്റ് നടത്തേണ്ടത്. അടുത്ത ബന്ധുക്കളുടെ മരണത്തെ തുടർന്നുളള യാത്രയാണെങ്കില്‍, പിസിആർ ടെസ്റ്റ് റിസല്‍റ്റ് സമർപ്പിക്കുന്നതില്‍ ഇളവുണ്ട്.
എന്നാല്‍, എയർ സുവിധ വെബ്സൈറ്റില്‍ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വ്യക്തമാക്കി ഇളവിന് അപേക്ഷിക്കണം. കൃത്യമായ വിവരങ്ങളായിരിക്കണം വ്യക്തമാക്കേണ്ടത്. ഇല്ലെങ്കില്‍ നിയമ നടപടിയുണ്ടായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ ആരോഗ്യ സേതു ആപ്പ് ഡൗണ്‍ ലോഡ് ചെയ്തിരിക്കണം.
കേരളത്തിലേക്കാണ് യാത്രയെങ്കില്‍ 14 ദിവസത്തെ ക്വാറന്റീനാണ് അധികൃതർ നിർദ്ദേശിക്കുന്നത്. ഏഴ് ദിവസം കഴിഞ്ഞ് ആർ ടി പിസിആർ ടെസ്റ്റ് എടുത്ത് നെഗറ്റീവാണെങ്കില്‍ ക്വാറന്റീന്‍ അവസാനിപ്പിക്കാം. അതല്ലെങ്കില്‍ 14 ദിവസത്തെ ക്വാറന്റീനാണ് അഭികാമ്യം. വാക്സിന്റെ രണ്ട് ഡോസും എടുത്തവരാണെങ്കിലും ക്വാറന്റീനില്‍ ഇളവില്ല.
യുഎഇയില്‍ അബുദാബി ഒഴികെയുളള എമിറേറ്റുകളില്‍ 150 ദിർഹമാണ് ആർടി പിസിആർ ടെസ്റ്റിന്റെ നിരക്ക്. അബുദാബിയില്‍ 85 ദിർഹത്തിന് പിസിആർ ടെസ്റ്റ് ചെയ്യാം. യാത്രാ ആവശ്യത്തിനുളള പിസിആർ ടെസ്റ്റ് റിസല്‍റ്റില്‍ ടെസ്റ്റ് എടുത്ത സമയം, തിയതി, ടെസ്റ്റ് റിസല്‍റ്റ് വന്ന സമയം, തിയതി ഇതൊക്കെ കൃത്യമായി രേഖപ്പെടുത്തിയിരിക്കണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.