പാര്‍ട്ടിക്കുള്ളില്‍ ആഭ്യന്തര കലഹം; കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രാജിക്കൊരുങ്ങുന്നതായി റിപ്പോര്‍ട്ട്

പാര്‍ട്ടിക്കുള്ളില്‍ ആഭ്യന്തര കലഹം; കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രാജിക്കൊരുങ്ങുന്നതായി റിപ്പോര്‍ട്ട്

ഒട്ടാവ: കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ലിബറല്‍ പാര്‍ട്ടി നേതൃസ്ഥാനം വൈകാതെ രാജിവച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. പാര്‍ട്ടിക്കുള്ളില്‍ വര്‍ധിച്ചുവരുന്ന ആഭ്യന്തര സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് ട്രൂഡോയുടെ രാജി. ബുധനാഴ്ച നടക്കുന്ന പാര്‍ട്ടിയുടെ നിര്‍ണായക യോഗത്തിന് മുന്‍പ് രാജി ഉണ്ടാകുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ട്രൂഡോ ഉടന്‍ ചുമതല ഒഴിയുമോ അതോ പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നത് വരെ പ്രധാനമന്ത്രിയായി തുടരുമോ എന്നത് വ്യക്തമല്ല. 2013ല്‍ പാര്‍ട്ടി കടുത്ത പ്രതിസന്ധിയിലായപ്പോള്‍ ട്രൂഡോ ലിബറല്‍ നേതാവായി ചുമതലയേല്‍ക്കുകയായിരുന്നു.

ഈ വര്‍ഷം ഒക്ടോബറിലാണ് കാനഡയില്‍ ഫെഡറല്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ഇതില്‍ ട്രൂഡോയുടെ ലിബറലുകള്‍ പ്രതിപക്ഷമായ കണ്‍സര്‍വേറ്റീവുകളോട് ദയനീയമായി തോല്‍ക്കുമെന്നാണ് സര്‍വേകള്‍ വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിലാണ് ട്രൂഡോയുടെ രാജി. കഴിഞ്ഞ മാസമാണ് ട്രൂഡോ സര്‍ക്കാരുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് രാജ്യത്തിന്റെ ധനമന്ത്രിയും ഉപപ്രധാനമന്ത്രിയും ആയ ക്രിസ്റ്റിയ ഫ്രീലാന്‍ഡ് സ്ഥാനമൊഴിഞ്ഞത്.

ബുധനാഴ്ച നടക്കുന്ന സുപ്രധാന ദേശീയ കോക്കസ് യോഗത്തിന് മുമ്പ് രാജിവെക്കാനുള്ള ട്രൂഡോയുടെ തീരുമാനം പ്രതീക്ഷിക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഒന്‍പത് വര്‍ഷമായി ട്രൂഡോ പ്രധാനമന്ത്രി സ്ഥാനത്ത് തുടരുകയാണ്. തിരഞ്ഞെടുപ്പുകളില്‍ ട്രൂഡോയുടെ പാര്‍ട്ടിയുടേത് മോശം പ്രകടനമായിരിക്കെയാണ് പദവിയൊഴിയുന്നത്. എന്നാല്‍ ജസ്റ്റിന്‍ ട്രൂഡോ പൊതുജീവിതം എപ്പോള്‍ അവസാനിക്കുമെന്നതിനെ കുറിച്ച് കൃത്യമായ ഒരു വിവരം പുറത്തുവന്നിട്ടില്ല. സര്‍ക്കാരിനെ വര്‍ഷങ്ങളോളം പിന്തുണച്ച പ്രതിപക്ഷ പാര്‍ട്ടി പാര്‍ലമെന്റ് പുനരാരംഭിക്കുമ്പോള്‍ സര്‍ക്കാരിനെതിരെ അവിശ്വാസം രേഖപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.