നാളത്തെ സ്പേഡെക്സ് സ്പേസ് ഡോക്കിങ് ദൗത്യം മാറ്റി; സംയോജനം വ്യാഴാഴ്ച നടക്കുമെന്ന് ഐഎസ്ആര്‍ഒ

നാളത്തെ സ്പേഡെക്സ് സ്പേസ് ഡോക്കിങ് ദൗത്യം മാറ്റി; സംയോജനം വ്യാഴാഴ്ച നടക്കുമെന്ന് ഐഎസ്ആര്‍ഒ

ബംഗളൂരു: ബഹിരാകാശത്ത് നാളെ നടക്കാനിരുന്ന ഐഎസ്ആര്‍ഒയുടെ സ്പേഡെക്സ് സ്പേസ് ഡോക്കിങ് ദൗത്യം മാറ്റി വെച്ചു. വ്യാഴാഴ്ചത്തേക്കാണ് ദൗത്യം മാറ്റിയത്. രാവിലെ ഒമ്പതിനും പത്തിനുമിടയില്‍ ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് വെച്ച് കൂട്ടി യോജിപ്പിക്കും.

ഡിസംബര്‍ 30 ന് പിഎസ്എല്‍വി 60 യിലാണ് സ്പേഡെക്സ് ദൗത്യത്തിനായുള്ള ഇരട്ട ഉപഗ്രഹങ്ങളെ ബഹിരാകാശത്തേയ്ക്ക് അയച്ചത്. പേടകങ്ങളെ ബഹിരാകാശത്തു വെച്ച് കൂട്ടിയോജിപ്പിക്കുന്നതിലും വേര്‍പ്പെടുത്തുന്നതിലും വിജയിച്ചാല്‍ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ. അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങളാണ് ഈ നേട്ടം കൈവരിച്ച മറ്റ് രാജ്യങ്ങള്‍.

ബംഗളൂരുവിലെ ഇസ്ട്രാക്കില്‍ നിന്നാണ് ഉപഗ്രഹങ്ങളെ നിയന്ത്രിക്കുന്നത്. ഉപഗ്രഹങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നതിന്റെ തത്സമയ ദൃശ്യങ്ങള്‍ ഐഎസ്ആര്‍ഒ ലഭ്യമാക്കുമെന്നാണ് അറിയിപ്പ്.


ദൗത്യത്തിന്റെ ഭാഗമായി രണ്ട് പരീക്ഷണങ്ങള്‍ ഐഎസ്ആര്‍ഒ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. റീ ലൊക്കേറ്റര്‍ റോബോട്ടിക് മാനിപ്പുലേറ്റര്‍ ടെക്നോളജി ഡെമോണ്‍സ്ട്രേറ്റര്‍ അഥവാ 'നടക്കും യന്ത്രക്കൈ സാങ്കേതിക വിദ്യാ പരീക്ഷണ'മാണ് ആദ്യം നടന്നത്. ഇത് കൂടാതെ ദൗത്യത്തിന്റെ ഭാഗമായി എത്തിച്ച പയര്‍ വിത്തുകള്‍ മുളപ്പിച്ചിരുന്നു.

ബഹിരാകാശത്ത് ചുറ്റിത്തിരിയുന്ന രണ്ട് പേടകങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നതാണ് ഇനിയുള്ള പ്രധാന ദൗത്യം. ഏകദേശം 220 കിലോ ഭാരമുള്ള ചേസര്‍ എസ്ഡിഎക്സ് 01, ടാര്‍ഗറ്റ് എസ്ഡിഎക്സ് 02 എന്നീ രണ്ട് പ്രത്യേക ഉപഗ്രഹങ്ങളുടെ വിക്ഷേപണം ഈ ദൗത്യത്തില്‍ ഉള്‍പ്പെടുന്നു.

ഭൂമിയില്‍ നിന്ന് 470 കിലോമീറ്റര്‍ ഉയരത്തില്‍ ഡോക് ചെയ്യാനാണ് ഈ ദൗത്യം ലക്ഷ്യമിടുന്നത്. ഗഗന്‍യാന്‍ ഹ്യൂമന്‍ സ്പേസ് ഫ്ളൈറ്റ്, ചാന്ദ്രയാന്‍ 4, ഭാരതീയ അന്തരീക്ഷ് സ്റ്റേഷന്‍ തുടങ്ങി ഇന്ത്യയുടെ വരുംകാല ദൗത്യങ്ങള്‍ക്ക് സ്പേസ് ഡോക്കിങ് ആവശ്യമാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.