ലോസ് ആഞ്ചലസ് : തെക്കൻ കാലിഫോർണയയിൽ വലിയ തോതിൽ കാട്ടുതീ പടരുന്നു. സ്ഥിതി നിയന്ത്രണാതീതമായി മാറിയെന്നാണ് പ്രാദേശിക അധികൃതർ നൽകുന്ന മുന്നറിയിപ്പ്. 10 ഏക്കറിൽ മാത്രമായിരുന്ന കാട്ടുതീ മണിക്കൂറുകൾക്കുള്ളിൽ 2900 ഏക്കറിലേക്ക് പടരുകയായിരുന്നു.
മണിക്കൂറിൽ 80 കിലോമീറ്റർ വേഗത്തിൽ പ്രദേശത്ത് കാറ്റ് വീശിയിരുന്നു. ഇതാണ് കാട്ടുതീ പൊടുന്നനെ പടരാൻ കാരണം. മുപ്പതിനായിരത്തോളം പേർക്ക് ഈ പ്രദേശങ്ങളിൽ നിന്നും ഒഴിഞ്ഞുപോകാൻ നിർദേശം നൽകിയതായി അഗ്നിശമന സേനാ മേധാവി ക്രിസ്റ്റിൻ ക്രൗലി പറഞ്ഞു. പതിമൂവായിരത്തോളം കെട്ടിടങ്ങളും കാട്ടുതീയുടെ ഭീഷണിയിലാണെന്ന് അദേഹം കൂട്ടിച്ചേർത്തു.
ലോസ് ആഞ്ചലസിൽ ഉൾപ്പെടെ 46,000 വീടുകളിൽ വൈദ്യുതി വിച്ഛേദിച്ചിരിക്കുകയാണ്. ലോസ് ആഞ്ചലസിനോട് ചേർന്ന സാൻ ബെർണാർഡിനോയിലും 8000 ത്തോളം വീടുകളിൽ വൈദ്യുതി മുടങ്ങിയതായാണ് റിപ്പോർട്ട്.
ഇന്നലെ രാവിലെ 11 മണിയോടെയാണ് കാട്ടുതീ പടർന്നു തുടങ്ങിയത്. കാറ്റ് കൂടി വീശിയതോടെ വൈകുന്നേരത്തോടെ കൂടുതൽ മേഖലകളിലേക്ക് പടരുകയായിരുന്നു. കാറ്റ് ശക്തമായതോടെ അര മണിക്കൂറിനുള്ളിലാണ് തീ 10 ഏക്കറിൽ നിന്ന് 200 ഏക്കറിലേക്ക് പടർന്നത്.
തെക്കൻ കാലിഫോർണിയയിൽ ഒരു ദശാബ്ദത്തിനിടെയുണ്ടായ ഏറ്റവും വലിയ കാട്ടുതീയാണിതെന്നാണ് വിലയിരുത്തൽ. ശീതക്കാറ്റാണ് സ്ഥിതി ഗുരുതരമാക്കിയത്. കാട്ടുതീയുടെ തുടക്കം എങ്ങനെയെന്ന് വ്യക്തമായിട്ടില്ല. തീ അനിയന്ത്രിതമായി പടർന്നതോടെ നിയന്ത്രണവിധേയമാക്കാൻ കൂടുതൽ നടപടികൾ സ്വീകരിച്ച് വരികയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.