അന്താരഷ്ട്ര ക്രിക്കറ്റിനോട് വിട പറഞ്ഞ് മാര്‍ട്ടിന്‍ ഗുപ്റ്റില്‍

അന്താരഷ്ട്ര ക്രിക്കറ്റിനോട് വിട പറഞ്ഞ് മാര്‍ട്ടിന്‍ ഗുപ്റ്റില്‍

വെല്ലിംഗ്ടണ്‍: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ ഔദ്യോഗികമായി പ്രഖ്യാപിച്ച് ന്യൂസിലന്‍ഡ് താരം മാര്‍ട്ടിന്‍ ഗുപ്റ്റില്‍. 2022 ഒക്ടോബറിലാണ് ഗപ്ടില്‍ ന്യൂസിലന്‍ഡിനായി തന്റെ അവസാനം മത്സരം കളിച്ചത്. വിരമിക്കല്‍ പ്രസംഗത്തില്‍ അന്താരാഷ്ട്രതലത്തില്‍ ന്യൂസിലന്‍ഡിനെ പ്രതിനിധീകരിക്കാന്‍ കഴിഞ്ഞതില്‍ ഗുപ്റ്റില്‍ അഭിമാനം പ്രകടിപ്പിച്ചു. തന്റെ കരിയറില്‍ ഉടനീളം പിന്തുണ നല്‍കിയ ന്യൂസിലന്‍ഡ് ക്രിക്കറ്റ്, ടീമംഗങ്ങള്‍, കോച്ചിങ് സ്റ്റാഫ്, കുടുംബാംഗങ്ങള്‍ എന്നിവരോട് അദേഹം നന്ദി പറഞ്ഞു.

ചെറുപ്പത്തില്‍ ന്യൂസിലന്‍ഡിനായി കളിക്കുക എന്നത് തന്റെ സ്വപ്നമായിരുന്നു, എന്റെ രാജ്യത്തിനായി 367 മത്സരങ്ങള്‍ കളിച്ചതില്‍ അഭിമാനം തോന്നുന്നുവെന്ന് ഗുപ്റ്റില്‍ പറഞ്ഞു. 14 വര്‍ഷം നീണ്ട കരിയറില്‍ ന്യൂസിലന്‍ഡിനായി 47 ടെസ്റ്റുകളും 198 ഏകദിനങ്ങളും 122 ടി20 കളും ഗുപ്റ്റില്‍ കളിച്ചിട്ടുണ്ട്. മൂന്ന് ഫോര്‍മാറ്റുകളിലുമായി 23 സെഞ്ച്വറികള്‍ നേടി. ഏക ദിനത്തില്‍ ഡബിള്‍ സെഞ്ച്വറി നേടിയ ഏക ന്യൂസിലന്‍ഡുകാരനാണ് 38 കാരനായ ഗുപ്റ്റില്‍. 2015 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ പുറത്താകാതെ 237 റണ്‍സെടുത്താണ് അദേഹം ഈ നേട്ടം കൈവരിച്ചത്. 122 മത്സരങ്ങളില്‍ നിന്ന് 3,531 റണ്‍സുമായി ന്യൂസിലന്‍ഡിന്റെ ഏറ്റവും വലിയ ടി20 റണ്‍സ് സ്‌കോററായാണ് ഗുപ്റ്റില്‍ വിരമിക്കുന്നത്.

2009 ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള ഏകദിനത്തിലാണ് ഗുപ്റ്റിലിന്റെ അന്താരാഷ്ട്ര ക്രിക്കറ്റിലെ അരങ്ങേറ്റം. അരങ്ങേറ്റ മത്സരത്തില്‍ തന്നെ സെഞ്ച്വറി പ്രകടനം കാഴ്ചവച്ച ഗുപ്ടില്‍ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ന്യൂസിലന്‍ഡ് ക്രിക്കറ്ററുമായി. 2019 ലെ ഇന്ത്യയുടെ ഏകദിന ലോകകപ്പ് സ്വപ്നങ്ങള്‍ ഇല്ലാതാക്കിയ എംഎസ് ധോണിയുടെ റണ്ണൗട്ടിന് പിന്നിലെ കരങ്ങളും ഗുപ്റ്റിലിന്റേതാണ്.

വിരമിക്കലിന് ശേഷം ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താരത്തിന്റെ തീരുമാനം. നിലവില്‍ സൂപ്പര്‍ സ്മാഷ് ടൂര്‍ണമെന്റില്‍ ഓക്ലന്‍ഡ് എയ്സിന്റെ ഭാഗമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.