ന്യൂഡല്‍ഹി: കൊലക്കേസ് പ്രതിയെ 25 വര്‍ഷത്തിന് ശേഷം വിട്ടയച്ച് സുപ്രീം കോടതി. രേഖകള്‍ അവഗണിച്ച കോടതി അനീതി കാണിച്ചുവെന്ന് വിലയിരുത്തിയാണ് സുപ്രീം കോടതി നടപടി. നഷ്ടപ്പെട്ട വര്‍ഷങ്ങള്‍ തിരിച്ചു നല്‍കാന്‍ കഴിയില്ലെന്നും കോടതി ഖേദം പ്രകടിപ്പിച്ചുകൊണ്ടാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കുറ്റകൃത്യം നടക്കുമ്പോള്‍ പ്രതിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
1994 ല്‍ ഉത്തരാഖണ്ഡിലെ ഡെറാഡൂണ്‍ ജില്ലയില്‍ വിരമിച്ച കേണലിനെയും മകനെയും സഹോദരിയെയും കഴുത്തറുത്ത് കൊന്ന കേസിലെ പ്രതിയായ ഓം പ്രകാശിനെയാണ് കോടതി വിട്ടയച്ചത്. 1994 ല്‍ കുറ്റകൃത്യം നടക്കുമ്പോള്‍ പ്രതിക്ക് 14 വയസ് മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നു കോടതി കണ്ടെത്തി. ശിക്ഷ 2015 ലെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് നിര്‍ദേശിക്കുന്നതിലും ഉയര്‍ന്ന പരിധിയിലായതിനാല്‍ ജസ്റ്റിസുമാരായ എം.എം സുന്ദരേഷും അരവിന്ദ് കുമാറും അടങ്ങിയ ബെഞ്ച് വിട്ടയക്കാന്‍ ഉത്തരവിടുകയായിരുന്നു.
പ്രതിക്കു പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന വാദം വിചാരണ ഘട്ടത്തില്‍ ഉന്നയിക്കപ്പെട്ടെങ്കിലും വിചാരണക്കോടതി അംഗീകരിച്ചില്ല. വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു. 2012 ല്‍ രാഷ്ട്രപതിക്ക് ദയാഹര്‍ജി കൊടുത്താണ് ശിക്ഷ ജീവപര്യന്തമാക്കിയത്. 60 വയസ് തികയുന്നതുവരെ പ്രതിയെ മോചിപ്പിക്കരുതെന്നായിരുന്നു ഉത്തരവ്. ഇതിനിടെ പ്രായം നിര്‍ണയിക്കല്‍ പരിശോധനയുടെ റിപ്പോര്‍ട്ടും പ്രതിക്ക് അനുകൂലമായിരുന്നെങ്കിലും ഇതും ഹൈക്കോടതി തള്ളി. ഇതേതുടര്‍ന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്.
രേഖകള്‍ അവഗണിച്ച കോടതികള്‍ പ്രതിയോട് കാണിച്ചത് അനീതിയാണെന്ന് സുപ്രീം കോടതി വിലയിരുത്തി. കോടതി ചെയ്ത തെറ്റ് ഒരാളുടെ അവകാശത്തിന് തടസമാകില്ലെന്ന് കോടതി നിരീക്ഷിച്ചു. വസ്തുതകള്‍ക്കടിയില്‍ മറഞ്ഞിരിക്കുന്ന സത്യം കണ്ടെത്താനുള്ള ഏകമനസോടെയുള്ള പരിശ്രമമാണ് കോടതിയുടെ പ്രാഥമിക കര്‍ത്തവ്യം. അതിനാല്‍ കോടതി സത്യത്തിന്റെ ഒരു സെര്‍ച്ച് എന്‍ജിനാണ്. നടപടിക്രമവും നിയമങ്ങളുമാണ് അതിന്റെ ഉപകരണങ്ങളെന്നും ഉത്തരവ് പുറപ്പെടുവിച്ചുകൊണ്ട് കോടതി വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.