മനുഷ്യരെ കൊല്ലാൻ ശേഷിയുള്ള വിഷം; 9.2 സെന്റീമീറ്റർ നീളം;ഫണൽ വെബ് ചിലന്തികളിലെ വമ്പനെ ഓസ്‌ട്രേലിയൻ മൃഗശാലയിൽ കണ്ടെത്തി

മനുഷ്യരെ കൊല്ലാൻ ശേഷിയുള്ള വിഷം; 9.2 സെന്റീമീറ്റർ നീളം;ഫണൽ വെബ് ചിലന്തികളിലെ വമ്പനെ ഓസ്‌ട്രേലിയൻ മൃഗശാലയിൽ കണ്ടെത്തി

സിഡ്നി: ലോകത്തിലെ ഏറ്റവും വിഷമുള്ള ചിലന്തി സ്പീഷീസായിട്ടാണ് ഫണൽ വെബ് സ്‌പൈഡറുകൾ അറിയപ്പെടുന്നത്. രോമം നിറഞ്ഞ കാലുകളുള്ള ഈ ചിലന്തിയിനത്തിൽ ഇതുവരെ കണ്ടെത്തിയിട്ടുള്ള ഏറ്റവും വലിയ ചിലന്തിയെ ശാസ്ത്രജ്ഞർ ഓസ്‌ട്രേലിയയിൽ കണ്ടെത്തി.

ഓസ്‌ട്രേലിയയിലെ ഉരഗ വർഗത്തിൽപ്പെട്ട ജീവികൾക്കായുള്ള മൃഗശാലയിലാണ് ചിലന്തിയെ കണ്ടെത്തിയത്. ജീവഹാനി വരെ സംഭവിച്ചേക്കാവുന്ന മാരകവിഷമുള്ളവയാണ് ഓസ്‌ട്രേലിയയിൽ കണ്ടുവരുന്ന ഫണൽ-വെബ് ചിലന്തി.

ഹെംസ്വർത്ത് എന്ന് പേരിട്ടിരിക്കുന്ന ഈ ആൺചിലന്തിക്ക് 9.2 സെന്റീമീറ്റർ നീളമുണ്ട്‌. 2024 ജനുവരിയിൽ പാർക്കിലെത്തിയ 7.9 സെന്റീമീറ്റർ നീളമുള്ള ഹെർക്കുലീസ് എന്ന ഫണൽ-വെബ് ചിലന്തിയായിരുന്നു ഇതുവരെ ഏറ്റവും വലുത്. ഹോളിവുഡിലെ ഏറ്റവും ശ്രദ്ധേയരായ ഓസ്‌ട്രേലിയൻ നടന്മാരും ഹെംസ്വർത്ത് സഹോദരന്മാരുമായ ക്രിസ്, ലിയാം, ലൂക്ക് എന്നിവരുടെ പേരിലാണ് ഈ ചിലന്തി അറിയപ്പെടുന്നത്.

സിഡ്‌നിയിൽ നിന്ന് 120 കിലോമീറ്റർ വടക്കുള്ള തീരദേശ നഗരമായ ന്യൂകാസിലിലെ പാർക്കിൽ നിന്നാണ് ഇതിനെ കണ്ടത്തിയത്. വലിപ്പം കാരണം പെൺചിലന്തിയാണെന്നാണ് കരുതിയിരുന്നതെങ്കിലും സൂക്ഷ്മപരിശോധനയിൽ അതൊരു ആൺചിലന്തിയാണെന്ന് കണ്ടെത്തുകയായിരുന്നു.

ഓസ്‌ട്രേലിയൻ മ്യൂസിയത്തിന്റെ കണക്കുകൾപ്രകാരം, ഒരു ഫണൽ-വെബ് ചിലന്തിയുടെ ശരാശരി നീളം 1 മുതൽ 5 സെന്റീമീറ്റർ വരെയാണ്. ആൺചിലന്തികൾ സാധാരണയായി പെൺചിലന്തികളെക്കാൾ ചെറുതാണ്.

അട്രാക്‌സ് റോബസ്റ്റസ് എന്നാണ് കടുത്തവിഷമുള്ള ഈ ചിലന്തികളുടെ ശാസ്ത്രീയനാമം. ആൺചിലന്തികൾക്കും പെൺചിലന്തികൾക്കും വിഷമുണ്ടെങ്കിലും ആൺചിലന്തികളുടെ വിഷത്തിലുള്ള ഒരു പ്രത്യേകതരം ന്യൂറോടോക്‌സിൻ ഇവയ്ക്കു തീവ്രത കൂട്ടുന്നു. മനുഷ്യരുൾപ്പെടെ ജീവികളിൽ കടുത്ത വേദന ഉളവാക്കാൻ ഈ വിഷം മതിയാകും.

ആൺചിലന്തികളുടെ കടിയേറ്റാണ് ഏറ്റവും കൂടുതൽ മരണങ്ങൾ നടന്നിട്ടുള്ളത്. 1981ലാണ് ഓസ്‌ട്രേലിയൻ റെപ്‌റ്റൈൽ പാർക്കിൽ പ്രതിവിഷ പദ്ധതി നടപ്പാക്കിയത്. ഗ്ലാസ് ഉപരിതലത്തിൽ ചിലന്തികളെക്കൊണ്ട് കടിപ്പിച്ച് അവയിൽ നിന്നു വമിക്കുന്ന വിഷം ശേഖരിക്കുകയാണ് പാർക്ക് അധികൃതർ ചെയ്യുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.