തിരുവനന്തപുരം: ആര്‍ച്ച് ബിഷപ് ഡോ. എം. സൂസപാക്യം പ്രധാന ചുമതലകളില്‍ നിന്ന് ഒഴിയുന്നു. ഇതിന്റെ ഭാഗമായി സാമ്പത്തിക കാര്യങ്ങളില്‍ ഉള്‍പ്പെടെ തീരുമാനം എടുക്കുന്ന ചുമതല താല്‍ക്കാലികമായി സഹായ മെത്രാന്‍ ഡോ.ആര്‍. ക്രിസ്തുദാസിനു കൈമാറി. മാര്‍ച്ച് മാസം 11ന് 75 വയസ് പൂര്‍ത്തിയാകുന്ന സാഹചര്യത്തില്‍ ആരോഗ്യസ്ഥിതി കൂടി കണക്കിലെടുത്താണ് ആര്‍ച്ച് ബിഷപ്പിന്റെ തീരുമാനം.
അതിരൂപതയിലെ വൈദികര്‍ക്ക് അയച്ച കത്തില്‍ ആര്‍ച്ച് ബിഷപ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. മാര്‍ച്ച് 10 മുതല്‍ താന്‍ അതിരൂപതാ മന്ദിരത്തില്‍നിന്ന് അതിരൂപതാ സെമിനാരിയിലേക്കു താമസം മാറ്റുകയാണെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. കോവിഡ് മുക്തനായി വിശ്രമിക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹം ഇങ്ങനെയൊരു തീരുമാനം എടുത്തതെന്ന് അതിരൂപതാ അധികൃതര്‍ വ്യക്തമാക്കി.
ആര്‍ച്ച് ബിഷപ്പിന് 75 വയസ് പൂര്‍ത്തിയാകുമ്പോള്‍ അതിരൂപതയിലെ തുടര്‍ഭരണ സംവിധാനം എന്തായിരിക്കണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് മാര്‍പ്പാപ്പയാണ്. എത്രയും വേഗം വ്യക്തമായ പ്രഖ്യാപനം ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായി ആര്‍ച്ച് ബിഷപ്പിന്റെ കത്തില്‍ പറയുന്നു. ആര്‍ച്ച് ബിഷപ്പിന്റെ ചുമതലയില്‍ നിന്നു പരിശുദ്ധ സിംഹാസനം തന്നെ ഒഴിവാക്കുന്നതു വരെ സഹായ മെത്രാന്‍ എടുക്കുന്ന തീരുമാനങ്ങളുടെയെല്ലാം ഉത്തരവാദിത്തം തനിക്കായിരിക്കും.
വികാരി ജനറലും മറ്റ് ഉത്തരവാദിത്തപ്പെട്ടവരും കൂടെയുള്ളപ്പോള്‍ എല്ലാം മുറ പോലെ നടക്കുമെന്നു പ്രതീക്ഷിക്കുന്നു. തനിക്ക് 75 വയസ് ആകുമ്പോള്‍ തുടര്‍ സംവിധാനം എന്തെന്നുള്ള ആകാംക്ഷ സ്വാഭാവികമാണ്. ഇക്കാര്യം താന്‍ പലവട്ടം മേലധികാരികളെ അറിയിച്ചിരുന്നു. ഇക്കാര്യത്തില്‍ സഭാധികാരികളെ നിര്‍ബന്ധിക്കാനാവില്ല. ദീര്‍ഘമായ കാലയളവിനെയും തുടര്‍ച്ചയായ ചികിത്സയെയും കണക്കിലെടുക്കേണ്ടതു തന്റെ കടമയാണ്.
ആരോടും മനഃപൂര്‍വം അന്യായമായി പെരുമാറിയിട്ടില്ല. എല്ലാവരെയും പ്രീതിപ്പെടുത്താനും സാധിക്കില്ല. നിയമാനുസൃത പരിധിയില്‍ നിന്നു പ്രവര്‍ത്തിക്കാനും ശ്രദ്ധിച്ചിട്ടുണ്ട്. ഇന്നത്തെ സാഹചര്യത്തില്‍ കാര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനാണ് സഹായ മെത്രാനെ ചുമതല ഏല്‍പ്പിക്കുന്നതെന്നും ആര്‍ച്ച് ബിഷപ്പ് കത്തില്‍ വ്യക്തമാക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.