കാലിഫോൺണിയ: ഹോളിവുഡ് സിനിമാ വ്യവസായ തലസ്ഥാനമായ ലോസ് ആഞ്ചലസിൽ ആറ് ദിവസമായി സംഹാരതാണ്ഡവമാടുന്ന ഈറ്റൺ, പാലിസേഡ്‌സ് കാട്ടുതീകളിൽ മരണം 24 ആയി. ഇനിയും മരണ സംഖ്യ ഉയർന്നേക്കുമെന്നാണ് മുന്നറിയിപ്പ്. നായ്ക്കളെ ഉപയോഗിച്ച് രക്ഷാപ്രവർത്തകർ ആളുകൾക്കായി തിരച്ചിൽ നടത്തുന്നുണ്ട്.
തീ ആളിപ്പടരാൻ ഇടയാക്കിയ വരണ്ടകാറ്റായ സാന്റ ആന 24 മണിക്കൂറിനകം ശക്തി പ്രാപിക്കുമെന്നാണ് ലോസ് ആഞ്ചലസ് കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ചൊവ്വാഴ്ചയും ബുധനാഴ്ചയും മണിക്കൂറിൽ 112 കിലോമീറ്റർവരെ വേഗമുള്ള കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ നിയന്ത്രിക്കൽ ശ്രമകരമാവും. ഹോളിവുഡ് ഹിൽസിന്റെയും ജനനിബിഡമായ സാൻ ഫെർണാണ്ടോ താഴ്വരയുടെയും മറ്റുഭാഗങ്ങളിലേക്ക് പാലിസേഡ്സ് തീ പടരുമെന്നതാണ് ആശങ്ക.
കാറ്റ് ശക്തിപ്രാപിക്കും മുൻപ് കാന്യൺ മേഖലയിലെ പാലിസേഡ്‌സ് തീ അണയ്ക്കുന്നതിലാണ് ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്ന് അഗ്നിശമന ഓപ്പറേഷൻസ് മേധാവി ക്രിസ്റ്റ്യൻ ലിറ്റ്‌സ് പറഞ്ഞു. ഇവിടെ നിന്ന് പ്രസിദ്ധമായ കാലിഫോർണിയ സർവകലാശാലയിലേക്ക് അധികം ദൂരമില്ല.
തെക്കൻ കാലിഫോർണിയ മേഖലയിൽ ഇപ്പോൾ 14,000 അഗ്നിശമന സേനാംഗങ്ങളും 84 വിമാനങ്ങളുടെയും 1,354 ഫയർ എഞ്ചിനുകളും രാപകലെന്യേ പ്രവർത്തിക്കുന്നുണ്ട്. ഏകദേശം 105,000 താമസക്കാർ നിർബന്ധിത ഒഴിപ്പിക്കൽ ഉത്തരവുകൾ കൊടുത്തിട്ടുണ്ട്. കാനഡ, മെക്സിക്കോ എന്നിവിടങ്ങളിൽ നിന്ന് അഗ്നിശമന സേന സംഘങ്ങൾ ഇപ്പോഴും എത്തുന്നുണ്ട്. കത്തിയ വീടുകളിൽ നിന്നും മോഷണം നടത്തുന്ന നിരവധിപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
രാജ്യം യുദ്ധാന്തരീക്ഷം അഭിമുഖീരിക്കുകയാണെന്ന് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. അചിന്തനീയവും ഭീതിതവുമായ മറ്റൊരു രാത്രിയെയാണ് ശനിയാഴ്ച ലോസ് ആഞ്ചലസുകാർ അഭിമുഖീകരിച്ചതെന്ന് കൗണ്ടി സൂപ്പർവൈസർ ലിൻഡ്‌സെ ഹൊർവാത് പറഞ്ഞു. വിഷപ്പുക വമിക്കുന്നതിനാൽ വീടുകളിൽ തുടരാൻ ലോസ് ആഞ്ചലസുകാർക്ക് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.