താലിബാൻ ഭരണകൂടം സ്ത്രീകളെ മനുഷ്യരായി കാണുന്നില്ല; രാജ്യത്ത് മാറ്റങ്ങൾ കൊണ്ടുവരണം: മലാല

താലിബാൻ ഭരണകൂടം സ്ത്രീകളെ മനുഷ്യരായി കാണുന്നില്ല; രാജ്യത്ത് മാറ്റങ്ങൾ കൊണ്ടുവരണം: മലാല

ഇസ്ലാമാബാദ് : അഫ്​ഗാനിസ്ഥാനിൽ സ്ത്രീകളുടെയും പെൺകുട്ടികളുടെയും വിദ്യാഭ്യാസം നിഷേധിക്കുന്ന താലിബാനെതിരെ രം​ഗത്തിറങ്ങണമെന്ന് മുസ്ലീം നേതാക്കളോട് ആഹ്വാനം ചെയ്ത് നോബൽ സമ്മാന ജേതാവ് മലാല യൂസഫ് സായി. ഇസ്ലാമാബാദിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിയെക്കുറിച്ച് ചർച്ച ചെയ്യാൻ ഒത്തുകൂടിയ പ്രതിനിധികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മലാല.

അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം സ്ത്രീകളെ മനുഷ്യരായി കാണുന്നില്ല. അഫ്ഗാനിസ്ഥാനിലെ താലിബാൻ സർക്കാരിനെയും പെൺകുട്ടികൾക്കും സ്ത്രീകൾക്കും വേണ്ടിയുള്ള അവരുടെ അടിച്ചമർത്തൽ നയങ്ങളെയും വെല്ലുവിളിക്കാനും രാജ്യത്ത് മാറ്റങ്ങൾ കൊണ്ടുവരാനും മലാല യൂസഫ്‌സായ് മുസ്ലീം നേതാക്കളോട് അഭ്യർഥിച്ചു. പെൺകുട്ടികൾക്കും സ്ത്രീകൾക്കും വിദ്യാഭ്യാസവും ജോലിയും തടയുന്നതുൾപ്പെടെയുള്ള താലിബാന്റെ നയങ്ങളിൽ ഇസ്ലാമികമായി ഒന്നുമില്ല എന്നും മലാല പറഞ്ഞു.

“താലിബാൻ സർക്കാർ വീണ്ടും ലിംഗാധിഷ്ഠിത വിവേചനം സൃഷ്ടിച്ചു. തങ്ങളുടെ യുക്തിരഹിതവും അവ്യക്തവുമായ നിയമങ്ങൾ ലംഘിക്കാൻ ധൈര്യപ്പെടുന്ന സ്ത്രീകളെയും പെൺകുട്ടികളെയും മർദിച്ചും തടങ്കലിൽ വച്ചും ഉപദ്രവിച്ചും താലിബാൻ ശിക്ഷിക്കുകയാണ്. സർക്കാർ അവരുടെ കുറ്റകൃത്യങ്ങളെ സാംസ്കാരികവും മതപരവുമായ കാരണങ്ങൾ നിരത്തി ന്യായീകരിക്കുകയാണ്” – മലാല കുറ്റപ്പെടുത്തി.

അതേസമയം മലാലയുടെ പരാമർശങ്ങളിൽ പ്രതികരിക്കാൻ താലിബാൻ സർക്കാർ വിസമ്മതിച്ചു. പാക്കിസ്ഥാൻ സംഘടിപ്പിച്ച ഉച്ചകോടിയിലേക്ക് താലിബാൻ നേതാക്കൾക്ക് ക്ഷണമുണ്ടായിരുന്നുവെങ്കിലും അവർ പങ്കെടുത്തില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.