വെടിനിര്‍ത്തല്‍ കരാര്‍ അന്തിമഘട്ടത്തിലേക്ക്: ഇന്ന് നിര്‍ണായക ചര്‍ച്ച; കരട് കരാര്‍ ഇസ്രയേലിനും ഹമാസിനും കൈമാറി

വെടിനിര്‍ത്തല്‍ കരാര്‍ അന്തിമഘട്ടത്തിലേക്ക്: ഇന്ന് നിര്‍ണായക ചര്‍ച്ച; കരട് കരാര്‍ ഇസ്രയേലിനും ഹമാസിനും കൈമാറി

ദോഹ: ഗാസയിലെ വെടിനിര്‍ത്തല്‍ സംബന്ധിച്ച് ദോഹയില്‍ ഇന്ന് അന്തിമ ചര്‍ച്ച നടക്കും. നിയുക്ത യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മിഡില്‍ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ജോ ബൈഡന്റെ പ്രതിനിധി ബ്രെറ്റ് മക്ഗുര്‍ക്ക്, മൊസാദ് മേധാവി ഡേവിഡ് ബാര്‍ണിയ, ഷിന്‍ ബെറ്റ് മേധാവി റോണന്‍ ബാര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.

അനുകൂല പ്രതികരണങ്ങളാണ് ഇതുവരെയുള്ള ചര്‍ച്ചകളില്‍ ഉണ്ടായിട്ടുള്ളതെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വെടി നിര്‍ത്തലും ബന്ദി കൈമാറ്റവും സംബന്ധിച്ച കരട് കരാര്‍ മധ്യസ്ഥരായ ഖത്തര്‍ ഇസ്രയേലിനും ഹമാസിനും കൈമാറിയിട്ടുണ്ട്. യുഎസ് പ്രസിഡന്റ് ആയി ഡൊണാള്‍ഡ് ട്രംപ് അധികാരം ഏല്‍ക്കുന്നതിന് മുന്‍പ് തന്നെ അന്തിമകരാര്‍ ഉണ്ടാകുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

കരാര്‍ പ്രകാരം ആദ്യ ഘട്ടത്തില്‍ ഹമാസ് ബന്ദികളാക്കിയ 33 പേരെ ഇസ്രയേലിന് കൈമാറണം. കുട്ടികളും സ്ത്രീകളും പ്രായമായവരും ഇക്കൂട്ടത്തില്‍ ഉണ്ട്. ഇവരെല്ലാവരും ജീവനോടെ ഉണ്ടെന്നാണ് ഇസ്രയേല്‍ വിലയിരുത്തല്‍. അതേസമയം ഹമാസ് ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രതികരണങ്ങള്‍ നടത്തിയിട്ടില്ല.
ആദ്യ ഘട്ടം ആസൂത്രണം ചെയ്തത് പോലെ നടന്നാല്‍ പതിനാറാം ദിവസം രണ്ടാം ഘട്ട ചര്‍ച്ചകള്‍ നടക്കും. അവശേഷിക്കുന്ന ബന്ദികളെ ഈ ഘട്ടത്തിലായിരിക്കും കൈമാറുക. സൈനികരും പുരുഷ ബന്ദികളെയുമാണ് രണ്ടാം ഘട്ടത്തില്‍ മോചിപ്പിക്കുക. മാത്രമല്ല മരിച്ച ബന്ദികളുടെ മൃതദേഹങ്ങളും കൈമാറും. കൂടാതെ സൈന്യത്തെ പിന്‍വലിക്കാനും തീരുമാനം ഉണ്ടാകും. വിവിധ ഘട്ടങ്ങളിലായിട്ടായിരിക്കും പിന്‍മാറ്റം.

ഗാസയുടെ തെക്കേ അറ്റത്തുള്ള ഫിലാഡല്‍ഫി ഇടനാഴിയിലും സുരക്ഷാ നടപടികള്‍ കൈക്കൊള്ളും. കരാര്‍ നിലവില്‍ വന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സൈന്യം പിന്‍വാങ്ങും. നിരായുധരായ വടക്കന്‍ ഗാസയില്‍ ഉള്ള പൗരന്‍മാരെ മടങ്ങിപ്പോകാന്‍ അനുവദിക്കും. ഇവര്‍ ആയുധങ്ങള്‍ കൊണ്ടുപോകുന്നില്ലെന്ന് ഉറപ്പാക്കും. മധ്യ ഗാസയിലെ നെറ്റ്‌സാരിം ഇടനാഴിയില്‍ നിന്നും ഇസ്രയേല്‍ സൈന്യവും പിന്‍വാങ്ങും.

കൊലപാതകം അടക്കമുള്ള മാരക കുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട പാലസ്തീന്‍ തീവ്രവാദികളെ മോചിപ്പിക്കും. എന്നാല്‍ ബന്ദികളില്‍ എത്ര പേര്‍ ജീവനോടെ ഉണ്ടെന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും ഇത്. ഈ കണക്കുകള്‍ ഇപ്പോഴും പുറത്തുവന്നിട്ടില്ല. ഇവരെ വെസ്റ്റ് ബാങ്കിലേക്ക് വിടില്ല.

അതേസമയം ഒക്ടോബര്‍ ഏഴിന് ഇസ്രായേലിനെതിരായ ആക്രമണത്തില്‍ കുറ്റക്കാരായവരെ വിട്ടയക്കില്ല. ഗാസ മുനമ്പിലേക്ക് കൂടുതല്‍ സഹായങ്ങള്‍ എത്തിക്കും. എന്നാല്‍ ഗാസ മുനമ്പിന്റെ അധികാരം ആര്‍ക്കെന്നത് സംബന്ധിച്ച കാര്യത്തില്‍ അവ്യക്തത തുടരുകയാണ്. നിലവിലെ ചര്‍ച്ചകളില്‍ ഇത് സംബന്ധിച്ചുള്ള പ്രതികരണങ്ങള്‍ ഉണ്ടായിട്ടില്ലെന്നാണ് സൂചന.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.