'അതി സമ്പന്നരായ 'പ്രഭുവര്‍ഗ'ത്തിലേക്ക് അധികാര കേന്ദ്രീകരണം; ഇത് അപകടകരമായ അവസ്ഥ': വിരമിക്കല്‍ പ്രസംഗത്തില്‍ ബൈഡന്റെ മുന്നറിയിപ്പ്

'അതി സമ്പന്നരായ 'പ്രഭുവര്‍ഗ'ത്തിലേക്ക് അധികാര കേന്ദ്രീകരണം; ഇത് അപകടകരമായ അവസ്ഥ': വിരമിക്കല്‍ പ്രസംഗത്തില്‍  ബൈഡന്റെ മുന്നറിയിപ്പ്

വാഷിങ്ടണ്‍: അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേല്‍ക്കാനിരിക്കെ രാജ്യത്ത് വരാന്‍ പോകുന്നത് 'അപകടകരമായ അധികാര കേന്ദ്രീകരണ'മാണെന്ന് സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ജോ ബൈഡന്റെ മുന്നറിയിപ്പ്. ഇന്നലെ നടന്ന യാത്രയയപ്പ് ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദേഹം.

അമേരിക്കയിലെ അതി സമ്പന്നരായ ഏതാനും ആളുകളുടെ കൈകളിലേയ്ക്ക് അപകടകരമായ വിധത്തില്‍ അധികാരം കേന്ദ്രീകരിക്കപ്പെടുകയാണെന്ന് ബൈഡന്‍ ചൂണ്ടിക്കാട്ടി. അവരുടെ അധികാര ദുര്‍വിനിയോഗം നിയന്ത്രിക്കപ്പെട്ടില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് ബൈഡന്‍ പറഞ്ഞു.

അമേരിക്കയില്‍ അതിരുകടന്ന സമ്പത്തിന്റെയും അധികാരത്തിന്റെയും സ്വാധീനത്തിലുള്ള ഒരു പ്രഭുവര്‍ഗം രൂപപ്പെടുകയാണ്. നമ്മുടെ ജനാധിപത്യത്തിനും അടിസ്ഥാന അവകാശങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനും അക്ഷരാര്‍ത്ഥത്തില്‍ ഭീഷണി ഉയര്‍ത്തുന്നതാണതെന്നും ബൈഡന്‍ വ്യക്തമാക്കി.

രാജ്യത്ത് വേരുറപ്പിക്കുന്ന അതി സമ്പന്നരുടെ 'പ്രഭുവര്‍ഗം' അമേരിക്കന്‍ ജനതയുടെ അവകാശങ്ങളെയും ജനാധിപത്യത്തിന്റെ ഭാവിയെയും അപകടത്തിലാക്കുന്ന 'ടെക്-ഇന്‍ഡസ്ട്രിയല്‍ കോംപ്ലക്സ്' ആണെന്നും ജോ ബൈഡന്‍ അഭിപ്രായപ്പെട്ടു.

അമേരിക്കയുടെ 34-ാമത് പ്രസിഡന്റ് ആയിരുന്ന ഡൈ്വറ്റ് ഐസന്‍ ഹോവര്‍ 1961 ല്‍ വിരമിക്കവെ 'മിലിറ്ററി ഇന്‍ഡസ്ട്രിയല്‍ കോംപ്ലക്സിനെ' കുറിച്ച് നല്‍കിയ മുന്നറിയിപ്പുകളെപ്പറ്റിയും ജോ ബൈഡന്‍ പരാമര്‍ശിച്ചു.

'നമ്മുടെ രാജ്യത്തിന് അപകടങ്ങള്‍ സൃഷ്ടിച്ചേക്കാവുന്ന ഒരു ടെക് ഇന്‍ഡസ്ട്രിയല്‍ കോംപ്ലക്സിന്റെ ഉയര്‍ച്ചയെക്കുറിച്ച് എനിക്ക് ആശങ്കയുണ്ട്'- രാജ്യത്തെ അഭിസംബോധന ചെയ്യവെ അദേഹം പറഞ്ഞു.

സ്പേസ്എക്സ്, ടെസ്ല എന്നിവയുടെ മേധാവിയായ ഇലോണ്‍ മസ്‌ക് അടക്കമുള്ള ലോകത്തിലെ ഏറ്റവും ധനികരായ ചില വ്യക്തികളും ടെക് വ്യവസായ പ്രമുഖരും ഡൊണാള്‍ഡ് ട്രംപിനെ പിന്തുണച്ചിരുന്നു.

ട്രംപിന്റെ  തിരഞ്ഞെടുപ്പിനായി  ഇലോണ്‍ മസ്‌ക് 100 മില്യണ്‍ ഡോളറിലധികം ചെലവഴിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. തിങ്കളാഴ്ചയാണ് അമേരിക്കന്‍ പ്രസിഡന്റായി ട്രംപ് സത്യപ്രതിജ്ഞ ചെയ്യുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.