സ്റ്റുഡന്റ് വിസയിലെത്തി യു.എസിലേക്ക് കടക്കുന്നു; 20,000 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പഠനം ഉപേക്ഷിച്ചതായി കനേഡിയന്‍ സര്‍ക്കാര്‍

സ്റ്റുഡന്റ് വിസയിലെത്തി യു.എസിലേക്ക് കടക്കുന്നു; 20,000 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പഠനം ഉപേക്ഷിച്ചതായി കനേഡിയന്‍ സര്‍ക്കാര്‍

വിദ്യാര്‍ഥികള്‍ പഠന അനുമതികള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വര്‍ഷത്തില്‍ രണ്ട് തവണ എന്റോള്‍മെന്റ് നടത്തി റിപ്പോര്‍ട്ട് ചെയ്യണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം.

ഒട്ടാവ: സ്റ്റുഡന്റ് വിസ വഴി കാനഡയില്‍ എത്തുന്ന വിദ്യാര്‍ഥികള്‍ അനധികൃതമായി അമേരിക്കയിലേക്ക് കടക്കുന്നതായി കനേഡിയന്‍ ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് വിഭാഗത്തിന്റെ റിപ്പോര്‍ട്ട്.

കഴിഞ്ഞ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ കാനഡയിലെ കോളജുകളിലും സര്‍വകലാശാലകളിലുമായി ഏകദേശം 50,000 വിദ്യാര്‍ഥികള്‍ പഠനം മുടക്കിയതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അതില്‍ നല്ലൊരു ഭാഗവും ഇന്ത്യന്‍ വിദ്യാര്‍ഥികളാണ്. ഇരുപതിനായിരം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഇത്തരത്തില്‍ പഠനം ഉപേക്ഷിച്ചതായി കനേഡിയന്‍ സര്‍ക്കാരിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

144 രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ കണക്ക് ശേഖരിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഫിലിപ്പീന്‍സില്‍ നിന്നുള്ള 688 വിദ്യാര്‍ഥികളും ചൈനക്കാരായ 4,279 പേരും പഠനം ഉപേക്ഷിച്ചു. ഇതോടെ കോളജുകളുടെ പ്രവര്‍ത്തനം കര്‍ശന നിരീക്ഷണത്തിലാക്കാന്‍ കനേഡിയന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

വിദ്യാര്‍ഥികള്‍ പഠന അനുമതികള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വര്‍ഷത്തില്‍ രണ്ട് തവണ എന്റോള്‍മെന്റ് നടത്തി റിപ്പോര്‍ട്ട് ചെയ്യണമെന്നും നിര്‍ദേശമുണ്ട്. എന്റോള്‍മെന്റ് റിപ്പോര്‍ട്ട് നല്‍കാത്ത സ്ഥാപനങ്ങള്‍ക്ക് പിഴ ഉള്‍പ്പെടെ കര്‍ശനമായ നിയമങ്ങള്‍ ഇമിഗ്രേഷന്‍ മന്ത്രി മാര്‍ക്ക് മില്ലര്‍ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

കാനഡ-യു.എസ് അതിര്‍ത്തിയിലൂടെ അനധികൃത കുടിയേറ്റം സുഗമമാക്കുന്നതിന് കനേഡിയന്‍ കോളജുകളും ഇന്ത്യയിലെ കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങളും തമ്മില്‍ ഇടപാടുകള്‍ ഉണ്ടെന്നാണ് പുറത്തു വരുന്ന വിവരം. ഇത്തരം സ്ഥാപനങ്ങളെക്കുറിച്ച് ഇന്ത്യന്‍ സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.